വേടൻ പാടണം, തെറ്റില്ലാതെ
Monday, May 5, 2025 12:00 AM IST
അവർണ ഇരവാദക്കാർ പിരിഞ്ഞുപോകട്ടെ. ചെയ്ത തെറ്റിനു മാപ്പു പറയുകയും നിയമനടപടികൾക്കു വിധേയനാകുകയും ചെയ്ത വേടൻ പാടട്ടെ. ഈ കേസിൽ വനംവകുപ്പിനെതിരേ
പ്രതികരിച്ചവർ മലയോര കർഷകരുടെ കാര്യം വരുന്പോഴും വാ തുറക്കുകയും ചെയ്യട്ടെ.
മയക്കുമരുന്ന് ഉപയോഗിച്ചതിനും പുലിപ്പല്ല് കൈവശം വച്ചതിനും പിടിയിലായ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിയെ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽനിന്ന് ഒഴിവാക്കിയ നടപടി പിൻവലിച്ചിരിക്കുന്നു. ഇന്നയാൾ ഇടുക്കിയിൽ പാടും. ചെയ്ത തെറ്റിനു മാപ്പു പറയുകയും നിയമനടപടികൾക്കു വിധേയനാകുകയും ചെയ്ത വേടൻ പാടട്ടെ. വനം വകുപ്പിനെതിരേ സിപിഎം, സിപിഐ സെക്രട്ടറിമാരുടെ പ്രതികരണവും നല്ലൊരു തുടക്കമാണ്.
വനംവകുപ്പിന്റെ ഏറ്റവും വലിയ ഇരകളായ മലയോര കർഷകർക്കുവേണ്ടിയും ഇനിയവർ വാ തുറക്കുമെന്നു കരുതാം. ദളിതർ, ആദിവാസികൾ, കർഷകർ, മലയോരവാസികൾ... ചവിട്ടിമെതിക്കപ്പെട്ട അവകാശങ്ങളുടെ മാറാപ്പുമായി നവകേരളത്തിന്റെ പുറന്പോക്കിൽ നിൽക്കുന്ന എല്ലാവർക്കും വേണ്ടി പാടൂ, വേടാ. വിയർപ്പിനാൽ തുന്നപ്പെട്ട കുപ്പായത്തിനുള്ളിൽ അധികാരത്തിന്റെ കാൽപ്പാടു പതിഞ്ഞ മുതുകുള്ള മനുഷ്യർ ഇനിയുമുണ്ട്.
വേടന്റെ അറസ്റ്റും തൊട്ടുപിന്നാലെയുണ്ടായ സമൂഹ പ്രതികരണങ്ങളും സമൂഹമാധ്യമ വിദ്വേഷ പ്രചാരണങ്ങളും വനം വകുപ്പിന്റെ സമാന്തരഭരണവും സംഭവത്തിന്റെ ഗുണദോഷങ്ങൾ മനസിലാക്കിയുള്ള പാർട്ടി നേതാക്കളുടെ രാഷ്ട്രീയ പ്രതികരണങ്ങളും കേരളം വിചിന്തനം ചെയ്യേണ്ടതാണ്. ആദ്യം റാപ്പർ വേടന്റെ പ്രതികരണം നോക്കാം. അറസ്റ്റിലായ വേടന്റെ പ്രതികരണം ആത്മവിശ്വാസവും സത്യസന്ധമായ രാഷ്ട്രീയ ബോധ്യവും നിറഞ്ഞതായിരുന്നു. തെറ്റു പറ്റിയെന്നും തിരുത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. “ചേട്ടനോട് ക്ഷമിക്കണം, നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്നു നോക്കട്ടെ.” എന്ന പ്രതികരണമാണ് അയാൾ നടത്തിയത്. ഇരവാദത്തെ വേടൻ തൊട്ടതേയില്ല. വേടനുവേണ്ടിയെന്ന മട്ടിൽ ഇരവാദത്തിന്റെ ഒളിപ്പോരിനിറങ്ങിയവരെ അയാൾതന്നെ നിരായുധരാക്കിയിരിക്കുന്നു. കുറ്റവാളികളെ ജാതിയും മതവും ന്യൂനപക്ഷവുമൊക്കെ നോക്കി ന്യായീകരിക്കുന്നതിലും ആപത്കരമാണ് അതിന്റെ മറവിൽ സവർണ ചാപ്പയുമായി വിദ്വേഷ പ്രചാരണത്തിനിറങ്ങുന്നത്.
