2024 ചെസ് ഒളിന്പ്യാഡ് പോരാട്ടം ഇന്നു മുതൽ
Wednesday, September 11, 2024 12:17 AM IST
ബുഡാപെസ്റ്റ്: 2024 ചെസ് ഒളിന്പ്യാഡ് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. ഇന്ത്യൻ സമയം ഇന്നു രാവിലെ 11.30 ന് ഹംഗറിയുടെ ആസ്ഥാനമായ ബുഡാപെസ്റ്റിൽ ചെസ് ബോർഡിൽ രാജാവിനെ രക്ഷിക്കാനായുള്ള കരുനീക്കം ആരംഭിക്കും. 45-ാം ചെസ് ഒളിന്പ്യാഡ് ഈ മാസം 23വരെ നീളും. 44-ാം ചെസ് ഒളിന്പ്യാഡിന് ചെന്നൈയായിരുന്നു വേദിയായത്.
1926നുശേഷം ബുഡാപെസ്റ്റിൽ ചെസ് ഒളിന്പ്യാഡ് നടക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. 1926ൽ അനൗദ്യോഗിക ചെസ് ഒളിന്പ്യാഡിനു ബുഡാപെസ്റ്റ് വേദിയായിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഔദ്യോഗിക ചെസ് ഒളിന്പ്യാഡിന് ഈ നഗരം വേദിയാകുന്നത്.
ഓപ്പണ്‍ വിഭാഗത്തിൽ (പുരുഷ) 193 ടീമുകളാണ് 45-ാം ചെസ് ഒളിന്പ്യഡിൽ പോരാടുന്നത്. വനിതാ വിഭാഗത്തിൽ 181 ടീമുകളും. 2022 ചെന്നൈ ഒളിന്പ്യാഡിൽ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു.
ലക്ഷ്യം സ്വർണം
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണ്‍ലൈനായി നടന്ന 2020 ഒളിന്പ്യാഡിൽ റഷ്യക്കൊപ്പം ഇന്ത്യ സ്വർണം പങ്കിട്ടിരുന്നു. എന്നാൽ, ഇത്തവണ ബുഡാപെസ്റ്റിൽ നേരിട്ടുള്ള സ്വർണത്തിൽ കുറഞ്ഞ ഒന്നും ടീം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യയാണ് ലോക രണ്ടാം സീഡ്.
ഓപ്പണ്‍ വിഭാഗത്തിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സീഡാണ് ഇന്ത്യ. അമേരിക്കയ്ക്ക് 2758ഉം ഇന്ത്യക്ക് 2755ഉം റേറ്റിംഗാണ്. ലോക ചാന്പ്യൻ ഡിങ് ലിറെന്റെ ചൈന (2729), നിലവിൽ ചെസ് ഒളിന്പ്യാഡ് സ്വർണ ജേതാക്കളായ ഉസ്ബക്കിസ്ഥാൻ (2684), നെതർലൻഡ്സ് (2679) ടീമുകളാണ് ആദ്യ അഞ്ച് റേറ്റിംഗിലുള്ളത്.
വനിതാ വിഭാഗത്തിൽ ജോർജിയയ്ക്കു (2459) പിന്നിൽ രണ്ടാം സീഡിലാണ് ഇന്ത്യ (2458). ഹരിക ദ്രോണവല്ലിയാണ് (2491) ഇന്ത്യൻ സംഘത്തിൽ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള താരം.
ഫോർമാറ്റ്
സ്വിസ് ഫോർമാറ്റിലാണ് ചെസ് ഒളിന്പ്യാഡ് മത്സരങ്ങൾ. ഒരു ദിവസം ഒരു റൗണ്ട് എന്ന നിലയിൽ 11 റൗണ്ട് മത്സരങ്ങൾ അരങ്ങേറും. ക്ലാസിക്കൽ ടൈം കണ്ട്രോളാണ്. ആറു റൗണ്ടിനുശേഷം ഒരുദിവസം വിശ്രമം ഉണ്ട്.
ക്യാപ്റ്റൻ, ടീം
അഞ്ച് അംഗ ടീമാണ് ഓപ്പണ്‍, വനിതാ വിഭാഗങ്ങളിൽ ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്നത്. ക്യാപ്റ്റന്മാർ റിസർവ് താരങ്ങളോ കളിക്കാരിൽ ഒരാളോ ആകാം. ഇന്ത്യയുടെ ഓപ്പണ്‍ വിഭാഗം ക്യാപ്റ്റൻ ശ്രീനാഥ് നാരായണനും വനിതാ വിഭാഗത്തിൽ അഭിജിത് കുന്റെയുമാണ്.
ഇന്ത്യൻ ടീം
ഓപ്പണ്‍: ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ)
അർജുൻ എറിഗൈസി (2778), ഡി. ഗുകേഷ് (2763), ആർ. പ്രജ്ഞാനന്ദ (2757), വിദിത് ഗുജറാത്തി (2720), പെന്തല ഹരികൃഷ്ണ (2695).
വനിത: അഭിജിത് കുന്റെ (ക്യാപ്റ്റൻ)
ഹരിക ദ്രോണവല്ലി (2491), ആർ. വൈശാലി (2488), ദിവ്യ ദേശ്മുഖ് (2464), വന്തിക അഗർവാൾ (2390), ടാനിയ സച്ച്ദേവ് (2386).
കുട്ടിക്കളിയല്ല!
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻസ്മാസ്റ്ററായ തുർക്കിയുടെ പതിമൂന്നുകാരൻ യാഗിസ് കാൻ എർഡോഗ്മസ്, ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഒന്‍പതു വയസുകാരി ബോധന ശിവാനന്ദൻ, 45-ാം ചെസ് ഒളിന്പ്യാഡിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ഗ്രനാഡയുടെ ഏഴു വയസുകാരൻ ജാവോണ് ഡി ജയിംസ് എന്നിവരും ബുഡാപെസ്റ്റിൽ പോരാട്ട രംഗത്തുണ്ട്.
പോൾഗാർ സിസ്റ്റേഴ്സ്
ലോകംകണ്ട ഏറ്റവും മികച്ച വനിതാ ചെസ് താരമായ ജൂഡിറ്റ് പോൾഗാറിന്റെയും സഹോദരിമാരുടെയും നാടാണ് ഹംഗറിയിലെ ബുഡാപെസ്റ്റ്. പോൾഗാർ സിസ്റ്റേഴ്സിന്റെ നാട്ടിലാണ് 45-ാം ചെസ് ഒളിന്പ്യാഡ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.