സ്ത്രീധനത്തിനെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം
സഹപാഠിയുടെ പ്രണയത്തിൽ വിശ്വസിച്ച ഷഹനയുടെ അനുഭവം കേരളത്തിൽ ഒറ്റപ്പെട്ടതല്ല. വർഷംതോറും സംസ്ഥാനത്ത് അയ്യായിരത്തോളം സ്ത്രീധനപീഡന കേസുകളും ഉണ്ടാകുന്നു. സ്ത്രീധനപീഡനത്തെത്തുടർന്നുണ്ടാകുന്ന വിവാഹമോചനങ്ങളും കേരളത്തിൽ വർഷംതോറും കൂടുകയാണ്. 28 കുടുംബക്കോടതികളിലായി ഒന്നര ലക്ഷത്തോളം കേസുകൾ നിലവിലുണ്ടെന്നാണു കണക്ക്.
സ്ത്രീധനത്തിന്റെ പേരിൽ ഒരു ജീവൻകൂടി പൊലിഞ്ഞിരിക്കുന്നു. അപമാനഭാരത്താൽ നമ്മുടെ തല കുനിഞ്ഞുപോവുകയാണ്. വിദ്യാസമ്പന്നമായ ഒരു സമൂഹത്തിൽനിന്നാണ് ഈ കാടത്തമുണ്ടായത് എന്നതാണ് ഗൗരവതരം.
പണത്തോടുള്ള ആർത്തിക്കു മുന്നിൽ സ്നേഹത്തിനും പ്രണയത്തിനുമൊന്നും യാതൊരു വിലയുമില്ലെന്നു കരുതുന്നവരെ നിലയ്ക്കുനിർത്താൻ നിയമത്തിനു കഴിയണം. സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻപോലും നഷ്ടമാകരുത്. “സ്ത്രീധനമോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്.
ഒന്നര കിലോ സ്വർണവും ഏക്കറുകണക്കിനു ഭൂമിയും നല്കാൻ എന്റെ വീട്ടുകാർക്കു കഴിയില്ലെന്നതു സത്യമാണ്”- തിരുവനന്തപുരത്തെ പിജി വിദ്യാർഥിയായ ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നുവെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
ഷഹനയുടെ മരണം സംബന്ധിച്ച് പോലീസ് ആദ്യം അല്പം അലംഭാവം കാട്ടിയെങ്കിലും പിന്നീട് ഡോ. റുവൈസിനെ പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മെഡിക്കൽ പിജി അസോസിയേഷൻ പ്രസിഡന്റായിരുന്നു പ്രതിയെന്നത് കൂടുതൽ ലജ്ജാകരമാണ്. ഈ കേസിൽ ഷഹനയുടെ കുടുംബത്തിന്റെ ആരോപണം പോലീസ് ഗൗരവത്തിലെടുത്ത് മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
സഹപാഠിയുടെ പ്രണയത്തിൽ വിശ്വസിച്ച ഷഹനയുടെ അനുഭവം കേരളത്തിൽ ഒറ്റപ്പെട്ടതല്ല. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന നാടാണിത്. അടൂരിലെ ഉത്രയെ കേരളത്തിനു മറക്കാനാകുമോ?.
സ്ത്രീധനമായി കിട്ടേണ്ട രണ്ടുലക്ഷം രൂപ വൈകിയെന്നു പറഞ്ഞ് ഭാര്യയെ പട്ടിണിക്കിട്ടും കെട്ടിത്തൂക്കിയും തീകൊളുത്തിയും പീഡിപ്പിച്ചു കൊന്ന സംഭവമുണ്ടായത് കൊല്ലം ഓയൂരിലാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ അടുത്ത ദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് 2022ൽ കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ 12 സ്ത്രീകളാണ് കൊല്ലപ്പെട്ടത്.