ഇതിനേക്കാൾ വലിയ കുറ്റം ചെയ്തവരെ വെറുതേ വിട്ടിട്ടില്ലേയെന്ന ചോദ്യത്തിൽ കഴന്പുണ്ടായിരിക്കാം. പക്ഷേ, വേടന്റെ കുറ്റത്തെ അത് ഇല്ലാതാക്കില്ല. അത്തരമൊരു ദയയ്ക്കായി അയാൾ ആരോടും യാചിച്ചിട്ടുമില്ല. അവർണ-സവർണ വ്യത്യാസമില്ലാതെ കേരളം ആദരിക്കുന്ന ഒരാളുടെ തെറ്റ്, സവർണ ഗൂഢാലോചനയാണെന്നു വരുത്തിത്തീർക്കാനുള്ള ചിലരുടെ ശ്രമം ആപത്കരമാണ്. ദളിത്-പിന്നാക്ക-ന്യൂനപക്ഷ സംരക്ഷകരുടെ വേഷം കെട്ടി ആളാകാനുള്ള ഇത്തരം കുറുക്കുവഴികൾ വിഷലിപ്തമാണ്. ഇന്ന് ഇടുക്കിയിൽ കാണൂ, വേടന്റെ റാപ്പിനൊപ്പം ചുവടു വയ്ക്കുന്നവരിൽ ഒരു സവർണ-അവർണ ചേരിയുമുണ്ടാകില്ല. വേടന്റെ പേരിൽ മുന്പും മയക്കുമരുന്ന്-സ്ത്രീപീഡനങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭയെ അല്ലാതെ തെറ്റിനെ ആദരിക്കാൻ ആർക്കും ബാധ്യതയില്ല. അതിനെ സവർണ-അവർണ വേഷം കെട്ടിക്കുകയും വേണ്ട. വേടൻ പാടണം, നിയമം നിയമത്തിന്റെ വഴിക്കുപോകുകയും വേണം.
ഇനി വനംവകുപ്പിലേക്കു വന്നാൽ, ആദ്യമായിട്ട് അവരുടെ സമാന്തര ഭരണത്തിൽ വനം മന്ത്രിയും സിപിഎം-സിപിഐ നേതാക്കളും ഇടപെട്ടിരിക്കുന്നു. വനം മന്ത്രി പതിവുപോലെ ആദ്യം ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നെങ്കിലും പൊതുബോധം എതിരായതോടെ കളം മാറ്റിച്ചവിട്ടി. വേടനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞയാൾ, വനംവകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്നു മാറ്റിപ്പറഞ്ഞു. സിപിഎം-സിപിഐ സെക്രട്ടറിമാരുടെ പ്രതികരണത്തിലും അവസരവാദ രാഷ്ട്രീയത്തിന്റെ ലക്ഷണമുണ്ട്. സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്, വേടൻ തെറ്റു തിരുത്തിയെന്നു മാത്രമല്ല, ഇടതുപക്ഷ ആഭിമുഖ്യമുള്ള കലാകാരനാണെന്നും വേടനെ വേട്ടയാടാനുള്ള ഒരു നടപടിയും കേരളീയ സമൂഹം അംഗീകരിക്കില്ലെന്നുമാണ്. കലാകാരന്റെ രാഷ്ട്രീയ ആഭിമുഖ്യം നോക്കി മാത്രം പിന്തുണയ്ക്കുന്ന ഇടുങ്ങിയ രാഷ്ട്രീയം അതിൽ പ്രകടമാണ്.
