നെന്മാറ: ഓണവിപണി ലക്ഷ്യമാക്കി അയിലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ചെറിയ കൃഷിയിടങ്ങളിൽ പോലും വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്ത് ആദായം എടുക്കാൻ കഴിയുമെന്ന് കർഷകരെ ബോധവാന്മാരാക്കാനാണ് മാതൃകയായി അയിലൂർ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. പുതുച്ചി കണ്ടൻകുളങ്ങര ശ്രീവാസ്തവിന്റെ സ്ഥലത്താണ് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി ഇറക്കിയത്.
അഞ്ചുസെന്റിൽ 1500 തൈകളാണ് നട്ടത്. അയിലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്ദ് മുഹമ്മദ് തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹ്രസ്വകാല വാണിജ്യ കൃഷി രീതികളെ കുറിച്ച് കൃഷി അസിസ്റ്റന്റുമാരായ സി. സന്തോഷ്, ജി. ദീപിക എന്നിവർ കർഷകർക്ക് അവബോധം നൽകി. വത്സല, ഉമാദേവി, പാടശേഖര സമിതി സെക്രട്ടറിമാരായ എ. അനിൽകുമാർ, കെ. സുന്ദരൻ എന്നിവർ പങ്കെടുത്തു.
ലഹരിവിരുദ്ധ ബോധവത്കരണം
അഗളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി അട്ടപ്പാടി ജനമൈത്രി എക്സൈസ് വ്യത്യസ്തങ്ങളായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. അട്ടപ്പാടിയിലെ മുഴുവൻ കലാലയങ്ങളിലും വിമുക്തി ക്ലബ്ബ് അംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, പിടിഎ, പൊതുജനങ്ങൾ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു പരിപാടികൾ.
ഷോളയൂർ ഗവ. ട്രൈബൽ സ്കൂൾ, മട്ടത്തുക്കാട് ബഥനി സ്കൂൾ, അഗളി ജിവിഎച്ച്എസ്എസ്, മല്ലീശ്വര ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുതൂർ ഗവ. ഹൈസ്കൂൾ, രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. കോളജ്, മട്ടത്തുക്കാട് ഐടിഐ, ചിറ്റൂർ വിമലാഭവൻ സ്കൂൾ, ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂൾ എന്നിവിടങ്ങളിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. പ്ലക്കാർഡ് കളുമായി റാലി,ഫ്ലാഷ് മോബ്,ബോധവൽക്കരണ ക്ലാസ് തുടങ്ങിയവ നടത്തി.
കല്ലടിക്കോട്: തച്ചമ്പാറ സെന്റ് ഡൊമിനിക് എൽപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. പ്രത്യേക അസംബ്ലി ഫ്ലാഷ് മോബ് പോസ്റ്റർ നിർമാണം, വീഡിയോ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.