സപ്ലൈകോയുടെ മദ്യഭ്രമം!
കുടിശിക പ്രതിസന്ധി പരിഹരിക്കാൻ സ്റ്റോറുകൾ വഴി മദ്യം വിൽക്കാൻ അനുമതി നൽകണമെന്നാണ് ഇപ്പോൾ സപ്ലൈകോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിന്റെ ആശ്രയവും പരിഹാരവുമെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ പോകുന്നത് എത്ര ദയനീയമാണ്.
നക്ഷത്രങ്ങൾ മിഴിതുറക്കുന്ന ക്രിസ്മസ് കാലത്തു വിപണിയിലിറങ്ങുന്ന ജനങ്ങൾ നക്ഷത്രമെണ്ണേണ്ടി വരുമോ? വിലക്കയറ്റ ഭീഷണിക്കു മുന്നിലാണ് കേരളം ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുന്നത്. എല്ലാ ആഘോഷകാലത്തും വിലക്കയറ്റം ഒരു സാധാരണ പ്രതിഭാസമാണെന്നു വാദിക്കാമെങ്കിലും അതിനെ പിടിച്ചുനിർത്താറുള്ള സർക്കാരിന്റെ ഇടപെടൽ ഇത്തവണ ഉണ്ടാകാനിടയില്ല എന്നതാണ് ആശങ്ക ഉയർത്തുന്നത്.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കി സപ്ലൈകോ വിതരണക്കാർ സമരത്തിലേക്കു നീങ്ങുകയാണ്. സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം സപ്ലൈകോ നടത്തിയ ഇ-ടെൻഡറിൽനിന്നു വിതരണക്കാരുടെ സംഘടന വിട്ടുനിന്നു. നേരത്തേ സാധനങ്ങൾ നൽകിയ വകയിൽ സപ്ലൈകോ കൊടുക്കാനുള്ള 800 കോടി രൂപ കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് സബ്സിഡി സാധനങ്ങൾ അടക്കം 30 ഇനങ്ങൾക്കായിരുന്നു ടെൻഡർ ക്ഷണിച്ചത്. കഴിഞ്ഞ മാസം ടെൻഡർ ക്ഷണിച്ചിട്ടും 10 ഇനങ്ങൾ മാത്രമേ ഏറ്റെടുക്കാൻ ആളുണ്ടായുള്ളൂ. രണ്ടാമത് ക്ഷണിച്ചപ്പോൾ ടെൻഡർതന്നെ ബഹിഷ്കരിച്ചിരിക്കുന്നു.
നിർണായക സമയത്തു സർക്കാരിൽ സമ്മർദം ശക്തമാക്കി പണം വാങ്ങിയെടുക്കാനുള്ള തന്ത്രമാണ് ഈ ടെൻഡർ ബഹിഷ്കരണമെന്നു സപ്ലൈകോ കുറ്റപ്പെടുത്തിയേക്കാം. പക്ഷേ, യാഥാർഥ്യങ്ങളെ തമസ്കരിക്കാനാകില്ലല്ലോ. കൊടുത്ത സാധനങ്ങളുടെ പണം കിട്ടാതെ എത്ര നാൾ വിതരണക്കന്പനികൾക്കു മുന്നോട്ടുപോകാൻ കഴിയും? മാത്രമല്ല, 800 കോടി രൂപ എന്നതു നിസാര തുകയാണോ? ഇതു വിതരണക്കാരെയും അവരുടെ കുടുംബങ്ങളെയും മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല. സർക്കാരിൽനിന്നു പണം കിട്ടുന്പോൾ നൽകാമെന്നു പറഞ്ഞായിരിക്കുമല്ലോ അവർ കർഷകരിൽനിന്നും മറ്റ് ഉത്പാദകരിൽനിന്നുമൊക്കെ സാധനങ്ങൾ ശേഖരിക്കുന്നത്. പണം കിട്ടാതാകുന്പോൾ ഇങ്ങനെ പല തട്ടിലുള്ള ആളുകളാണ് അതിന്റെ ക്ലേശം നേരിടേണ്ടിവരുന്നത്.
