മെസി മാനിയ; മയാമിക്കു രണ്ടാം ട്രോഫി
Friday, October 4, 2024 3:45 AM IST
ഒഹിയൊ: അമേരിക്കൻ മേജർ ലീഗ് സോക്കർ (എംഎൽഎസ്) സപ്പോർട്ടേഴ്സ് ഷീൽഡ് ലയണൽ മെസിയുടെ ഇന്റർ മയാമി സ്വന്തമാക്കി. ലീഗിൽ കൊളംബസ് ക്രൂവിനെതിരേ 3-2ന്റെ ജയം സ്വന്തമാക്കിയതോടെയാണ് സപ്പോർട്ടേഴ്സ് ഷീൽഡ് ട്രോഫി ഇന്റർ മയാമി ഉറപ്പിച്ചത്.
കൊളംബസിനെതിരേ മെസിയുടെ ഇരട്ടഗോളിന്റെ ബലത്തിൽ ആദ്യപകുതിയിൽ ഇന്റർ മയാമി 2-0ന്റെ ലീഡ് നേടിയിരുന്നു. 45, 45+5 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. 45+5-ാം മിനിറ്റിലെ ഗോൾ മെസി ഫ്രീകിക്കിലൂടെയായിരുന്നു വലയിലാക്കിയത്. എന്നാൽ, രണ്ടാം പകുതി തുടങ്ങി 20-ാം സെക്കൻഡിൽ കൊളംബസ് ക്രൂ ഒരു ഗോൾ മടക്കി. എന്നാൽ, 48-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ഇന്റർ മയാമി ലീഡ് ഉയർത്തി. 61-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കൊളംബസ് ക്രൂ ഒരു ഗോൾകൂടി മടക്കി മത്സരത്തിലേക്കു തിരിച്ചുവരാനുള്ള ശ്രമം നടത്തി. എന്നാൽ, 63-ാം മിനിറ്റിൽ റൂഡി കാമാച്ചൊ ചുവപ്പുകാർഡ് കണ്ടതോടെ അവരുടെ അംഗബലം കുറഞ്ഞു, തോൽവി സമ്മതിച്ചു.
2024 സീസണ് എംഎൽഎസിൽ 32 മത്സരങ്ങളിൽനിന്ന് 68 പോയിന്റായി ഇന്റർ മയാമിക്ക്. ഈസ്റ്റേണ്‍ കോണ്‍ഫറൻസിലാണ് ഇന്റർ മയാമി. വെസ്റ്റേണ്‍ കോണ്‍ഫറൻസിലെ ഒന്നാം സ്ഥാനക്കാരായ ലോസ് ആഞ്ചലസ് ഗാലക്സിക്കു 32 മത്സരങ്ങളിൽ 61 പോയിന്റേയുള്ളൂ. 34 മത്സരങ്ങളുള്ള ലീഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ എല്ലാം ഇന്റർ മയാമി പരാജയപ്പെട്ടാലും ലോസ് ആഞ്ചലസ് ജയിച്ചാലും മെസിയുടെയും സംഘത്തിന്റെയും ഒന്നാം സ്ഥാനത്തിന് ഇളക്കം സംഭവിക്കില്ല.
മയാമിക്കു രണ്ട്, മെസിക്കു 46
2018ൽ രൂപീകൃതമായ ഇന്റർ മയാമിയുടെ ചരിത്രത്തിലെ രണ്ടാം ട്രോഫിയാണ് 2024 എംഎൽഎസ് സപ്പോർട്ടേഴ്സ് ഷീൽഡ്. 2023 ലീഗ്സ് കപ്പായിരുന്നു ആദ്യ ട്രോഫി. ഈ രണ്ടു ട്രോഫികളും ലയണൽ മെസി എത്തിയശേഷമാണ് ഇന്റർ മയാമി സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. അതേസമയം, മെസിയുടെ ഫുട്ബോൾ കരിയറിലെ 46-ാം ട്രോഫിയാണ് 2024 സീസണ് എംഎൽഎസ് സപ്പോർട്ടേഴ്സ് ഷീൽഡ്.
സപ്പോർട്ടേഴ്സ് ഷീൽഡ്
ഈസ്റ്റ് (15), വെസ്റ്റ് കോണ്‍ഫറൻസുകളിലായി (14) ആകെ 29 ടീമുകളാണ് 2024 സീസണ് മേജർ ലീഗ് സോക്കറിൽ കളിക്കുന്നത്. രണ്ട് കോണ്‍ഫറൻസിലെയും മുഴുവൻ ടീമുകളും നേർക്കുനേർ ഏറ്റുമുട്ടുന്നില്ല. എന്നാൽ, ഇരു കോണ്‍ഫറൻസിലെയും ആകെയുള്ള ടീമുകളിൽ ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്കാണ് എംഎൽഎസ് സപ്പോർട്ടേഴ്സ് ഷീൽഡ് ലഭിക്കുക.
പ്ലേ ഓഫ് റൗണ്ടിലൂടെയാണ് എംഎൽഎസ് കപ്പ് ആർക്കെന്നു നിശ്ചയിക്കുന്നത്. അതായത്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ ചാന്പ്യൻഷിപ്പും ഐഎസ്എൽ കപ്പും ഉള്ളതുപോലെ.