വനംവകുപ്പ് ഇരട്ടത്താപ്പിന്റെ വകുപ്പാകാൻ പാടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. വനംവകുപ്പിന്റെ മുഖത്തുനോക്കി അതു പറയാൻ വൈകിയ വേളയിലാണെങ്കിലും അദ്ദേഹത്തിനു സാധിച്ചു. ഇതിന്റെ പതിന്മടങ്ങു ദ്രോഹം ഈ സംസ്ഥാനത്തെ മലയോര കർഷകരോടു വനംവകുപ്പ് കാണിച്ചപ്പോഴൊന്നും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത നേതാക്കൾ ഇപ്പോൾ രംഗത്തു വന്നത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാകാം. പക്ഷേ, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപമായ വന്യജീവി ആക്രമണം നിയന്ത്രിക്കാൻ അന്പേ പരാജയപ്പെട്ട വനംവകുപ്പ്, ഇല്ലാത്ത അധികാരം ഉപയോഗിച്ച് വനാതിർത്തികളിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ ഭൂമി കൈയേറിയും വഴിതടഞ്ഞുമൊക്കെ ദ്രോഹിച്ചപ്പോൾ നിങ്ങൾ മൗനത്തിന്റെ ചിതൽപ്പുറ്റുകളിലായിരുന്നു കേട്ടോ. രാഷ്ട്രീയ പിന്തുണ ഇല്ലെന്നറിഞ്ഞാണ്, പുലിപ്പല്ലു കേസിൽ നടപടികൾ കൃത്യമായി ചെയ്തെന്നും എന്നാൽ വേടന്റെ അമ്മയുടെ ശ്രീലങ്കൻ ബന്ധം പോലുള്ള പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നുമുള്ള റിപ്പോർട്ട് വകുപ്പു മേധാവി സർക്കാരിന് സമർപ്പിച്ചത്.
വേടൻ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായി കേട്ടിട്ടില്ല. പക്ഷേ, റാപ്പ് ശൈലിയിലുള്ള പാട്ടിനെ ഒരു ജനകീയ പാർട്ടിയാക്കുന്ന രഷ്ട്രീയമാണ് വേടന്റേത്. അയാളുടെ പാട്ടിന്റെ വരികൾ കേൾക്കുന്നവരിലേക്ക് ഒരു മുദ്രാവാക്യമായിട്ടാണ് തറയുന്നത്. മൈക്കിൾ ജാക്സനെ കടമ്മനിട്ടയും എ. അയ്യപ്പനും ആവേശിച്ചതുപോലെയാണ് വേടന്റെ പ്രകടനം. അതിൽ സവർണമനോഭാവത്തെ കണക്കിനു പ്രഹരിക്കുന്നുണ്ട്. അത് ആവശ്യമാണ്.
പക്ഷേ, അതിനെ വിദ്വേഷത്തിന്റെ ഉപകരണമാക്കുന്നവരെ കേരളത്തിന് ആവശ്യമില്ല. ദിലീപും ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമൊക്കെ ആരോപണവിധേയരായപ്പോഴും പ്രബുദ്ധ കേരളം സംരക്ഷിച്ചിട്ടില്ല. സവർണമനോഭാവത്തെ എതിർക്കേണ്ടത്, ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും ചെയ്യുന്ന കുറ്റങ്ങളെ ന്യായീകരിച്ചുകൊണ്ടല്ല. പറഞ്ഞുവന്നത്, നീതി എല്ലാവർക്കുമുള്ളതാണെന്നു ഭരിക്കുന്നവരും അവരുടെ പാർട്ടിയും മനസിലാക്കണമെന്നും വനംവകുപ്പിന്റെയും വിദ്വേഷവ്യാപാരികളുടെയും മേൽ ഒരു കണ്ണുണ്ടായിരിക്കണമെന്നും കൂടിയാണ്.