സർക്കാർ സാന്പത്തിക പ്രതിസന്ധിയുടെ പത്മവ്യൂഹത്തിൽ അകപ്പെട്ടതിന്റെ പ്രത്യാഘാതങ്ങൾ സാധാരണ ജനങ്ങളെ നേരിട്ടുബാധിച്ചുതുടങ്ങി എന്നതിന്റെ തെളിവാണ് ഇത്തരം പ്രശ്നങ്ങൾ. അടിയന്തരമായി വിതരണക്കാരുടെ പ്രശ്നം തീർത്ത് ടെൻഡർ നൽകിയില്ലെങ്കിൽ ക്രിസ്മസ്-പുതുവത്സരക്കാലത്തു വിലക്കയറ്റം പിടിവിട്ടു പായുന്ന കാഴ്ച കാണേണ്ടിവരും. പൊതുവേ സാന്പത്തിക ബുദ്ധിമുട്ടുകളുടെ വക്കിൽ നിൽക്കുന്ന ജനതയ്ക്ക് അത് ഇരട്ടി ഭാരമാകും സമ്മാനിക്കുക.
സപ്ലൈകോയിലെ സാന്പത്തിക പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ല. സർക്കാരിന്റെ ധനസ്ഥിതി മോശമായതിനൊപ്പം സപ്ലൈകോയുടെ കെടുകാര്യസ്ഥതയും പ്രശ്നം വഷളാക്കിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സപ്ലൈകോ കൈകാര്യം ചെയ്ത നെല്ലു സംഭരണവും പരാജയ സംരംഭമായി മുടന്തുന്നതു കൺമുന്നിലുണ്ടല്ലോ. കണക്കുകൾ സമയബന്ധിതമായി ഓഡിറ്റ് ചെയ്തില്ല, തുക വകമാറ്റി എന്നിങ്ങനെ നിരവധി ആരോപണങ്ങൾ സപ്ലൈകോ കുറെക്കാലമായി നേരിടുന്നുണ്ട്.
പരസ്പരം കുറ്റം പറയുന്നതിനേക്കാൾ പ്രതിസന്ധിക്കു പരിഹാരം കാണുകയെന്നതാണ് പ്രധാനം. അതിനു പ്രത്യേകിച്ചു പദ്ധതികളൊന്നും സപ്ലൈകോയുടെ മുന്നിലില്ല എന്നതാണ് അവരുടെ പുതിയ നീക്കത്തിൽനിന്നു വ്യക്തമാകുന്നത്. കുടിശിക പ്രതിസന്ധി പരിഹരിക്കാൻ സ്റ്റോറുകൾ വഴി മദ്യം വിൽക്കാൻ അനുമതി നൽകണമെന്നാണ് ഇപ്പോൾ സപ്ലൈകോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിന്റെ ആശ്രയവും പരിഹാരവുമെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ പോകുന്നത് എത്ര ദയനീയമാണ്. ഇപ്പോൾത്തന്നെ നാടെങ്ങും ബിവറേജ് ഷോപ്പുകളും ബാറുകളും തുറന്നു കൊള്ളവിലയ്ക്കു മദ്യം വിറ്റുകൊണ്ടിരിക്കുകയാണ് സർക്കാർ. ഒരുവശത്ത് ലഹരിവിരുദ്ധ പ്രവർത്തനം മുറയ്ക്കു നടക്കുന്പോൾ മറുവശത്ത് അതിനേക്കാൾ തീവ്രതയോടെ മദ്യക്കച്ചവടം. മദ്യാസക്തിയുടെ വക്കിലാണ് കേരളം.
വർധിച്ചുവരുന്ന ആത്മഹത്യകളും ക്രിമിനൽ പ്രവർത്തനങ്ങളുമൊക്കെ ലഹരിവ്യാപനത്തിന്റെ പ്രതിഫലനംകൂടിയാണ്. ഇനി സപ്ലൈകോയിൽകൂടി മദ്യം വിൽക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? ഇതുകൊണ്ടും സാന്പത്തികസ്ഥിതി മെച്ചപ്പെടുത്താനായില്ലെങ്കിൽ അടുത്ത ഘട്ടമായി റേഷൻകട വഴി മദ്യം വിൽക്കാൻ അനുവദിക്കണമെന്നു സിവിൽ സപ്ലൈസ് വകുപ്പ് ആവശ്യപ്പെടുമോ?