മഴയെത്തും മുന്‍പേ മരണമെത്തുന്നു
Wednesday, May 7, 2025 12:00 AM IST
മുങ്ങിമരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി ജലാശയങ്ങളിൽനിന്നു പുറത്തെടുക്കുന്പോൾ കണ്ണീരൊഴുക്കാനേ നിവൃത്തിയുള്ളൂ. പക്ഷേ, ഇനിയാരെയും മുക്കിക്കളയാതിരിക്കാൻ മുൻകരുതലെടുക്കാം.
ജലാശയങ്ങളിൽ മുങ്ങിമരിക്കുന്ന കുട്ടികളുടെയും യുവാക്കളുടെയും വാർത്ത ഒന്നിനു പിറകെ മറ്റൊന്നായി പുറത്തുവരികയാണ്. പാലാ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. അന്നുതന്നെ മാനന്തവാടിയിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മരിച്ചു. അതേസമയത്തുതന്നെ എറണാകുളം കാലടയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു.
തൊട്ടുമുൻപുള്ള ദിവസങ്ങളിലും നിരവധി കുട്ടികൾ വെള്ളത്തിൽ മുങ്ങിപ്പോയി. മഴയെത്തും മുൻപേ മരണമെത്തിയത് എല്ലാവരും അറിയേണ്ടതാണ്. കാലവർഷം തുടങ്ങുന്നതോടെ ജലാശയങ്ങൾ അതിന്റെ തണുത്ത കൈകൾ കൂടുതൽ കുട്ടികൾക്കായി നീട്ടും. സർക്കാരും സമൂഹവും മാതാപിതാക്കളും കുട്ടികളും ഒന്നിച്ചൊരു തടയണ കെട്ടിയാലേ ഈ മരണപ്രവാഹത്തെ തടയാനാകൂ; അതു സാധ്യമാണ്.
പാലായിൽ മുങ്ങിമരിച്ചത് മീനച്ചിലാറ്റിലെ വിലങ്ങുപാറയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ വിദ്യാർഥികളാണ്. മുൻപ് അതേ കടവിൽ കുളിച്ചിട്ടുണ്ടെങ്കിലും മുൻദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വെള്ളം ഉയർന്നതും ഒഴുക്ക് വർധിച്ചതും കുട്ടികൾക്കു തിരിച്ചറിയാനായില്ല. മാനന്തവാടിയിൽ തവിഞ്ഞാൽ സ്വദേശികളായ കുട്ടികളാണ് മുങ്ങിമരിച്ചത്.
അഞ്ചംഗ സംഘം വാളാട് പുലിക്കാട് ചെക്ക്ഡാമിൽ കുളിക്കുന്നതിനിടെ രണ്ടുപേർ മുങ്ങിപ്പോകുകയായിരുന്നു. കൂട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാരും റെസ്ക്യു ടീമും സ്ഥലത്തെത്തിയെങ്കിലും മൃതദേഹങ്ങളാണ് വീണ്ടെടുക്കാനായത്. എറണാകുളം കാലടയിൽ പെരിയാറിന്റെ കൈത്തോടായ കൊറ്റമം തോട്ടിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങിമരിച്ചത്. നാലുപേർ ഒഴുക്കിൽപ്പെട്ട് പെരിയാറിലേക്ക് പോയെങ്കിലും മൂന്നുപേരെയേ ബന്ധുക്കൾക്കു രക്ഷിക്കാനായുള്ളൂ.
കൊച്ചി പെരിയാറിൽ പാണംകുഴിക്കടുത്ത് പുഴമധ്യത്തിലെ തുരുത്തിൽ കാഴ്ച കാണാൻ കയറിയ യുവതി കാൽ വഴുതിവീണു മരിച്ചത് ദിവസങ്ങൾക്കു മുൻപാണ്. ഞായറാഴ്ചയാണ് ആലപ്പുഴ എടത്വയിൽ ബന്ധുവീട്ടിലെത്തിയ തൃശൂർ സ്വദേശിയായ യുവാവ് മങ്ങാട്ട് കടവിൽ കുളിക്കുന്നതിനിടെ കാൽ വഴുതിവീണു മുങ്ങിമരിച്ചത്. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും മരണങ്ങൾ. അത്രയും വീടുകളിലെ ആളുകളുടെ ഭാവിജീവിതം ഈ മരണങ്ങളോർത്ത് നിരന്തരം മുറിവേറ്റുകൊണ്ടിരിക്കും. പക്ഷേ, ഈ നിത്യദുഃഖങ്ങൾ ഒഴിവാക്കാവുന്നതാണ്.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ പ്രതിവർഷം 60,000 മുതൽ 80,000 വരെ ആളുകൾ മുങ്ങിമരിക്കുന്നുണ്ട്. ദിവസം 82 മരണങ്ങൾ. ഏറ്റവുമധികം മുങ്ങിമരണങ്ങൾ സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്; ദിവസം ശരാശരി മൂന്നുപേർ. വേനൽക്കാല മുങ്ങിമരണങ്ങളിൽ 75 ശതമാനവും കുട്ടികളുടേതാണ്.
