സിന്ദൂരം ചോദിച്ചവർക്ക് ഹോളി സമ്മാനം
Thursday, May 8, 2025 12:00 AM IST
ലോകസമാധാനം കെടുത്തുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഏഷ്യൻ പാചകപ്പുരകളിൽ ചിലതാണ് ഇന്ത്യ പൊളിച്ചുകളഞ്ഞത്. ഇതു കേവലം ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നമല്ല, ആഗോളഭീകരവിരുദ്ധതയ്ക്ക് ഇന്ത്യയുടെ സംഭാവനയാണ്.
കാഷ്മീരിലെത്തി ഇന്ത്യൻ സ്തീകളുടെ സിന്ദൂരം തുടച്ചുമാറ്റാൻ ശ്രമിച്ചവരുടെ വീട്ടിൽ കയറി ഇന്ത്യ സിന്ദൂരച്ചെപ്പുകൾ കൊടുത്തിരിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരേ ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ തിരിച്ചടിയിൽ ഒന്പതു ഭീകരതാവളങ്ങളാണു തകർത്തത്. പാക് പൗരന്മാരുടെ ഉറക്കംപോലും കെടുത്താതെ രാത്രിയിൽ മതഭ്രാന്തന്മാർക്കു കൊടുത്ത തിരിച്ചടിക്ക് ഇന്ത്യയിട്ട പേര് "ഓപ്പറേഷൻ സിന്ദൂർ’. പട്ടാപ്പകൽ സിന്ദൂരം ചോദിച്ചെത്തിയവർക്ക് പാതിരാത്രിയിൽ ഇന്ത്യ സിന്ദൂരച്ചെപ്പുകൾ എത്തിച്ചുകൊടുത്തിരിക്കുന്നു. അടങ്ങുന്നില്ലെങ്കിൽ ഒരു ഹോളിതന്നെ സമ്മാനിക്കാം. യുദ്ധം ഇന്ത്യക്ക് ആഘോഷമല്ല; പക്ഷേ, സമാധാനം ആവശ്യമാണ്.
ഏപ്രിൽ 22നു കാഷ്മീരിലെ പഹൽഗാമിൽ നിസഹായരായ 26 പൗരന്മാരെ വധിച്ച പാക് ഭീകരാക്രമണത്തിനാണ് ചൊവ്വാഴ്ച അർധരാത്രിയിൽ ഇന്ത്യ മറുപടി കൊടുത്തത്. 14 ദിവസം കഴിഞ്ഞിട്ടും തീവ്രവാദികൾക്കെതിരേ ഒരു നടപടിയും സ്വീകരിക്കാതിരുന്ന പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ആണവായുധ ഭീഷണിയും മുഴക്കിയിരുന്നു. പ്രമുഖ ഭീകരസംഘടനകളായ ലഷ്കർ-ഇ-തയ്ബ, ജയ്ഷെ മുഹമ്മദ് എന്നിവയുടെ കേന്ദ്രങ്ങളിലായിരുന്നു ആക്രമണമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
മുസാഫറാബാദ്, സർജാൽ, കോട്ലി, ഗുൽപുർ, സിയാൽകോട്ട്, ബർണാൽ, മുരിദ്കെ, ഭവൽപുർ, സവായ് എന്നിവിടങ്ങളിലെ തകർക്കപ്പെട്ട ഭീകരപരിശീലന കേന്ദ്രങ്ങളുടെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പാക് അധിനിവേശ കാഷ്മീരിലെ അഞ്ചു ക്യാന്പുകളും തകർത്തതായി സൈന്യം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ പ്രതികാരത്തിൽ ഭീകരൻ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാർട്ടേഴ്സും ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ ഇയാളുടെ സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
തീവ്രവാദികൾ വിനോദയാത്രികരെ കൊന്നത് അവർ തങ്ങളുടെ മതത്തിൽ പെട്ടവരല്ലെന്ന് ഉറപ്പാക്കിയശേഷമാണ്. കൺമുന്നിൽ ഭർത്താക്കന്മാരെ കൊന്ന് സ്ത്രീകളെ ജീവച്ഛവങ്ങളാക്കുകയായിരുന്നു. മതഭ്രാന്തിനു മാത്രം സാധിക്കുന്ന ക്രൂരത! ഇന്ത്യ കണ്ണീർ വാർത്തെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. തീവ്രവാദികളെ പാലൂട്ടി വളർത്തിയ പാക്കിസ്ഥാന്റെ കരണത്തടിക്കാൻ ഇന്ത്യ മുന്നിലിറക്കിയത് രണ്ടു വനിതകളെ. വ്യോമസേനാ വിംഗ് കമാൻഡർ വ്യോമിക സിംഗ്, കരസേനാ കേണൽ സോഫിയ ഖുറേഷി എന്നിവർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലും പങ്കെടുത്തു. അതേ, പഹൽഗാമിൽ ഭർത്താക്കന്മാരുടെ മൃതദേഹത്തിനു മുന്നിൽ ഒരുവേള ഹൃദയം പൊട്ടിയിരുന്ന സ്ത്രീകളെ രാജ്യം ചേർത്തുപിടിച്ചിരിക്കുന്നു. ആ ഭീകരർക്ക് സ്ത്രീകൾ കൊടുക്കുന്ന മറുപടികൂടിയാണ് ഈ തിരിച്ചടിയെന്നു പറഞ്ഞത്, ഭീകരർ കൊന്ന കൊച്ചി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതിയാണ്. ഇതിന് "ഓപ്പറേഷൻ സിന്ദൂർ’ എന്നു പേരിട്ടവരെ അഭിവാദ്യം ചെയ്യുന്നെന്നും അവർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാൻ നുണകൾകൊണ്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ടും ജനാധിപത്യ രാജ്യങ്ങളിലേറെയും ഇന്ത്യക്കൊപ്പം നിന്നു. മുസ്ലിം തീവ്രവാദികളുടെയും അവരുടെ നിഴൽയുദ്ധക്കാരുടെയും സ്ഥിരം തന്ത്രമായ ഇരവാദവുമായി ഐക്യരാഷ്ട്രസഭയിലെത്തിയ പാക്കിസ്ഥാന് സുരക്ഷാസമിതിയിൽ ഉദ്ദേശിച്ച പിന്തുണ ഇത്തവണ കിട്ടിയില്ല. ചൈന, തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പരസ്യമായി നിന്നത്. തുർക്കി ആധുനിക യുഗത്തിലും ഇസ്ലാമിക തീവ്രവാദത്തിന്റെ ഖലീഫ ഭരണം തിരികെ കൊണ്ടുവരാൻ വിയർപ്പൊഴുക്കുന്ന രാജ്യമാണ്.
ഒന്നാം ലോകയുദ്ധക്കാലത്ത് അർമീനിയൻ ക്രൈസ്തവരുടെ വംശഹത്യ നടത്തിയ തുർക്കിയുടെ പിന്തുണയോടെയാണ് കഴിഞ്ഞവർഷം അസർബൈജാൻ നാഗർണോ-കാരാബാക്കിലെ അവശേഷിച്ച അർമീനിയക്കാരെയും നാടുകടത്തിയത്. ഇസ്ലാമിക തീവ്രവാദത്തിന്റെ ഏഷ്യയിലെ സംരക്ഷകരായ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമാണ് ചൈന. ഒരേ നുകത്തിൽ കെട്ടാവുന്ന ഈ മൂന്നു രാജ്യങ്ങൾക്കൊപ്പമില്ലെങ്കിലും പിൻവാതിൽ സഹായമെത്തിക്കുന്നവരെയും ലോകം തിരിച്ചറിയണം. ലോകസമാധാനം കെടുത്തുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഏഷ്യൻ പാചകപ്പുരകളിൽ ചിലതാണ് ഇന്ത്യ പൊളിച്ചുകളഞ്ഞത്. ഇതു കേവലം ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നമല്ല, ആഗോള ഭീകരവിരുദ്ധതയ്ക്ക് ഇന്ത്യയുടെ സംഭാവനയാണ്. ഇസ്ലാമിക ഭീകരകേന്ദ്രങ്ങൾ ലോകത്തെവിടെ തകർത്താലും അത് സുസ്ഥിര സമാധാനത്തിനുവേണ്ടിയാണ്.
പണപ്പെരുപ്പത്താൽ പൊറുതിമുട്ടുന്ന പാക്കിസ്ഥാനിൽ അരിവില കിലോയ്ക്ക് 100നു മുകളിലാണ്. അവശ്യവസ്തുക്കളുടെയെല്ലാം വില കയറി. തീവ്രവാദത്തെ വളർത്തുന്നതിനിടെ പട്ടിണിയിലായ രാജ്യം ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും ഐഎംഎഫിന്റെയും എഡിബിയുടെയും വായ്പകൊണ്ടാണ് കഴിയുന്നത്. പഹൽഗാമിനെത്തുടർന്ന് ഇന്ത്യ നദീജല വിതരണം തടഞ്ഞതും വ്യാപാരബന്ധങ്ങൾ വിച്ഛേദിച്ചതും കൂനിന്മേൽ കുരുവായിട്ടുണ്ട്. എന്നിട്ടും ഇതര മതസ്ഥരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന തീവ്രവാദ വികൃതജപങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുകയാണ്.
മതഭ്രാന്തിൽ പൂത്തുലയുന്ന മരണാനന്തര സൗഭാഗ്യങ്ങളുടെ പച്ചില കാണിച്ച് നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് പൗരന്മാരെ ആട്ടിത്തെളിക്കുന്ന തീവ്രവാദികളുടെ സംരക്ഷണകേന്ദ്രമാണ് പാക്കിസ്ഥാൻ. അതിനെ പ്രതിരോധിക്കുന്നതിനൊപ്പം പ്രാധാന്യമുണ്ട്, തീവ്രവാദംകൊണ്ടു മാത്രം മുളയ്ക്കുന്ന വിഷവിത്തുകൾ ഈ മതേതര മണ്ണിന്റെ മനസിലും വളരുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്. 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദമാണ്. തിരിച്ചറിയാൻ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന മാരക വൈറസ്.