ചടയമംഗലത്ത് ‘ടേക്ക് എ ബ്രേക്ക്”പദ്ധതി മുടങ്ങി; റീത്ത് വച്ച് പ്രതിഷേധിച്ച് കോൺഗ്രസ്
1478287
Monday, November 11, 2024 6:11 AM IST
ചടയമംഗലം: ചടയമംഗലത്തെ “ടേക്ക് എ ബ്രേക്ക്” പദ്ധതി മുടങ്ങിയതിനെതുടർന്ന് കോൺഗ്രസ് റീത്ത് വച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇരുപത്തിനാല് ലക്ഷം രൂപ ചെലവഴിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം വഴിയോര വിശ്രമ കേന്ദ്രം നിർമിച്ചത്. ചടയമംഗലം കെഎസ്ആർടിസി വക സ്ഥലത്ത് പ്രത്യേക ഉത്തരവിലൂടെ അനുമതി വാങ്ങിയാണ് കെട്ടിടം പണിതത്.
എംസി റോഡ് വഴി യാത്ര ചെയ്യുന്ന അയ്യപ്പഭക്തന്മാർക്കും ടൂറിസ്റ്റുകൾക്കും ഉൾപ്പെടെ ഉപകാരപ്രദമാകേണ്ട കെട്ടിടമാണ് ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നതെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം കെ.ജി. സാബു കുറ്റപ്പെടുത്തി.
ചടയമംഗലത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ കെട്ടിടങ്ങൾ നിർമാണത്തിനായി ടെൻഡർ ചെയ്യുമ്പോൾ ഇലക്ട്രിക്കൽ, പ്ലംബിംഗ് അടക്കമുള്ള എല്ലാ പണികൾക്കുമായി ഒറ്റ ടെൻഡർ നൽകണമെന്നാണ് വ്യവസ്ഥ.
ഈ കെട്ടിടത്തിന്റെ കാര്യത്തിൽ അത് പൂർണമായി ലംഘിക്കപ്പെട്ടതായും വിജിലൻസ് അന്വേഷണം വേണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ. റിയാസ് ആവശ്യപ്പെട്ടു. പരാതി വിജിലൻസിനും പഞ്ചായത്ത് ഡയറക്ടർക്കും നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ചടയമംഗലം സൊസൈറ്റി ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയ പ്രതിഷേധക്കാർ വഴിയോര വിശ്രമ കേന്ദ്രത്തിന് മുന്നിൽ റീത്ത് സ്ഥാപിച്ച് പ്രതിഷേധിക്കുകയായിരുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ. റിയാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വടക്കതിൽ നാസർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജീവ് ആരാമം,
നേതാക്കളായ ബിജുകുമാർ, നാസർ പോരേടം, യൂസഫ് ചേലപ്പള്ളി, ജുമൈലത്ത് ബീവി, പത്മകുമാരി, രാജൻ പുളിമൂട്ടിൽ, ജാഫർഖാൻ, വിശ്വംഭരൻ, അനിൽ പള്ളിമുക്ക്, ഉണ്ണി പൂങ്കോട്, ശ്രീകുമാർ മറിയപ്പള്ളി, അൻസാരി, ബൈജു ഇടയ്ക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.