‘പാടിക്കുന്ന് പട്ടികവര്‍ഗ നഗറിലെ നിലവിലെ അവസ്ഥ അതീവ ഗുരുതരം, നഗരസഭ സമ്പൂര്‍ണ പരാജയം’
1454630
Friday, September 20, 2024 4:50 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ പാടിക്കുന്ന് പട്ടികവര്‍ഗ നഗറിലെ നിലവിലെ അവസ്ഥ വളരെ ശോചനീയമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഭാരവാഹികളും ജനപ്രതിനിധികളും സന്ദര്‍ശിച്ച് വിലയിരുത്തി.
നിലമ്പൂര്‍ നഗരസഭയിലെ പാടിക്കുന്ന് ഗിരിജന്‍ നഗറിലെ താമസക്കാര്‍ ഉപയോഗിക്കുന്ന ശൗചാലയം ഒരു വര്‍ഷത്തോളമായി പൊട്ടി പൊളിഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകി കിണറുകളിലേക്കും സമീപത്തെ തോടുവഴി ചാലിയാറിലേക്കും ഒഴുകുകയാണ്. ഈ സംഭവത്തിന്റെ പേരില്‍ പകര്‍ച്ചവ്യാധി ഉണ്ടാകുന്നതിന് മുമ്പ് നഗരസഭ മുന്‍ കയ്യെടുത്ത് പ്രശ്നത്തിന് അടിയിന്തര തീരുമാനമുണ്ടാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അടുത്ത ദിവസം ജില്ലാ കളക്ടറെ നഗർവാസികളും പ്രദേശവാസികളും നേരില്‍ കണ്ട് വിശദമായ നിവേദനം നല്‍കും. ഇതിന് മുന്‍പായി പ്രദേശത്ത് ഒപ്പ് ശേഖരണം നടത്തും. പ്രശ്ന പരിഹാരമില്ലങ്കില്‍ നഗര്വാസികളേയും അയല്‍വാസികളേയും ഉള്‍പ്പെടുത്തി നഗരസഭക്കും ഐടിഡിപിക്കുമെതിരെ ബഹുജന സമരം സംഘടിപ്പിക്കും.
നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബ്, യുഡിഎഫ് ഭാരവാഹികളായ ഷിഹാബ് മൂര്‍ഖന്‍, അഡ്വ. ഷെറി ജോര്‍ജ്, എം.കെ. ബാലകൃഷ്ണന്, പി.ടി. റൂണ്സ്കര്, അനീഷ് ഇല്ലിക്കല്‍, ഷുഹൈബ് മുത്തു, ഷിബു പുത്തന്‍വീട്ടില്‍, കൗണ്‍സിലര്‍മാരായ ഡെയ്സി ചാക്കോ, ശ്രീജ ചന്ദ്രന് തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.