അമേരിക്കയിൽനിന്ന് ലെയോ പതിനാലാമൻ
Friday, May 9, 2025 12:00 AM IST
ഒരു പുകക്കുഴൽ, ലോകത്തിന്റെ ഒരേയൊരു വാർത്താ ഏജൻസിയോ വാർത്താക്കുറിപ്പോ ആകുന്ന അപൂർവ നിമിഷം! സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്ന് ലോകം ആ വാർത്ത വായിച്ചു- പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തിരിക്കുന്നു. ഇനി ലെയോ പതിനാലാമൻ സഭയുടെ തലവൻ!
വത്തിക്കാൻ.
സമയം വൈകുന്നേരം 6.15.
ലോകത്തെ വാർത്താ ഏജൻസികൾക്കൊന്നും നൽകാനാവാത്ത ആ ഭാഷാരഹിത ‘എക്സ്ക്ലൂസീവ് ന്യൂസ്’ സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനി പുറത്തുവിട്ടു. ആഗോള കത്തോലിക്കാ സഭ അതിന്റെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുത്തിരിക്കുന്നു. വാർത്താ ഏജൻസികളില്ല, പത്രപ്രസ്താവനയില്ല, വാർത്താസമ്മേളനമില്ല, ഡിജിറ്റൽ ലോകത്തിന്റെ ആധുനിക ഉപകരണങ്ങളില്ല, വാർത്ത അറിയിക്കാനൊരു മനുഷ്യൻ പോലുമില്ല.
ഒരു പുകക്കുഴലിൽനിന്നുയർന്ന വെളുത്ത പുകയിൽ ഭാഷാ തടസങ്ങളില്ലാതെ ലോകം ആ വാർത്ത വായിച്ചു. കാത്തിരിപ്പിനൊടുവിൽ, ദിവസങ്ങൾക്കു മുന്പ് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ സന്ദേശം നൽകിയ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലേക്ക് പുതിയ മാർപാപ്പയെത്തി; ലെയോ പതിനാലാമൻ!
അമേരിക്കയിൽനിന്നുള്ള കർദിനാൾ, 69കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആണ് ലെയോ എന്ന പേരു സ്വീകരിച്ചത്. അമേരിക്കയിൽനിന്ന് ആദ്യമായിട്ടാണ് ഒരു മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടത് എന്നതും ചരിത്രമായി. വെളുത്ത പുക വിണ്ണിലേക്കുയർന്ന് 70-ാം മിനിറ്റിൽ 267-ാമതു മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തത് ലോകമെങ്ങും മുഖ്യവാർത്തയായി. ഏതാണ്ട് എല്ലാ പത്രങ്ങളും ഒന്നാം പേജുകളിൽ ചരിത്രസംഭവത്തിന്റെ ആദ്യകുറിപ്പെഴുതി.
ഏഴാം തീയതി ധ്യാനത്തോടെ തുടങ്ങിയ കോൺക്ലേവിൽ 71 രാജ്യങ്ങളിൽനിന്നുള്ള 133 കർദിനാൾമാരാണ് സഭയുടെ പ്രതിനിധികളായി പങ്കെടുത്ത് മാർപാപ്പയെ തെരഞ്ഞെടുത്തത്. വെളുത്ത പുകച്ചുരുളുകൾ കണ്ടതോടെ പുതിയ പാപ്പായെ കാണാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തിരുന്ന വിവിധ രാജ്യങ്ങളിൽനിന്നെത്തിയ പതിനായിരങ്ങൾ ഇളകിമറിഞ്ഞ കടൽപോലെയായി.
ജനസാഗരത്തിനുമേൽ വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളും പേപ്പൽ പതാകകളും ജപമാലകളും ഓളമിട്ടു. അപ്പോഴേക്കും വിശുദ്ധ പത്രോസിന്റെ ചത്വരത്തിലൂടെ ബാൻഡ് മേളക്കാരും പിന്നാലെ സ്വിസ് ഗാർഡും നിരയായെത്തി. മാർപാപ്പ ആദ്യസന്ദർശനത്തിന് എത്തിയതോടെ ചിലർ ആർപ്പുവിളിച്ചു, മറ്റു ചിലർ കണ്ണീർ വാർത്തു. പുതിയ പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു.
രണ്ടു സഹസ്രാബ്ദങ്ങൾക്കു മുന്പ് ആദ്യ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് അത്യന്തം നാടകീയമായൊരു ചോദ്യോത്തരമായി ബൈബിളിലുണ്ട്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തിബേരിയോസ് കടൽത്തീരത്ത് മീൻ പിടിച്ചുകൊണ്ടിരുന്ന ശിക്ഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടതാണ് സന്ദർഭം. പ്രാതൽ കഴിഞ്ഞയുടനെയാണ് അപ്രതീക്ഷിതമായ ആ ചോദ്യം ഈശോമിശിഹാ പത്രോസിനോടു ചോദിച്ചത്:
“യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നോ?’’
“ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന് നീ അറിയുന്നല്ലോ?’’
“എന്റെ ആടുകളെ മേയ്ക്കുക.’’
പത്രോസ് മറ്റെന്തെങ്കിലും പറയുന്നതിനു മുന്പ് ഈശോമിശിഹാ വീണ്ടും ചോദിച്ചു:
“യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നോ?’’
“ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന് നീ അറിയുന്നല്ലോ?’’
“എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.’’
മൂന്നാമതും അതേ ചോദ്യം ആവർത്തിച്ചതോടെ ഏതൊരു മനുഷ്യനും സംഭവിക്കാവുന്നതുപോലെ പത്രോസ് ദുഃഖിതനായിപ്പോയി. സംശയങ്ങളെല്ലാം ഉള്ളിലൊതുക്കി പത്രോസ് വീണ്ടും മറുപടി പറഞ്ഞു:
“കർത്താവേ നീ എല്ലാം അറിയുന്നല്ലോ. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു.”
“എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.’’
അങ്ങനെ, തനിച്ചായിപ്പോയ ഒരു രാത്രിക്കും പുലർച്ചയ്ക്കുമിടെ തന്നെ അറിയുകപോലുമില്ലെന്നു മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെത്തന്നെ മിശിഹാ തന്റെ സഭയുടെ തലവനാക്കി. അസാധാരണവും അപ്രതീക്ഷിതവുമായ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും പുതിയ മാർപാപ്പയായി ഇന്നിതാ ലെയോ പതിനാലാമൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
അദ്ദേഹം ഇനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ നഗരരാഷ്ട്രത്തിന്റെ ഭരണാധിപനുമാണ്. എല്ലാറ്റിലുമുപരി അദ്ദേഹം ലോകം കാതോർക്കുന്ന ധാർമികതയുടെ ശബ്ദമായി മാറും. യുദ്ധങ്ങളും കലാപങ്ങളും അസമത്വവും വിശപ്പും ലോകത്ത് കറുത്ത പുകയായി പടരുന്പോൾ അരുതെന്ന സുവിശേഷം ലോകം മാർപാപ്പയിൽനിന്നു ശ്രവിക്കും. ആഗോളസഭയുടെയും ലോകത്തിന്റെയും ആഹ്ലാദത്തിനൊപ്പം ദീപിക ഈ സന്തോഷവാർത്ത പങ്കുവയ്ക്കുകയും ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് പ്രാർഥനാശംസകൾ നേരുകയും ചെയ്യുന്നു.
വിവാ ഇൽ പാപ്പ!