രാഷ്ട്രീയച്ചന്തയിലെ എണ്ണവ്യാപാരികൾ
Wednesday, November 6, 2024 12:00 AM IST
ഒരു രാജ്യത്തെ ജനങ്ങളെയത്രയും ബാധിക്കുന്ന പെട്രോൾ വിലനിർണയം മൻമോഹൻസിംഗ് സർക്കാർ എണ്ണക്കന്പനികൾക്കു തീറെഴുതി. അതിനെ എതിർത്ത ബിജെപി, മോദി ഭരണത്തിൽ ചെയ്തത് ജനവഞ്ചന.
ലോകത്തെവിടെ ഇന്ധനവില കൂടിയാലും ഇന്ത്യയിൽ വില പിടിച്ചുനിർത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരിക്കുന്നു. നന്നായി; ലോകത്താകമാനം ഇന്ധനവില കുറഞ്ഞിട്ടും ഇവിടെ നയാപൈസ കുറയ്ക്കാത്ത സർക്കാർ ലോകകന്പോളത്തിലെ വർധനയ്ക്കനുസരിച്ച് തത്കാലം കൂട്ടില്ലെന്നെങ്കിലും പറഞ്ഞല്ലോ.
ഇന്ധനവില എത്ര കൂടിയാലും നിശബ്ദമായി സഹിക്കാൻ തക്കവിധം ജനത്തെ "മര്യാദ' പഠിപ്പിച്ചവരുടെ ആശ്വാസവാക്കുകൾ! 2010 ജൂണിൽ പെട്രോൾ വിലനിർണയം എണ്ണക്കന്പനികൾക്കു വിട്ടുകൊടുത്ത്, ജനക്ഷേമത്തിന്റെ ഉത്തരവാദിത്വം കൈയൊഴിഞ്ഞത് മൻമോഹൻ സിംഗ് സർക്കാരാണ്. അന്തർദേശീയ കന്പോളത്തിലെ ഉയർച്ചതാഴ്ചകൾക്കനുസരിച്ച് നമ്മുടെ രാജ്യത്തും വിലയിൽ മാറ്റമുണ്ടാകുമെന്നാണു പറഞ്ഞത്.
അന്നു പ്രതിപക്ഷത്തായിരുന്ന ബിജെപി ജനങ്ങളുടെ വേദന സഹിക്കാനാവാതെ തെരുവിലിറങ്ങി സമരം നടത്തുകയും അധികാരത്തിലെത്തുകയും ചെയ്തു. തുടർന്ന് തെരഞ്ഞെടുപ്പിനു മുന്പ് പറഞ്ഞതൊക്കെ വിഴുങ്ങിക്കൊണ്ട് 2014 ഒക്ടോബറിൽ ഡീസലിന്റെ വിലനിർണയവും എണ്ണക്കന്പനികൾക്കു കൊടുത്തു. അടുത്തതായി, ലോകത്താകമാനം ഇന്ധനവില കുറഞ്ഞാലും ഇന്ത്യയിൽ കുറയ്ക്കുന്ന സന്പ്രദായം നിർത്തി.
പകരം, ലോകകന്പോളത്തിൽ വില കുറയുന്നതിനനുസരിച്ച് ഇവിടെ നികുതി കൂട്ടി. അതും പോരാഞ്ഞിട്ട്, രണ്ടാം മോദി സർക്കാർ 2020 മേയ് മുതൽ പാചകവാതകത്തിന്റെ സബ്സിഡിയും നിർത്തി. ആരും അറിഞ്ഞതുപോലുമില്ല. പ്രതിപക്ഷവും നോക്കുകുത്തിയായി. തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുമൊക്കെ ഇടയ്ക്കിടെ വരുന്പോൾ രാഷ്ട്രനിർമാണമൊക്കെ തത്കാലത്തേക്കു മാറ്റിവച്ച് ഇന്ധനവില പിടിച്ചുനിർത്തുന്നത് ജനങ്ങൾക്ക് ആശ്വാസമായിരുന്നു.
പക്ഷേ, ‘ഒരു രാജ്യവും ഒരു തെരഞ്ഞെടുപ്പും’ നടപ്പായാൽ അതിന്റെയാവശ്യവുമില്ല. അഞ്ചു വർഷത്തേക്ക് സർക്കാരിനു സമ്മർദമില്ല. അതിനെ സർക്കാർതന്നെ വിളിക്കുന്ന പേരാണ്, സ്ഥിരതയുള്ള സർക്കാർ. ആഗോള എണ്ണവിലയില് ഇപ്പോൾ ചെറിയ വർധനയുണ്ടായിട്ടുണ്ട്. പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ "ഒപെക്' ഉത്പാദനം കുറച്ചത് തത്കാലം പുനരാരംഭിക്കില്ലെന്നു തീരുമാനിച്ചതോടെ മൂന്നു ശതമാനത്തോളം വിലവര്ധനയുണ്ടായി.
പക്ഷേ, റഷ്യയിൽനിന്നുൾപ്പെടെ കുറഞ്ഞവിലയ്ക്കു ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യക്ക് മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് കാര്യമായ നഷ്ടം ഉണ്ടാകില്ല. എണ്ണക്കന്പനികളുടെ ലാഭത്തിൽ ചെറിയ കുറവുണ്ടായേക്കാം. പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിന്നിട്ടും ദിവസങ്ങൾക്കു മുന്പുവരെ എണ്ണവില കുത്തനേ ഇടിയുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യമായ ചൈന, സാന്പത്തിക പ്രതിസന്ധി മൂലം ഇറക്കുമതി കുറച്ചതാണ് പ്രധാന കാരണം.
