വന്പന്മാർക്കു വൻജയം
Thursday, October 3, 2024 12:23 AM IST
ബാഴ്സലോണ/ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ സ്വന്തം കളത്തിൽ ആദ്യ ജയം സ്വന്തമാക്കി. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളിൽ ബാഴ്സ 5-0നു യംഗ് ബോയിസിനെ പരാജയപ്പെടുത്തി. ചാന്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സ 2-1ന് മോണക്കയോട് തോറ്റിരുന്നു. 8, 51 മിനിറ്റുകളിലാണ് ലെവൻഡോവ്സ്കിയുടെ ഗോളുകൾ.
പീരങ്കിപ്പടയോട്ടം
സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളിന് പാരീസ് സെന്റ് ജെർമയിനെ തകർത്തു. കെയ് ഹവാർട്സ് (20’), ബുകായോ സാക (35’) എന്നിവരാണ് ഗോൾ നേടിയത്. ആഴ്സണലിന്റെ ആദ്യ ജയമാണ്. ആദ്യ മത്സരം സമനിലയായിരുന്നു.
ബെയർ ലെവർകൂസന് തുടർച്ചയായ രണ്ടാം ജയം. വിക്ടർ ബോണിഫേസ് (51’) മിനിറ്റിൽ നേടിയ ഗോളിൽ ലെവർകൂസൻ ഏകപക്ഷീയമായ ഒരു ഗോളിന് എസി മിലാനെ തോൽപ്പിച്ചു.
ഹാട്രിക് നേടിയ കരീം അദെയെമിയുടെ മികവിൽ ബൊറൂസിയ ഡോർട്മുണ്ട് 7-1നു സെൽറ്റിക്കിനെ പരാജയപ്പെടുത്തി. 11, 29, 42 മിനിറ്റുകളിലാണ് അദെയെമിയുടെ ഗോളുകൾ. ഫ്രഞ്ച് ക്ലബ് ബ്രെസ്റ്റും രണ്ടാം ജയം നേടി. എവേ മത്സരത്തിൽ ബ്രെസ്റ്റ് 4-0ന് സാൽസ്ബർഗിനെ തോൽപ്പിച്ചു. ഇന്റർ മിലാൻ 4-0ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ തോൽപ്പിച്ചു.