ചെപ്പോക്കിൽ റിക്കാർഡ് വിക്കറ്റ് വീഴ്ച
Friday, September 20, 2024 11:17 PM IST
ചെന്നൈ: ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം പടപടേന്നു വിക്കറ്റുകൾ നിലംപൊത്തി. 17 വിക്കറ്റ് വീണ രണ്ടാംദിനം ജയത്തിലേക്കുള്ള ഉറച്ച ചുവടുകളുമായാണ് ഇന്ത്യ മൈതാനംവിട്ടത്. ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഒരുദിനം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ച എന്ന റിക്കാർഡും ഇന്നലെ കുറിക്കപ്പെട്ടു.
ആർ. അശ്വിൻ (118), രവീന്ദ്ര ജഡേജ (86) കൂട്ടുകെട്ടിനു രണ്ടാംദിനം അധികം ആയുസ് ഉണ്ടായിരുന്നില്ല. 339/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 376നു പുറത്തായി. ബംഗ്ലാദേശിന്റെ ബാറ്റിംഗ് അവസരമായപ്പോൾ ഇന്ത്യൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കു സാധിച്ചില്ല.
നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഈരണ്ടു വിക്കറ്റുമായി ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരും ചേർന്ന് ഇന്ത്യക്ക് 227 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നൽകി.
ഫോളോ ഓണിനു സന്ദർശകരെ അയയ്ക്കാതെ ക്രീസിലെത്തിയ ഇന്ത്യക്ക് രണ്ടാംദിനത്തിന്റെ ഫൈനൽ സെഷനിൽ മൂന്നു വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (5), സൂപ്പർ താരം വിരാട് കോഹ്ലി (17), യശസ്വി ജയ്സ്വാൾ (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. അന്പയറിന്റെ തെറ്റായ തീരുമാനത്തിലൂടെയായിരുന്നു കോഹ്ലിയുടെ ഔട്ട്. ശുഭ്മാൻ ഗില്ലും (33) ഋഷഭ് പന്തുമാണ് (12) ക്രീസിൽ.
അഞ്ചു വിക്കറ്റുമായി ഹസൻ മഹമൂദ്
102 റണ്‍സുമായി അശ്വിനും 86 റണ്‍സുമായി ജഡേജയും രണ്ടാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തി. ഒരു റണ്‍പോലും ചേർക്കാതെ ജഡേജ മടങ്ങി. 124 പന്തിൽ 86 റണ്‍സായിരുന്നു ജഡേജയുടെ സന്പാദ്യം. ഇന്നലെ 11 റണ്‍സ് നേടാനേ അശ്വിനു സാധിച്ചുള്ളൂ. 133 പന്തിൽ 113 റണ്‍സുമായി അശ്വിനും കൂടാരം കയറി. ആകാശ് ദീപ് 17ഉം ജസ്പ്രീത് ബുംറ ഏഴും റണ്‍സുമായി പുറത്തായതോടെ ഇന്ത്യയുടെ സ്കോർ 91.2 ഓവറിൽ 376ൽ അവസാനിച്ചു.
ബംഗ്ലാദേശിനുവേണ്ടി ഹസൻ മഹമൂദ് 83 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യയിൽ അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബംഗ്ലാദേശ് ബൗളർ എന്ന നേട്ടവും മഹമൂദിനു സ്വന്തം. മഹമൂദിന്റെ തുടർച്ചയായ രണ്ടാം അഞ്ചു വിക്കറ്റ് പ്രകടനമാണ്.
കഴിഞ്ഞ മാസം റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും മഹമൂദ് അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. ചെപ്പോക്കിൽ 1986നുശേഷം അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത് പേസ് ബൗളറാണ് ഹസൻ മഹമൂദ്. വെങ്കിടേഷ് പ്രസാദ് (1999), ജയിംസ് പാറ്റിൻസണ് (2013) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
400 തികച്ച് ജസ്പ്രീത് ബുംറ
രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റ് എന്ന നേട്ടം പിന്നിട്ട് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു ബുംറ ഈ നേട്ടത്തിലെത്തിയത്.
50 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ നാശംവിതച്ചത്. സിറാജ്, ആകാഷ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷക്കീബ് അൽ ഹസനായിരുന്നു (32) ബംഗ്ല ഇന്നിംഗ്സിലെ ടോപ് സ്കോറർ.
രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റ് വീഴ്ത്തുന്ന ആറാമത് ഇന്ത്യൻ പേസറാണ് ബുംറ. കപിൽ ദേവ് (687 വിക്കറ്റ്), സഹീർ ഖാൻ (597), ജവഗൽ ശ്രീനാഥ് (551), മുഹമ്മദ് ഷമി (448), ഇഷാന്ത് ശർമ (434) എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റ് ക്ലബ്ബിൽ നേരത്തേ ഇടംപിടിച്ച ഇന്ത്യൻ പേസർമാർ.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 91.2 ഓവറിൽ 376.
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ്: ഇസ്ലാം ബി ബുംറ 2, സാക്കിർ ഹസൻ സി ആകാഷ് 3, ഷാന്റൊ സി കോഹ്ലി ബി സിറാജ് 20, മൊമിനുൾ ബി ആകാഷ് 0, മുഷ്ഫിഖുർ സി രാഹുൽ ബി ബുംറ 8, ഷക്കീബ് സി പന്ത് ബി ജഡേജ 32, ലിറ്റണ്‍ സി ജുറെൽ (സബ്) ബി ജഡേജ 22, മെഹ്ദി മിറാസ് നോട്ടൗട്ട് 27, ഹസൻ മഹമൂദ് സി കോഹ്ലി ബി ബുംറ 9, തസ്കിൻ ബി ബുംറ 11, നഹിദ് റാണ ബി സിറാജ് 11, എക്സ്ട്രാസ് 4, ആകെ 47.1 ഓവറിൽ 149.
വിക്കറ്റ് വീഴ്ച: 1-2, 2-22, 3-22, 4-36, 5-40, 6-91, 7-92, 8-112, 9-130, 10-149.
ബൗളിംഗ്: ബുംറ 11-1-50-4, സിറാജ് 10.1-1-30-2, ആകാശ് ദീപ് 5-0-19-2, ആർ. അശ്വിൻ 13-4-29-0, ജഡേജ 8-2-19-2.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സി ലിറ്റണ്‍ ബി നഹിദ് 10, രോഹിത് സി സാക്കിർ ബി തസ്കിൻ 5, ഗിൽ നോട്ടൗട്ട് 33, കോഹ്ലി എൽബിഡബ്ല്യു ബി മെഹ്ദി മിറാസ് 17, പന്ത് നോട്ടൗട്ട് 12, എക്സ്ട്രാസ് 4, ആകെ 23 ഓവറിൽ 81/3.
വിക്കറ്റ് വീഴ്ച: 1-15, 2-28, 3-67.
ബൗളിംഗ്: തസ്കിൻ അഹമ്മദ് 3-0-17-1, ഹസൻ മഹമൂദ് 5-1-12-0, നഹിദ് റാണ 3-0-12-1, ഷക്കീബ് അൽ ഹസൻ 6-0-20-0, മെഹ്ദി ഹസൻ മിറാസ് 6-0-16-1.