ഇറാൻ ഇസ്രായേലിനെതിരേ നടത്തിയ ആക്രമണത്തെത്തുടർന്ന് ഒക്ടോബർ ഏഴിന് ബ്രെന്റ് ക്രൂഡ് ബാരലിന് 81 ഡോളറോളം എത്തിയെങ്കിലും ഒക്ടോബർ 28ന് 71.12 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇറാൻ തിരിച്ചടിക്കുമെന്ന സൂചന ഉണ്ടായതോടെ ഇപ്പോൾ നേരിയ വർധന ഉണ്ടായിട്ടുണ്ട്. അതാണ്, വില കൂട്ടില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞത്; വിവിധ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുകയുമാണല്ലോ.
സാന്പത്തിക തകർച്ചയിലാണെങ്കിലും ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും ശ്രീലങ്കയിലും പോലും ഇന്ധനവില ഇന്ത്യയിലേക്കാൾ വളരെ കുറവാണ്. പാക്കിസ്ഥാനിൽ ഏകദേശം 75 ഇന്ത്യൻ രൂപയും ശ്രീലങ്കയിൽ 90 രൂപയുമാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഐസിആർഎ റിപ്പോർട്ട് പ്രകാരം, ഉയർന്ന നികുതി ഈടാക്കിയതിനുശേഷവും ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിൽനിന്ന് 15 രൂപയും ഡീസലിൽനിന്ന് 12 രൂപയും ലാഭമുണ്ട്.
അതായത്, 45-50 രൂപ വില വരുന്ന പെട്രോളാണ് ഉപയോക്താക്കൾക്ക് 105 രൂപയ്ക്ക് വിൽക്കുന്നത്. രാജ്യത്തു ജീവനക്കാർക്ക് ഏറ്റവുമധികം ശന്പളവും ആനുകൂല്യങ്ങളും നൽകുന്നത് എണ്ണക്കന്പനികളാണ്. ജീവനക്കാരുടെ ഉല്ലാസത്തിനായി പോലും എണ്ണക്കന്പനികൾ കോടികളാണ് പൊടിക്കുന്നതത്രേ. ലാഭനിരക്ക് കുറച്ചു കാണിക്കുകയാണ് ലക്ഷ്യമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിട്ടും കന്പനികളുടെ ലാഭം കുതിച്ചുയരുകയാണ്.
കൗതുകങ്ങൾ തീരുന്നില്ല. യുദ്ധ ഉപരോധം മറികടക്കാൻ റഷ്യ വില കുറച്ചുവിൽക്കുന്ന ക്രൂഡ് ഓയിൽ വാങ്ങി ശുദ്ധീകരിച്ച് യൂറോപ്പിൽ മറിച്ചുവിറ്റ് റിലയൻസ്, നയാര, ഐഒസി, ബിപിസി, എച്ച്പി എന്നീ കന്പനികൾ നേടിയ ലാഭം ഒരു ലക്ഷം കോടി കവിഞ്ഞെന്നാണ് കണക്കുകൾ. 2023-24 സാന്പത്തിക വർഷം മാത്രം 45,612 കോടി ലഭിച്ചെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ (ഡിജിസിഐഎസ്) കണക്കുകളുണ്ട്.
സൗദി അറേബ്യയെ പിന്തള്ളി ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. ആർക്കാണ് ഗുണം? ആരുടേതാണ് ഇന്ത്യ? എങ്ങനെയാണ് രാജ്യം ലോക സാന്പത്തികശക്തിയാകുന്പോൾ ജനങ്ങളിൽ വലിയൊരു വിഭാഗം ദരിദ്രരായി തുടരുന്നത്? ഉത്തരമില്ലാത്ത ചോദ്യങ്ങളായതുകൊണ്ടല്ല, ഉത്തരവാദിത്വമില്ലാത്ത ജനാധിപത്യമായതുകൊണ്ടാണ് ഇതിനൊന്നും മറുപടിയില്ലാത്തത്.
എണ്ണക്കന്പനികളിൽനിന്ന് വിലനിർണയാവകാശം പിൻവലിച്ച് അതിന്റെ വരവു ചെലവുകൾ നിയന്ത്രണവിധേയമാക്കണം. പ്രാദേശിക വിതരണവും അന്തർദേശീയ കച്ചവടവും നടത്തി കോടികൾ കൊയ്യുന്ന സ്വകാര്യ എണ്ണക്കന്പനികളുടെ ഇടനിലക്കാരാകാനല്ല ജനങ്ങൾ തെരഞ്ഞെടുത്തതെന്നു സർക്കാർ തിരിച്ചറിയണം.
എണ്ണനികുതി തോന്നിയപടി വർധിപ്പിച്ചിട്ടും കടം വാങ്ങി കൂട്ടിയിട്ടും സാന്പത്തികസ്ഥിതി മെച്ചപ്പെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിപക്ഷത്തെയും രാഷ്ട്രീയക്കാരല്ലാത്ത സാന്പത്തിക വിദഗ്ധരെയും വിളിച്ചുകൂട്ടി പരിഹാരം തേടണം. അധികാരികളുടെയും കൂട്ടുകാരുടെയും നെഞ്ചളവല്ല, പാവപ്പെട്ടവന്റെ വയറളവാകണം രാജ്യത്തിന്റെ ഐശ്വര്യം.