രാജ്യത്താകമാനമുണ്ടായത് 6516 കൊലപാതകങ്ങളും. കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിൽ 260 സ്ത്രീകൾക്കാണ് സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത് എന്നും ചില കണക്കുകൾ വ്യക്തമാക്കുന്നു. വർഷംതോറും സംസ്ഥാനത്ത് അയ്യായിരത്തോളം സ്ത്രീധനപീഡന കേസുകളും ഉണ്ടാകുന്നു.
സ്ത്രീധനപീഡനത്തെത്തുടർന്നുണ്ടാകുന്ന വിവാഹമോചനങ്ങളും കേരളത്തിൽ വർഷംതോറും കൂടുകയാണ്. 28 കുടുംബക്കോടതികളിലായി ഒന്നര ലക്ഷത്തോളം കേസുകൾ നിലവിലുണ്ടെന്നാണു കണക്ക്.
1961ൽ സ്ത്രീധനനിരോധന നിയമം പാസാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാൽ, ഈ നിയമത്തിന് സ്ത്രീധനമെന്ന കൊടിയ അനാചാരത്തെ ഇല്ലാതാക്കാനായില്ല എന്നു വ്യക്തമാക്കുന്നതാണ് മേല്പറഞ്ഞ കണക്കുകൾ. വിവാഹച്ചെലവിലേക്കു നൽകുന്ന തുകപോലും സ്ത്രീധനമായി കണക്കാക്കി കേസെടുക്കാമെന്നാണ് നിയമത്തിലെ വ്യവസ്ഥ.
സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ അഞ്ചു വർഷം തടവും പിഴയും കിട്ടാം. സ്ത്രീധനം ആവശ്യപ്പെട്ടാൽ ആറു മാസം മുതൽ രണ്ടു വർഷംവരെ തടവു കിട്ടാം. സർക്കാരുദ്യോഗസ്ഥർ വിവാഹിതരാകുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. ഇത്തരം കടുത്ത നിയമവും നിബന്ധനകളും നിലനിൽക്കുന്ന നാട്ടിലാണ് സ്ത്രീധനപീഡനത്തിന്റെ പേരിൽ ഇത്രമാത്രം മരണങ്ങളുണ്ടാകുന്നത് എന്നതാണ് ഗൗരവത്തിലെടുക്കേണ്ടത്.
സ്ത്രീധനനിരോധന നിയമം നടപ്പാക്കാൻ സർക്കാരോ പോലീസോ മാത്രം വിചാരിച്ചാൽ പോരാ എന്നതാണ് യാഥാർഥ്യം. പൊതുസമൂഹമാണ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ, സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്നു പറയാനുള്ള കരുത്ത് പെൺകുട്ടികൾ നേടുകതന്നെ വേണം.
പലരും പ്രതാപവും പൊങ്ങച്ചവും കാട്ടാനാണ് കടം വാങ്ങിയും കിടപ്പാടം വിറ്റും വരെ വലിയ തുക സ്ത്രീധനം നൽകുന്നത്. ഈ പ്രവണത അവസാനിപ്പിക്കാൻ മത, സമുദായ നേതാക്കളും മുന്നിട്ടിറങ്ങണം. ആർഭാടമായ വിവാഹച്ചടങ്ങുകളും മറ്റും സ്ത്രീധനത്തിന് വഴിവയ്ക്കുന്നുണ്ട്. വിവാഹം പവിത്രമായ ബന്ധത്തിന്റെ തുടക്കമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.
അതിനു വിഘാതമാകുന്ന ദുർച്ചെലവുകളും ആഢംബരങ്ങളും കുടുംബജീവിതത്തിന്റെ താളം തെറ്റിക്കും. സ്ത്രീധനവിരുദ്ധ മനോഭാവം യുവതലമുറയിൽ ശക്തമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് വനിതാ കമ്മീഷനും യുവജന കമ്മീഷനും രൂപംകൊടുക്കണം. സാംസ്കാരിക കേരളത്തിന് അപമാനമായി മാറുന്ന സ്ത്രീധനവിപത്തിനെ ഒറ്റക്കെട്ടായി നേരിടാൻ നമുക്കാകണം.