വോട്ട് അയിത്തു...; ബാവലിക്ക് അതിർത്തി കടന്നൊരു വോട്ടുദിനം
1478961
Thursday, November 14, 2024 5:32 AM IST
കൽപ്പറ്റ: നിങ്ങ വോട്ട് മാട്ദിരിയാ... ആ വോട്ടു അയിത്തു... കന്നടയും മലയാളവും ഇടകലർന്ന ബാവലിക്കും തെരഞ്ഞെടുപ്പ് കാലം വേറിട്ടതാണ്.
തൊഴിലിനും ജീവിതത്തിനുമിടയിൽ ഒരു പാലം ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ വരയ്ക്കുന്പോഴും അങ്കലാപ്പുകളില്ലാതെ ഇവരെല്ലാം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മുടങ്ങാതെ വോട്ടുചെയ്യാനെത്തും. കർണാടകയിൽ നിന്നു മലയാള ദേശത്തിലേക്ക് ഏഴ് ദശകങ്ങൾക്ക് മുന്പ് കുടിയേറി ഈ നാട്ടുകാരായി മാറിയവരുടെ ഒത്തുചേരൽ കൂടിയാണ് ഇവർക്ക് തെരഞ്ഞെടുപ്പ് കാലം.
കർണാടക, കേരള അതിർത്തി ഗ്രാമം ബാവലിയിൽ നിന്നു വിളിപ്പാടകലെയുള്ള ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ് പോളിംഗ് ബൂത്ത്. പരസ്പരം കന്നട ഭാഷയിൽ പരിചയം പുതുക്കിയും വിശേഷങ്ങൾ പറഞ്ഞും ഇവർ ഈ തെരഞ്ഞെടുപ്പ് കാലത്തെയും സജീവമാക്കി. കൃഷിയും കന്നുകാലി വളർത്തലും പാരന്പര്യ തൊഴിലായി സ്വീകരിച്ച ഒരു കൂട്ടം ഗ്രാമവാസികളുടെയും ഇടമാണിത്. വേട ഗൗഡ, ബഗുഡ വിഭാഗത്തിലുള്ളവരും അടിയ, പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളും മുപ്പത് ശതമാനത്തോളം പൊതുവിഭാഗത്തിലുള്ളവരുടെയും നാടാണിത്.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട ബാവലി പോളിംഗ് ബൂത്തിൽ 1266 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 658 സ്ത്രീ വോട്ടർമാരും 565 പുരുഷ വോട്ടർമാരുമാണുള്ളത്. ഗൗഡ കുടുംബത്തിൽപ്പെട്ട നാൽപ്പതോളം കുടുംബങ്ങൾക്കും ഈ ബൂത്തിലാണ് വോട്ടുള്ളത്.
മലയാളവും കന്നട ഭാഷയുമെല്ലാം ഒരു പോലെ അറിയുന്ന ഈ ഗ്രാമത്തിലെ അങ്കണവാടി അധ്യാപിക കൂടിയായ പി.സി. വത്സലയാണ് ബൂത്ത് ലെവൽ ഓഫീസർ. വോട്ടർമാരെയും അവരുടെ വീടുകളുമെല്ലാം സുപരിചിതമായ ഇവർ വോട്ടർമാർക്ക് സ്ലിപ് നൽകാനും ബൂത്ത് കാണിച്ച് നൽകാനുമെല്ലാം മുന്നിലുണ്ട്. കർണാടകയിലെ ചിത്രദുർഗയിൽ നിന്നുമാണ് വേടഗൗഡർ കബനിക്കരിയിലേക്ക് നൂറ്റാണ്ടുകൾക്ക് മുന്പ് പലായനം ചെയ്ത് എത്തിയത്. ഇവരുടെ പുതിയ തലമുറകളാണ് ബാവലയിലും ഷാണമംഗലത്തുമെല്ലാം പിന്നീട് താമസമാക്കിയത്.
അതിനൊപ്പം മറ്റു കുടുംബങ്ങളും ഈ ഗ്രാമത്തിലേക്ക് ചേക്കേറി. അതിർത്തിക്കപ്പുറം കർണാടക ഗ്രാമങ്ങളിൽ കൃഷി തകൃതിയാകുന്ന കാലമാണ്. ഇതിനെല്ലാം ഒരു ദിനം അവധി നൽകിയാണ് വോട്ട് ചെയ്യാൻ പലരും ബാവലിയിലെ വിദ്യാലയത്തിലെത്തിയത്. കഴിഞ്ഞ തവണ 90 ശതമാനം പേരും വോട്ടുചെയ്തിരുന്നു. ഇത്തവണയും വലിയ മാറ്റമില്ലാതെ ബാവലിയും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത്മടങ്ങി.