ഒരു മോഷ്ടാവിന്റെ ചരമപ്രസംഗം
Wednesday, April 2, 2025 12:00 AM IST
ഇന്നു ലോക ബാലപുസ്തകദിനം. കുട്ടികളോടു വായിക്കാൻ പറയാൻ യോഗ്യതയുള്ളവരും ഇല്ലാത്തവരും അവർക്കൊരു സമ്മാനം കൊടുക്കണം.
ആളനക്കമില്ലാത്ത വായനശാലകളിലെ അടഞ്ഞ അലമാരകളിൽനിന്ന് കേൾക്കുന്ന തേങ്ങൽ പുസ്തകങ്ങളുടേതാണ്. പ്രിയമുള്ളൊരാളെപ്പോലെ തങ്ങളെ തേടിയെത്തിയിരുന്ന വായനക്കാർ എവിടെയോ വഴിതെറ്റി പോയിരിക്കുന്നു. ഇന്ന് ലോക ബാലപുസ്തകദിനമാണ്. മൊബൈൽഫോണുകൾ മുതിർന്നവർക്കൊപ്പം കുട്ടികളെയും കൂട്ടിക്കൊണ്ടുപോയതിനാൽ വരുവാനില്ലാരുമെന്നത് പുസ്തകങ്ങളുടെ വേദന ഇരട്ടിയാക്കുന്നു.
എന്നിട്ടും മോഹിക്കുകയാണ്, ഋതു മാറി മധുമാസമെന്നപോലെ പുസ്തകവായനയുടെ പൂക്കാലം തിരികെയെത്തുമെന്ന്. നമുക്കറിയില്ല, മണിച്ചിത്രത്താഴിട്ടു പൂട്ടിയ വിസ്മയങ്ങളുടെ പുസ്തകക്കോട്ടകളിലേക്ക് കുട്ടികൾ തിരിച്ചെത്തുമോയെന്ന്. പക്ഷേ, ഭാവനയും സ്നേഹവും സാഹോദര്യവും സ്പന്ദിക്കുന്ന പുസ്തകമൊന്ന് ആർക്കും അവരുടെ കൈയിൽ ഇന്നുതന്നെ കൊടുക്കാനാകും. ഒരു പക്ഷേ, അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം.
1991ൽ അർക്കൻസാൻസിലെ കറുത്തവർഗക്കാരനായ ആദ്യത്തെ ജില്ല പ്രോസിക്യൂഷൻസ് അറ്റോർണിയായും പിന്നീട് ജഡ്ജിയായും മാറിയ ഒളി നീൽസ് താൻ നടത്തിയ പുസ്തകമോഷണക്കഥ ആദ്യമായി വിളിച്ചുപറഞ്ഞത് ഒരു മൃതസംസ്കാരച്ചടങ്ങിലാണ്. അദ്ദേഹത്തിന്റെ ടീച്ചറും സ്കൂളിലെ ലൈബ്രേറിയനുമായിരുന്ന മിൽഡ്രെഡ് ഗ്രാഡിയുടെ മൃതദേഹത്തിനു മുന്നിൽനിന്ന്. കറുത്തവർഗക്കാരനായ ഒളി ഹൈസ്കൂളിലെ വില്ലനായിരുന്നു.
അധ്യാപകരെ ഒരു ബഹുമാനവുമില്ല, ഗ്രാഡി ടീച്ചറെ കരയിച്ചിട്ടുമുണ്ട്. ഒരിക്കൽ ക്ലാസ് കട്ട് ചെയ്ത് ലൈബ്രറിയിൽ വെറുതെ കറങ്ങിനടക്കുന്നതിനിടെ ഷെൽഫിൽ ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകാരൻ ഫ്ലാങ്ക് യെർബിയുടെ ‘ദ ട്രഷേഴ്സ് ഓഫ് പ്ലസന്റ് വാലി’ എന്ന നോവൽ കണ്ടു. പുറംചട്ടയിൽ ലോലവസ്ത്രം ധരിച്ച് സിഗരറ്റ് വലിച്ചിരിക്കുന്ന ഒരു സുന്ദരിയുടെ ചിത്രം.
