വൈഎംസിഎ റോഡ് നവീകരണത്തിന് 80 ലക്ഷം : പദ്ധതിക്ക് മന്ത്രിസഭയുടെ പ്രത്യേക അനുമതി
1478282
Monday, November 11, 2024 6:11 AM IST
കൊല്ലം: ലോറി സ്റ്റാൻഡ് - എസ്എംപി പാലസ് റോഡിന്റെ (വൈഎംസിഎ റോഡ്) നവീകരണ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭയുടെ പ്രത്യേക അനുമതി നൽകി.
സാങ്കേതിക നടപടിക്രമങ്ങളിൽ കുടുങ്ങുകയും നിർമാണ പ്രവർത്തനം നീണ്ടുപോകുകയും ചെയ്തിനെ തുടർന്നാണ് മന്ത്രിസഭയുടെ പ്രത്യേക അനുമതി ലഭ്യമാക്കിയതെന്ന് എം. നൗഷാദ് എംഎൽഎ അറിയിച്ചു.
2019 ഒക്ടോബറിലാണ് റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ അവിടെ അമൃത് പദ്ധതിപ്രകാരമുള്ള ഓടയുടെ നിർമാണം നടക്കുന്നതിനാൽ യഥാസമയം പണി തുടങ്ങിയില്ല.
ഓടയുടെ നിർമാണം പൂർത്തിയാക്കി റോഡിന്റെ നവീകരണത്തിന് സാഹചര്യമൊരുങ്ങിയപ്പോൾ പിഡബ്ള്യുഡി നിരക്കുകൾ പരിഷ്ക്കാരം വന്നു. അതിനാൽ എസ്റ്റിമേറ്റ് പ്രകാരമുള്ള ബിഎം ആൻഡ് ബിസി പ്രവർത്തി ചെയ്യാൻ അനുവദിച്ച 50 രൂപ മതിയാകാതെ വന്നു.
ഇതേത്തുടർന്ന് തന്റെ അഭ്യർഥന പ്രകാരം മന്ത്രി റിയാസ് 2023 മാർച്ചിൽ 30.30 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. 50 ലക്ഷത്തിന്റേയും 30.30 ലക്ഷത്തിന്റേയും രണ്ടു പ്രവർത്തികളായി ആകെ 80.30 ലക്ഷം രൂപയുടെ പ്രവർത്തി ടെൻഡർ ചെയ്തു. നിരവധി തവണ ടെൻഡർ ചെയ്തിട്ടും പ്രവർത്തി ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ലെന്ന് എംഎൽഎ പറഞ്ഞു.
പതിമൂന്നാം തവണ ടെൻഡർ ചെയ്തപ്പോൾ ഒരാൾ ടെൻഡറിൽ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ ഓഫർ അംഗീകരിയ്ക്കുകയുമായിരുന്നു. എന്നാൽ അദ്ദേഹം എസ്റ്റിമേറ്റ് തുകയേക്കാൾ 19.86 ശതമാനം അധികം തുകയാണ് ക്വാട്ട് ചെയ്തത്.
ഇത് ചട്ടപ്രകാരം അനുവദിയ്ക്കാവുന്ന വർധനവിനെക്കാൾ അധികരിച്ച തുകയായിരുന്നു. ഈ തുകയ്ക്ക് കരാർ ഉറപ്പിയ്ക്കണമെങ്കിൽ സർക്കാർ അനുവാദം വേണമായിരുന്നു. ഇതേത്തുടർന്നാണ് വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
റോഡിന്റെ അവസ്ഥ പരിഗണിച്ച് വ്യവസ്ഥയിൽ ഇളവുനൽകി കരാർ അംഗീകരിയ്ക്കാൻ മന്ത്രിസഭായോഗം പ്രത്യേകാനുമതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. 81,55,611 രൂപയ്ക്ക് പ്രവർത്തി ചെയ്യാനാണ് ഇപ്പോൾ സർക്കാർ അനുവാദം നൽകിയതെന്ന് എംഎൽഎ പ്രസ്താവനയിൽ അറിയിച്ചു.
ഏറെ നാളായി തകർന്നുകിടക്കുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അല്പം വൈകിയാണെങ്കിലും നടത്താൻ കഴിയുന്നതിൽ സന്തോഷമുള്ളതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.