വനിതാ ട്വന്റി-20 ലോകകപ്പ് : ഓസീസ് ആധിപത്യം
Sunday, October 6, 2024 12:55 AM IST
ഷാർജ: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയയ്ക്ക് ആധികാരിക ജയം. നിലവിലെ ചാന്പ്യന്മാരായ ഓസീസ് 34 പന്തുകൾ ബാക്കിനിൽക്കേ നാലു വിക്കറ്റിനു ശ്രീലങ്കയെ കീഴടക്കി, ഏഴാം ലോകകപ്പ് പ്രതീക്ഷിച്ചെത്തിയ ഓസീസിന്റെ മികച്ച തുടക്കം.
ടോസ് നേടി ശ്രീലങ്ക ആദ്യം ക്രീസിലെത്തി. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 93 റണ്‍സായിരുന്നു ലങ്കയുടെ സന്പാദ്യം. 14.2 ഓവറിൽ ഓസീസ് നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 94 റണ്‍സ് അടിച്ചെടുത്തു ജയം സ്വന്തമാക്കി. നാല് ഓവറിൽ 12 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ മേഗണ് ഷട്ടാണ് പ്ലെയർ ഓഫ് ദ മാച്ച്.
അഞ്ചാം നന്പറായി ക്രീസിലെത്തിയ നീലക്ഷിക സിൽവയാണ് (40 പന്തിൽ 29 നോട്ടൗട്ട്) ശ്രീലങ്കയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയയുടെ മറുപടി വേഗത്തിലായിരുന്നു. 38 പന്തിൽ 43 റണ്‍സുമായി പുറത്താകാതെനിന്ന ബേത് മൂണിയായിരുന്നു പ്രത്യാക്രമണം നയിച്ചത്.
ഇംഗ്ലീഷ് സ്റ്റൈല്‍
ഷാര്‍ജ: ഐസിസി ട്വന്റി-20 വനിതാ ക്രിക്കറ്റ് ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനു ജയം. ബംഗ്ലാദേശിനെ 21 റണ്‍സിന് ഇംഗ്ലണ്ട് കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി. ബംഗ്ലാദേശിന്റെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 97 വരെയേ എത്തിയുള്ളൂ.