കൊടുത്തത് എംപിക്ക് കൊണ്ടതു ജനങ്ങൾക്ക്
മുഖ്യമന്ത്രിയുടെ ഭാഷയും ഭാവവും ജനാധിപത്യത്തിൽ അധിഷ്ഠിതമായൊരു നവകേരളത്തോടല്ല, കാലഹരണപ്പെട്ട നാടുവാഴി സംസ്കാരത്തോടാണ് ചേർന്നു നിൽക്കുന്നത്. മുന്നണിയിലെ കക്ഷിയെന്ന നിലയിൽ ചാഴികാടനും അദ്ദേഹത്തിന്റെ പാർട്ടിക്കും അതു കണ്ടില്ലെന്നു നടിക്കേണ്ടി വന്നേക്കാം. പക്ഷേ, തങ്ങളുടെ നീറുന്ന പ്രശ്നങ്ങളോടു മുഖ്യമന്ത്രി നടത്തിയ പ്രതികരണം ജനങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവു തന്നെയാണ്.
ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച തോമസ് ചാഴികാടൻ എംപിയെ, അതൊന്നും പറയേണ്ടത് ഈ വേദിയിലല്ല എന്നു പറഞ്ഞ്, മുഖ്യമന്ത്രി വേദിയിൽവച്ചുതന്നെ പരസ്യമായി അവഹേളിച്ചതു ശരിയായില്ല.
ചാഴികാടൻ എംപി ഏതു പാർട്ടിക്കാരനാണെന്നതോ ഏതു മുന്നണിയിലാണെന്നതോ ഒന്നുമല്ല പ്രശ്നം; അദ്ദേഹം ലക്ഷക്കണക്കിനു മനുഷ്യരുടെ പാർലമെന്റിലെ പ്രതിനിധിയാണ്. ഏതു ലക്ഷ്യത്തോടെ എത്തിയാലും ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾ പറയുന്നതും കേൾക്കുന്നതുമൊന്നും രാഷ്ട്രീയത്തിൽ വർജിക്കപ്പെടേണ്ട കാര്യവുമല്ല.
പറയാതെ വയ്യ; മുഖ്യമന്ത്രിയുടെ ഭാഷയും ഭാവവും ജനാധിപത്യത്തിൽ അധിഷ്ഠിതമായൊരു നവകേരളത്തോടല്ല, കാലഹരണപ്പെട്ട നാടുവാഴി സംസ്കാരത്തോടാണ് ചേർന്നുനിൽക്കുന്നത്. മുന്നണിയിലെ കക്ഷിയെന്ന നിലയിൽ ചാഴികാടനും അദ്ദേഹത്തിന്റെ പാർട്ടിക്കും അതു കണ്ടില്ലെന്നു നടിക്കേണ്ടിവന്നേക്കാം.
അത് രാഷ്ട്രീയ അതിജീവനത്തിന്റെ കാര്യം. പക്ഷേ, തങ്ങളുടെ നീറുന്ന പ്രശ്നങ്ങളോടു മുഖ്യമന്ത്രി നടത്തിയ പ്രതികരണം ജനങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവുതന്നെയാണ്.
മൂന്ന് ആവശ്യങ്ങളാണ് തോമസ് ചാഴികാടൻ എംപി നവകേരള സദസിന്റെ സ്വാഗതപ്രസംഗത്തിൽ ഉന്നയിച്ചത്. റബറിന്റെ താങ്ങുവില വർധിപ്പിക്കണം, പാലാ നഗരസഭാ സ്റ്റേഡിയം നവീകരിക്കണം, ചേർപ്പുങ്കൽ പാലം പൂർത്തീകരിക്കണം.
നവകേരള സദസിന്റെ പാലായിലെ സംഘാടകസമിതി ചെയർമാൻകൂടിയായിരുന്നു എംപി. ഇക്കാര്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് എംപിയെ മുഖ്യമന്ത്രി ശാസനാരൂപത്തിൽ വിമർശിച്ചത്. സദസിന്റെ ഉദ്ദേശ്യം ചാഴികാടനു മനസിലായില്ലെന്നും ഇത് പരാതി സ്വീകരിക്കലാണ്, പരാതിപറയൽ ചടങ്ങല്ലെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽവച്ച് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാലുടനെ, പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന റബർ താങ്ങുവില വർധിപ്പിക്കുമെന്ന അമിതപ്രതീക്ഷയൊന്നും എംപിക്കോ നാട്ടുകാർക്കോ കാണില്ല. പക്ഷേ, അത്തരമൊരു ആവശ്യം ഓർമിപ്പിക്കാൻ പോലും സ്ഥലവും സാഹചര്യവും നോക്കേണ്ടിവരുന്നത് ഗതികേടാണ്.
