ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1478966
Thursday, November 14, 2024 5:32 AM IST
കൽപ്പറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമാണത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. മൂന്ന് ആഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമാണം കാരണം മണ്ണിടിച്ചിൽ ഭീഷണിയുള്ളതായി പരാതിയിൽ പറയുന്നു. പെർമിറ്റിൽ അനുവദിച്ച രീതിയിലല്ല നിർമാണം നടക്കുന്നത്. നിയമം സംരക്ഷിക്കേണ്ടവർതന്നെ നിയമലംഘനം നടത്തുന്ന സാഹചര്യമാണുള്ളത്.
കേരളത്തിൽ ഒരു സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യങ്ങൾ ഒരു കോർപറേറ്റ് കന്പനി പണം നൽകി നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കന്പനി മറ്റൊരു കന്പനി രജിസ്റ്റർ ചെയ്താണ് കെട്ടിട നിർമാണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.