നിപ: ഇതര സംസ്ഥാന തൊഴിലാളിയെ തേടി ആരോഗ്യവകുപ്പ്
1454930
Saturday, September 21, 2024 5:18 AM IST
വണ്ടൂര്‍: നടുവത്ത് നിപ ബാധിച്ചുമരിച്ച 24 കാരന്റെ വീട്ടില്‍ കഴിഞ്ഞ 29ന് ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തേടി ആരോഗ്യവകുപ്പ്. ഇയാളെ കണ്ടെത്തി സ്രവ പരിശോധന നടത്തുകയാണ് ലക്ഷ്യം. ഇയാളുടെ സഞ്ചാരപാത കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട നാലംഗ സംഘം ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നിപ ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറും ജെഎച്ച്ഐമാരും അടങ്ങുന്ന നാലംഗ സംഘം 24 കാരന്റെ സഞ്ചാരപാത അന്വേഷിക്കുന്നത്. പുളിയുള്ള പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന യുവാവിന്റെ വീട്ടിലെ മരത്തില്‍നിന്ന് ധാരാളം ഇരുമ്പന്‍പുളി പറിച്ചു കഴിച്ചതായി വീട്ടുകാര്‍ നാലംഗ സംഘത്തോട് പറഞ്ഞിട്ടുണ്ട്.
ഇതാണ് ഒരു ഉറവിടമായി ഇവര്‍ കരുതുന്നത്. ഇക്കാര്യങ്ങള്‍ ഇനി കേന്ദ്ര സംഘമെത്തി ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. മറ്റൊന്ന് ബംഗാള്‍ സ്വദേശിയുമായി ബന്ധപ്പെട്ടതാണ്. അയാളെ കണ്ടെത്തി സ്രവ പരിശോധന നടത്തി ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. നടുവത്ത് സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവറാണ് വണ്ടൂരില്‍ നിന്ന് ബംഗാള്‍ സ്വദേശിയെ ജോലിക്കായി എത്തിച്ചത്. കേന്ദ്ര സംഘം ഉടന്‍ വണ്ടൂരില്‍ എത്തുമെന്നാണ് പ്രതീക്ഷ.