മന്ത്രിമാരാകട്ടെ, മുഖ്യമന്ത്രിയാകട്ടെ, പൊതുസമൂഹത്തിലിറങ്ങുന്പോൾ ജനങ്ങളും സ്ഥലത്തെ നേതാക്കളും പരാതികൾ ഉന്നയിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രക്രിയകളിലൊന്നു മാത്രമാണ്. അതു വേണ്ടെന്ന സൂചന അപകടകരമാണ്. എന്തു പറയുന്നതിനു മുന്പും അധികാരിക്ക് ഇഷ്ടമാകുമോയെന്ന് നൂറുവട്ടം ചിന്തിക്കേണ്ടിവരുന്ന ഗതികേട് ഏകാധിപത്യവും, അതു സൃഷ്ടിക്കുന്ന വിധേയത്വവുമല്ലാതെ മറ്റെന്താണ്?
പാലായിലേതുപോലെ രൂക്ഷമല്ലെങ്കിലും കണ്ണൂർ മട്ടന്നൂരിൽ ഇത്തരമൊരു വിമർശനം മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജയ്ക്കും നേരിടേണ്ടിവന്നു. അധ്യക്ഷപ്രസംഗകയായ ശൈലജ കൂടുതൽ സംസാരിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ മാറ്റമുണ്ടായെന്നും മറ്റുള്ളവർക്കു സംസാരിക്കാൻ സമയം ലഭിച്ചില്ലെന്നുമാണ് അവിടെ മുഖ്യമന്ത്രി പറഞ്ഞത്.
നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ബഹുമാന്യയായ അധ്യക്ഷയ്ക്കു നിങ്ങളെ കണ്ടപ്പോൾ കുറേ കാര്യങ്ങൾ സംസാരിക്കണമെന്നു തോന്നിയെന്നും അദ്ദേഹം കേൾവിക്കാരോടു പറഞ്ഞു. പ്രസംഗം ദീർഘിപ്പിച്ചതിന്റെ പേരിൽ ശൈലജയെ വിമർശിച്ചതു ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യമല്ലെങ്കിലും മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം പരസ്പര ബഹുമാനത്തിന്റെ ലംഘനമായി പലർക്കും തോന്നി.
പറയുന്നതു കേട്ടാൽ മതി, ഇങ്ങോട്ടൊന്നും പറയേണ്ടെന്ന നിലപാടുകൊണ്ട് കേഡർ പാർട്ടിക്കല്ലാതെ ജനാധിപത്യത്തിനെന്തു ഗുണം? ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നത്, നൂറുവട്ടം എഴുതിപ്പഠിക്കേണ്ട അവസ്ഥയിലാണ് അധികാരികളിൽ പലരും. അകന്പടിവാഹനങ്ങളും പരിവാരങ്ങളും അധികാരപ്രമത്തരെ വഴിതെറ്റിക്കുന്നുമുണ്ടാകും.
കേന്ദ്രസർക്കാർ സംസ്ഥാനത്തെ ജനങ്ങളെ ഞെരുക്കുന്നതിന്റെ ദുരന്തം വിശദീകരിക്കുന്നവർക്ക് സംസ്ഥാനത്തെ റബർ കർഷകർ ഉൾപ്പെടെയുള്ള ജനങ്ങൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ചു കേൾക്കുന്പോൾ രോഷമുണ്ടാകുന്നത് അസഹിഷ്ണുതയാണ്.
പാലായിലുൾപ്പെടെ കേരളത്തിലെ റബർ കർഷകർ അനുഭവിക്കുന്ന കൊടിയ ദുരിതം പറയാൻ കഴിയുന്നില്ലെങ്കിൽ സ്ഥലം എംപിക്ക് നവകേരള വേദിക്കു പുറത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുമോ? ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് ഒട്ടും ലളിതമല്ലാതെ നടത്തുന്ന നവകേരള സദസിന്റെ ഉദ്ദേശ്യവും ലക്ഷ്യവും എന്തായാലും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ കേൾക്കാൻ സമയമില്ലെങ്കിൽ, അവരുടെ പ്രതിനിധിയെ മാനിക്കാൻ സൗകര്യമില്ലെങ്കിൽ നവകേരള സദസ് ആർക്കുവേണ്ടിയാണ്? മുഖ്യമന്ത്രി പാലായിൽ കൊടുത്തതു വേദിയിലിരുന്ന എംപിക്കാണെങ്കിലും കൊണ്ടതു സദസിലും പുറത്തുമുള്ള ജനങ്ങൾക്കാണ്; വിലയില്ലാത്ത റബർ പോലെയല്ല അവരുടെ ആത്മാഭിമാനമെന്ന് വേദിയിലുള്ളവർ മറക്കരുത്.