നമുക്കെന്തു ചെയ്യാനാകും? പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നീന്തലറിയുക, അറിഞ്ഞാലും ആപത്തുള്ള ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക എന്നിവയാണ്. കുട്ടനാട്ടിൽ ആ നാട്ടുകാരുടെ മുങ്ങിമരണങ്ങൾ കുറവായത് അവിടെ കുട്ടികൾക്കും നീന്തലറിയാം എന്നതുകൊണ്ടാണ്. പല രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസമെന്നാൽ ജീവിതാവസാനം വരെ പൗരൻ പാലിക്കേണ്ട അടിസ്ഥാന മര്യാദകളും അതിജീവന മാർഗങ്ങളും പരിശീലിപ്പിക്കുന്നതുകൂടിയാണ്. അതിലൊന്നാണ് നീന്തൽ പരിശീലനം.
കേരളത്തിലെ സ്കൂളുകളിൽ നീന്തൽ പരിശീലനം വ്യാപിപ്പിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പക്ഷേ, ഇവിടത്തെ രീതിയനുസരിച്ച് നമ്മുടെയൊക്കെ ജീവിതകാലത്ത് അതു കാണാനാകുമോ എന്നറിയില്ല. എല്ലാ സ്കൂളുകളിലും ഇതൊക്കെ സാധ്യമാകുന്പോഴേക്കും ജലാശയങ്ങൾ എത്ര കുട്ടികളെ കൊണ്ടുപോയിക്കഴിഞ്ഞിരിക്കും! സർക്കാർ ചുമതലകൾ നിറവേറ്റുവോളം നാം കാത്തിരിക്കേണ്ടതില്ല.
കുട്ടികൾ കുളിക്കാൻ പോകുന്നത് എവിടേക്കാണെന്നു മാതാപിതാക്കളും, അവധിയാഘോഷിക്കാൻ കുട്ടികളെത്തുന്ന ബന്ധുവീടുകളിലുള്ളവരും അറിഞ്ഞിരിക്കണം. നീന്താനറിയാത്ത കുട്ടികളെ മുതിർന്നവർക്കൊപ്പമല്ലാതെ യാതൊരു കാരണവശാലും ജലാശയങ്ങളിലേക്കു വിടരുത്.
പ്രാദേശിക ഭരണകൂടങ്ങൾ അടിയന്തരമായി ഈ ദിവസങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പ്രദേശത്തെ അപകടകരമായ ജലാശയങ്ങൾക്കടുത്ത് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയോ വേലികെട്ടി തിരിക്കുകയോ ചെയ്യണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളെത്തുമെന്നതിനാൽ ബോർഡുകൾക്കൊപ്പം സുരക്ഷാജീവനക്കാരെയും ഏർപ്പെടുത്തണം.
വിനോദം ജീവൻ പണയം വച്ചാകരുത്. മുന്നറിയിപ്പു ബോർഡുകളെ വകവയ്ക്കാതെ അതിരു കടക്കുന്നവരും മദ്യപിച്ച് വെള്ളത്തിലിറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു വകുപ്പിന്റെ മുന്നറിയിപ്പ്; ഓരോ ജലാശയത്തിന്റെയും ഒഴുക്ക്, സ്വാഭാവം, ആഴം, പരപ്പ് തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കുമെന്നാണ്. ഇത് നീന്തലറിയുന്ന ആളെയും രക്ഷപ്പെടുത്താന്‍ ഇറങ്ങുന്നവരെയും അപകടത്തില്‍പ്പെടുത്തും.
മുങ്ങിമരണങ്ങൾ നിമിഷങ്ങളുടെ സൃഷ്ടിയാണ്. പ്രിയപ്പെട്ടവർക്കുപോലും പലപ്പോഴും കാഴ്ചക്കാരായി നിൽക്കാനേ കഴിയൂ. സ്വന്തം ജീവൻ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓർമ വേണം. അമേരിക്കൻ ബാസ്കറ്റ് ബോൾ താരം ഗിൽബെർട്ട് അരീനസിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്: “നമ്മൾ കരയിലും സ്രാവുകൾ വെള്ളത്തിലുമാണ് ജീവിക്കുന്നത്.
നാം വെള്ളത്തിലിറങ്ങുന്പോൾ സ്രാവ് ആക്രമിക്കുന്നത് അതിക്രമിച്ചു കടക്കുന്നതുകൊണ്ടാണ്. അത് സ്രാവിന്റെ ആക്രമണമല്ല.” പുഴയോ തോടോ കുളമോ കടലോ ആകട്ടെ, അതു നമ്മുടെ ആവാസകേന്ദ്രമല്ല. നമുക്കു ശ്വസിക്കാനാവാത്ത ആ ലോകത്തേക്കു നാം അതിക്രമിച്ചു കടക്കുന്നുണ്ടെങ്കിൽ മുൻകരുതലെടുത്തേ മതിയാകൂ.