എട്ടു നിലയിൽ പൊട്ടി
Friday, October 4, 2024 3:45 AM IST
ലണ്ടൻ/ലിസ്ബണ്‍: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ലീഗ് റൗണ്ടിൽ വന്പന്മാർ എട്ടുനിലയിൽ പൊട്ടി. നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡിനെ ഫ്രഞ്ച് ക്ലബ് ലില്ല അട്ടിമറിച്ചു. ജർമൻ ശക്തിയായ ബയേണ്‍ മ്യൂണിക്, സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളും രണ്ടാം റൗണ്ട് പോരാട്ടത്തിൽ തോൽവി രുചിച്ചു.
37ൽ റയലിനെ വീഴ്ത്തി
തുടർച്ചയായ 36 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറിയ റയൽ മാഡ്രിഡിനു 37-ാം പോരാട്ടത്തിൽ കാലിടറി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോനാഥൻ ഡേവിഡ് (45+2’) ലില്ലയെ മുന്നിലെത്തിച്ചു. പകരക്കാരുടെ ബെഞ്ചിൽനിന്നു കിലിയൻ എംബപ്പെ, ലൂക്ക മോഡ്രിച്ച്, ആർദ ഗുലർ തുടങ്ങിയവരെയെല്ലാം കളത്തിലിറക്കിയെങ്കിലും ഗോൾ തിരിച്ചടിക്കാൻ റയലിനു സാധിച്ചില്ല.
ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയ്ക്കെതിരായ എവേ പോരാട്ടത്തിൽ 1-0നായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ തോൽവി. ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമായി 41 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള ബയേണ്‍ യാത്രയും ഇതോടെ അവസാനിച്ചു. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയുടെ തട്ടകത്തിൽ 4-0നായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ദയനീയ തോൽവി.
ലിവർ, യുവ
അതേസമയം, ലിവർപൂൾ 2-0നു ബൊലോഗ്നയെയും യുവന്റസ് 3-2നു ലൈപ്സിഗിനെയും തോൽപ്പിച്ചു. അലക്സിസ് മക് അല്ലിസ്റ്റർ (11’), മുഹമ്മദ് സല (75’) എന്നിവരാണ് ഗോൾ നേടിയത്.
ലീഗ് റൗണ്ടിലെ ആദ്യരണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഡോർട്ട്മുണ്ട്, ബ്രെസ്റ്റ്, ബെൻഫിക, ലെവർകൂസൻ, ലിവർപൂൾ, ആസ്റ്റണ്‍ വില്ല, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളാണ് ആദ്യ എട്ടു സ്ഥാനങ്ങളിൽ. ആദ്യ എട്ടു സ്ഥാനക്കാരാണ് നോക്കൗട്ടിലേക്കു നേരിട്ടു മുന്നേറുന്നത്. ബയേണ്‍, ബാഴ്സ, റയൽ ടീമുകൾ 15, 16, 17 സ്ഥാനങ്ങളിലാണ്.