കാട്ടുപന്നിശല്യം രൂക്ഷം : നടയ്ക്കലിൽ കാർഷിക വിളകൾ നശിപ്പിക്കുന്നു
1478294
Monday, November 11, 2024 6:23 AM IST
ചാത്തന്നൂർ: നടയ്ക്കൽ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി. മരച്ചീനി, വാഴ, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകളെ കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. ഇപ്പോൾ നെൽകൃഷിയും നശിപ്പിച്ച് തുടങ്ങി. പല ഏലാകളിലും നഷ്ടം മൂലം നെൽകൃഷി നിർത്തി. നഷ്ടം സഹിച്ചാണ് നടയ്ക്കൽ ഏലായിൽ നെൽകൃഷി തുടരുന്നത്.
കാട്ടുപന്നികൾ കൂട്ടത്തോടെ എത്തിയാണ് നെൽചെടികൾ കുത്തി മറിക്കുന്നത്. സന്ധ്യക്ക് ഇറങ്ങുന്ന കാട്ടുപന്നികൾ പുലരും വരെ ഈ പ്രദേശത്ത് തന്പടിക്കും. ഇവയെ പേടിച്ച് ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർ നേരം പുലർന്നതിന് ശേഷമാണ് ജോലി ആരംഭിക്കുന്നത്.
സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളും കുട്ടികളും ഇവയുടെ അക്രമം ഭയന്ന് പുറത്ത് ഇറങ്ങാറില്ല. ഇവയുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആന്‍ഡ് ലൈബ്രറി പ്രസിഡന്റ് പി.വി. അനിൽകുമാർ,സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.