ഒളിയെ ആകർഷിച്ചത് അതു മാത്രമായിരുന്നു. അവൻ അതെടുത്ത് ഉടുപ്പിനകത്ത് ഒളിപ്പിച്ചു കൊണ്ടുപോയി. ഒളി വിചാരിച്ച ഉള്ളടക്കം ഇല്ലായിരുന്നെങ്കിലും കലിഫോർണിയൻ ഗോൾഡ് റഷിൽ (സ്വർണഖനനത്തിന്) പങ്കെടുക്കാൻ പോകുന്ന ഒരു യുവാവിന്റെ യാത്രയും പ്രണയവും പറയുന്ന ചരിത്ര നോവലായിരുന്നു അത്. വായിച്ചു ശീലമില്ലെങ്കിലും ആ പുസ്തകം അവനെ കീഴടക്കി. അടുത്തയാഴ്ച അതു തിരിച്ചുവയ്ക്കാൻ ചെന്നപ്പോൾ യെർബിയുടെ മറ്റൊരു പുസ്തകം അതേ സ്ഥാനത്തുണ്ട്.
അവനത് എടുത്തു. അങ്ങനെ യെർബിയുടെ നാലു പുസ്തകങ്ങൾ അവൻ ഒളിച്ചെടുത്ത് ആർത്തിയോടെ വായിച്ചു. പിന്നീട് പുസ്തകങ്ങൾ വായിക്കാതിരിക്കാൻ പറ്റാത്ത സ്ഥിതിയായി. സാഹിത്യവും ചരിത്രവുമെല്ലാം വായിച്ചു. ഒടുവിലയാൾ മനുഷ്യാവകാശ പ്രവർത്തകനും അർക്കൻസാൻസിലെ ജഡ്ജിയുമായി. ആരാണ് അന്ന് ആ മോഷ്ടിച്ച പുസ്തകങ്ങളുടെ സ്ഥാനത്ത് പുതിയതു കൊണ്ടുവച്ചത്? ശവമഞ്ചത്തിൽ വെള്ളപ്പൂവുകൾക്കിടയിൽ കിടക്കുന്ന ഗ്രാഡി.
മോഷ്ടിക്കുന്നത് കണ്ടെന്ന് താൻ പറയാനോ ഉപദേശിക്കാനോ പോയാൽ ആ കൗമാരക്കാരന്റെ അഭിമാനം ക്ഷതപ്പെടുമെന്നു കണ്ട ഗ്രാഡി, അങ്ങനെയെങ്കിലും അവൻ വായിച്ചുതുടങ്ങട്ടെയെന്നു കരുതി കൂട്ടുകാരിയെയും കൂട്ടി മെംഫിസിലെത്തി പുതിയ പുസ്തകങ്ങൾ വാങ്ങി ഷെൽഫിൽ വയ്ക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം വലിയ ആളായി മടങ്ങിവന്നപ്പോൾ ഗ്രാഡി തന്നെയാണ് ആ സംഭവം ഒളിയോടു പറഞ്ഞത്.
ആർക്കും ഇഷ്ടമില്ലാതിരുന്ന ഒളിയെ ജഡ്ജിയാക്കിയത് ഗ്രാഡി ടീച്ചർ കൊടുത്ത പുസ്തകങ്ങളായിരുന്നു. ഇന്നൊരു പുസ്തകം കുട്ടികൾക്കു സമ്മാനിക്കാൻ പറ്റിയ ദിവസമാണ്. നാളെ, നിനയ്ക്കാത്ത നേരത്ത് വായിച്ചു വളർന്ന ഒരാളുടെ പദവിന്യാസം നിദ്രയിലെങ്കിലും നാം കേട്ടെന്നുവരാം. അതുകൊണ്ട് ഈ കഥ മുതിർന്നവർക്കുവേണ്ടിയും ഉള്ളതാണ്.
