ഇന്ത്യ x പാക് പോരാട്ടം ഇന്ന്
Sunday, October 6, 2024 12:55 AM IST
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ദുബായിലാണ് ഈ ചിരവൈരിപ്പോരാട്ടം അരങ്ങേറുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യക്കിന്നു ജയം അനിവാര്യം.
കാരണം, ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് ഇന്ത്യ 58 റണ്‍സിന്റെ തോൽവി വഴങ്ങിയിരുന്നു. അതേസമയം, ശ്രീലങ്കയ്ക്കെതിരായ ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ 31 റണ്‍സിനു ജയിച്ചു. നിലവിൽ ഗ്രൂപ്പ് എ പോയിന്റ് ടേബിളിൽ ഇന്ത്യ ഏറ്റവും പിന്നിലാണ്. ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ ടീമുകൾ രണ്ടു പോയിന്റു വീതവുമായി ആദ്യ മൂന്നു സ്ഥാനങ്ങളിലുണ്ട്.
ജയം അനിവാര്യം
രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്കു മുന്നേറുക. അതിനാൽ ഇന്നു ജയിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യൻ വനിതകൾക്കു സാധിക്കാതെവരും. സ്മൃതി മന്ദാന അടക്കമുള്ള ഇന്ത്യൻ ബാറ്റിംഗ് ഉണരേണ്ട അവസ്ഥയാണെന്നു ചുരുക്കം.
ചരിത്രം ഇന്ത്യക്കൊപ്പം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇതുവരെ 15 ട്വന്റി-20 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 12 എണ്ണത്തിൽ ഇന്ത്യ ജയം സ്വന്തമാക്കി, പാക്കിസ്ഥാൻ മൂന്നു മത്സരങ്ങളിലും.
2024 ഏഷ്യ കപ്പിലായിരുന്നു ഇരു ടീമും ഏറ്റവും അവസാനമായി മുഖാമുഖമിറങ്ങിയത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചു. 2022 ഏഷ്യ കപ്പിലാണ് പാക്കിസ്ഥാൻ അവസാനമായി ഇന്ത്യയെ തോൽപ്പിച്ചത്.
വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഏഴു തവണ ഏറ്റുമുട്ടി. അതിൽ 5-2ന് ഇന്ത്യക്കാണു വിജയ മുൻതൂക്കം.