കു​ള​പ്പു​ള്ളി-​പ​ട്ടാ​മ്പി പാ​ത ന​വീ​ക​ര​ണം അ​ന്തി​മഘ​ട്ട​ത്തി​ൽ
Tuesday, June 11, 2024 1:48 AM IST
ഷൊർ​ണൂ​ർ: കു​ള​പ്പു​ള്ളി-​പ​ട്ടാ​മ്പി പാ​ത ന​വീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.

ഷൊ​ർ​ണൂ​ർ ഐപിടി കോ​ള​ജ് മു​ത​ൽ വാ​ടാ​നാം​കു​റു​ശ്ശി ഗേ​റ്റ്‌ വ​രെ​യു​ള്ള പാ​ത​യി​ൽ ഇ​തി​ന​കം ര​ണ്ടാം​ഘ​ട്ട ടാ​റിംഗ് ന​ട​ത്തി. ഒ​രു ദി​വ​സം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.

നി​ല​വി​ൽ ആ​ദ്യ​ഘ​ട്ട ടാ​റിംഗ് വാ​ടാ​നാം​കു​റു​ശ്ശി മു​ത​ൽ പോ​ക്കു​പ്പ​ടി വ​രെ​യും ചു​വ​ന്ന ഗേ​റ്റ് ഭാ​ഗം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും ന​ട​ത്തി​യി​ട്ടു​ണ്ട്.

ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് നി​ര​പ്പാ​ക്ക​ൽ പ്ര​വൃ​ത്തി​ക​ള​ട​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്.
കി​ഫ്ബി ഫ​ണ്ടി​ൽ​ നി​ന്ന് 85 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ട്ടാ​മ്പി നി​ള ആ​ശു​പ​ത്രി മു​ത​ൽ കു​ള​പ്പു​ള്ളി ഐപിടി കോ​ളജ് വ​രെ​യു​ള്ള ഭാ​ഗം ന​വീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നാ​ണ് (കെആ​ർഎ​ഫ്ബി) നി​ർ​മാ​ണ​ച്ചു​മ​ത​ല. ര​ണ്ട് വ​ർ​ഷ​മാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ കാ​ലാ​വ​ധി. പ​ട്ടാ​മ്പി ടൗ​ണി​ല​ട​ക്കം റോ​ഡ് വീ​തി കൂ​ട്ടി​യാ​ണ് ന​വീ​ക​രി​ക്കു​ക. സ്ഥ​ല​ല​ഭ്യ​ത​യു​ള്ളി​ട​ത്ത് 15 മീ​റ്റ​ർ വീ​തി​യി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പ​ത്ത് മീ​റ്റ​ർ വീ​തി​യി​ലു​മാ​വും റോ​ഡ് ന​വീ​ക​രി​ക്കു​ക. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ഴു​ക്കു​ചാ​ലും നി​ർ​മി​ക്കും. 11.400 കി​ലോ​മീ​റ്റ​ർ പാ​ത​യാ​ണ് ന​വീ​ക​രി​ക്കു​ക. പ​ട്ടാ​മ്പി പ​ട്ട​ണ​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള സ​ർ​വേ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ട്ടാ​മ്പി ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ റെ​യി​ൽ​വേ ക​മാ​നം വ​രെ​യു​ള്ള പാ​ത ഇ​ടു​ങ്ങി​യ​താ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത​യും ഈ ​ഭാ​ഗ​ത്തി​ല്ല. കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടാ​നാ​വു​ക​യു​ള്ളൂ. വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. പ​ട്ടാ​മ്പി-​ഗു​രു​വാ​യൂ​ർ റോ​ഡ് ജ​ങ്ഷ​നി​ല​ട​ക്കം ന​ട​പ്പാ​ത​യി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്.