സിനിമയും സമൂഹമാധ്യമങ്ങളും അവയിലെ നിമിഷ റീലുകളുമായി പുസ്തകങ്ങളെ താരതമ്യപ്പെടുത്തരുത്. അതിനു പുസ്തകങ്ങളുമായി ഒരു ബന്ധവുമില്ല. വായിക്കുന്പോൾ ദൃശ്യങ്ങളൊരുക്കുന്നതും വ്യാഖ്യാനം ചമയ്ക്കുന്നതും വായനക്കാരൻതന്നെയാണ്. എഴുത്തുകാരനൊപ്പം സഞ്ചരിച്ച് ഭാവനയെന്ന സൃഷ്ടികർമത്താൽ അയാൾ പ്രപഞ്ചത്തെ കാണുകയും തന്നെത്തന്നെ വിലയിരുത്തുകയും ചെയ്യുന്നു.
തനിച്ചിരിക്കാൻ പഠിക്കുന്നതിനിടെ വ്യഥകളുടെ ലോകത്ത് താൻ തനിച്ചല്ലെന്നു തിരിച്ചറിയുന്നു. സ്വന്തം മസ്തിഷ്കംകൊണ്ട് ചിന്തിക്കാൻ പഠിക്കുന്നു. അതൊരു ലഹരിയാണ്. മദ്യത്തെയും മയക്കുമരുന്നിനെയും തോൽപ്പിക്കുന്ന ലഹരി. നമ്മുടെ കുട്ടികൾക്ക് ഇന്ന് അതിന്റെ ആദ്യത്തെ ഡോസ് കൊടുക്കാം. പുസ്തകങ്ങൾ വായിച്ചവരിൽനിന്നാണ് സാമൂഹിക പരിഷ്കർത്താക്കളും മികച്ച രാഷ്ട്രീയക്കാരും എഴുത്തുകാരും ചിന്തകരും ഉണ്ടായിട്ടുള്ളത്.
ഭാവിയിൽ, പുസ്തകം വായിക്കാത്ത രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ അധ്യാപകരോ മാധ്യമപ്രവർത്തകരോ വരുത്താനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചു നമുക്ക് ഉറപ്പില്ല. പക്ഷേ, പുസ്തകം വായിച്ചിട്ടുള്ളവർ മനുഷ്യവംശത്തിനു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പുണ്ട്. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയ്ക്കുവേണ്ടി മധു മുട്ടം എഴുതിയ വരികൾ ഭ്രമങ്ങളാവാം. എങ്കിലും, പുസ്തകങ്ങൾ വീണ്ടും കൈയിലെടുക്കുന്ന തലമുറ ഋതുമാറിയെത്തുന്ന മധുമാസം പോലെ വരില്ലെന്നാരറിഞ്ഞു!
നമുക്ക് പുസ്തകങ്ങളുടെ വില അതിന്റെ പുറത്ത് എഴുതിവച്ചിരിക്കുന്നതാവാം. പക്ഷേ, റഷ്യൻ-അമേരിക്കൻ സാഹിത്യകാരൻ ജോസഫ് ബ്രോഡ്സ്കിക്ക് അത് ഉള്ളടക്കത്തിന്റെ കാര്യമാണ്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്: “പുസ്തകങ്ങൾ കത്തിക്കുന്നതിനേക്കാൾ വലിയ കുറ്റകൃത്യങ്ങളുണ്ട്. അതിലൊന്ന് പുസ്തകങ്ങൾ വായിക്കാതിരിക്കുന്നതാണ്.” ഈ അവധിക്കാലം കഴിയുന്പോഴേക്കും നമ്മുടെ കുട്ടികളിൽ അത്തരമൊരു കുറ്റവാളിയില്ലെന്ന് ഉറപ്പാക്കാം.