വലിയ ഇടയന് കൃതജ്ഞത
സീറോമലബാർ സഭയെ ഒരു വ്യാഴവട്ടക്കാലം ധീരമായി നയിച്ച് സ്ഥാനത്യാഗം ചെയ്ത വലിയ ഇടയന് കൃതജ്ഞത. 2011 മേയ് 29 മുതൽ 2023 ഡിസംബർ ഏഴുവരെ സഭയുടെ മേജർ ആർച്ച്ബിഷപ്പായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചെയ്ത മഹത്തായ ശുശ്രൂഷകൾ സഭാചരിത്രത്തിൽ എക്കാലത്തും നിലനിൽക്കുകതന്നെ ചെയ്യും.
ഇക്കാലയളവിൽ സീറോമലബാർ സഭയ്ക്കു കൈവന്ന വളർച്ചയും വിപുലീകരണവും ശ്രദ്ധേയമാണ്. വിശ്വാസതീക്ഷ്ണതയിലും അജപാലന സമൃദ്ധിയിലും ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന അജഗണമാണ് സീറോമലബാർ സഭയുടേത്.
ലോകമെങ്ങും ശുശ്രൂഷ ചെയ്യാൻ അതീവതത്പരരായ ധാരാളം വൈദികരെയും സന്യസ്തരെയും വളർത്തിയെടുത്തതിലും ഈ സഭാഗാത്രത്തിന് അഭിമാനിക്കാം. എന്നാൽ അജപാലന ശുശ്രൂഷയ്ക്ക് അതിരുകൾ കല്പിക്കപ്പെട്ടിരുന്നത് സഭയുടെ വളർച്ചയെ സാരമായിത്തന്നെ ബാധിച്ചിരുന്നു. ഈ പരിമിതിയെ മറികടക്കാൻ മാർ ജോർജ് ആലഞ്ചേരി നിസ്തുലമായ സംഭാവനകളാണ് സഭയ്ക്കു നൽകിയിരിക്കുന്നത്.
ഷംഷാബാദ്, ഹൊസൂർ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതത്തിൽ മുഴുവനായി അജപാലന ശുശ്രൂഷ ചെയ്യാനുള്ള അവകാശം സീറോമലബാർ സഭയ്ക്കു കൈവന്നത് മാർ ജോർജ് ആലഞ്ചേരിയുടെ പരിശ്രമത്തിന്റെ ഫലമായാണ്.
കൂടാതെ രാജ്യതലസ്ഥാനത്ത് ഫരീദാബാദ് രൂപതയും സ്ഥാപിതമായി. രാജ്യത്തെ പ്രേഷിതരംഗത്ത് സീറോമലബാർ സഭയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ഈ രൂപതകൾ വലിയ പങ്കാണു വഹിക്കുന്നത്.
മെൽബൺ, മിസിസാഗ, ഗ്രേറ്റ് ബ്രിട്ടൻ രൂപതകളുടെ സ്ഥാപനവും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ നിയമനവും ആഗോളതലത്തിൽ സഭ വളർച്ച നേടുന്നതിന്റെ വ്യക്തമായ സൂചകങ്ങളാണ്. സഭയ്ക്കു സ്വന്തമായി റോമിൽ ഭവനം പൂർത്തിയായതിനു പിന്നിലും മാർ ആലഞ്ചേരിയുടെ നേതൃപാടവം കാണാനാവും.
തിരുബാലസഖ്യം മുതൽ എകെസിസി വരെയുള്ള എല്ലാ സഭാ സംഘടനകളുടെയും വളർച്ചയ്ക്ക് മേജർ ആർച്ച്ബിഷപ് എന്ന നിലയിൽ മാർ ജോർജ് ആലഞ്ചേരി അർപ്പണമനോഭാവത്തോടെ നടത്തിയ ഇടപെടലുകൾ അവിസ്മരണീയമാണ്.
സഭയുടെ പ്രവർത്തനങ്ങളിൽ അല്മായരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ അതീവതത്പരനായിരുന്നു മാർ ആലഞ്ചേരി. എല്ലാ സംഘടനകളെയും ഊർജസ്വലമാക്കുന്നതിനും കർമനിരതമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി. എല്ലാ രൂപതകളിലും ചെന്ന് അവിടെ താമസിച്ച് സന്ദർശനം നടത്തിയതുവഴി വിശ്വാസികളുടെ ഹൃദയത്തിൽ ഇടംനേടാൻ കഴിഞ്ഞ ഇടയശ്രേഷ്ഠനാണ് മാർ ജോർജ് ആലഞ്ചേരി.
തീക്ഷ്ണതയുള്ള വൈദികരെ വാർത്തെടുക്കുന്നതിൽ മാർ ആലഞ്ചേരി നൽകിയ സംഭാവനകൾ സീറോമലബാർ സഭയ്ക്ക് എക്കാലവും മുതൽക്കൂട്ടാകും. സെമിനാരി വിദ്യാർഥികളെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കാനും അവരുടെ ഭൗതികവും ആത്മീയവും ബൗദ്ധികവുമായ വളർച്ചയിൽ നിർണായക തീരുമാനങ്ങളെടുക്കാനും മാർ ആലഞ്ചേരി ഏറെ താത്പര്യംകാട്ടി. ദീപികയുടെ വളർച്ചയിൽ പിതാവു പ്രകടിപ്പിച്ച കരുതൽ ഈയവസരത്തിൽ ഞങ്ങൾ കൃജ്ഞതാപൂർവം രേഖപ്പെടുത്തുന്നു.
35 രൂപതകളും 50 ലക്ഷത്തിൽപരം വിശ്വാസികളുമായി ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സീറോമലബാർ സഭാംഗങ്ങളെ ഏകോദരസഹോദരങ്ങളായി കൂട്ടായ്മയിൽ ശക്തിപ്പെടുത്തുന്നതിനു നൽകിയ വിലപ്പെട്ട സംഭാവനകളിൽ സുപ്രധാനമാണ് വിശുദ്ധ കുർബാനക്രമ നവീകരണവും ഏകീകൃത കുർബാനയർപ്പണത്തിനുള്ള തീരുമാനവും.
ഈ വിഷയത്തിലുണ്ടായ വെല്ലുവിളികൾ പൂർണമായും ക്രൈസ്തവചൈതന്യത്തിലാണ് മാർ ആലഞ്ചേരി നേരിട്ടത്. പ്രതിസന്ധികളിലെല്ലാം പൂർണമായ ദൈവാശ്രയബോധം പ്രകടിപ്പിക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ്, ഇന്റർ ചർച്ച് കൗൺസിലിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ കേരളസഭയ്ക്കു നൽകിയ സംഭാവനകളും അനുസ്മരിക്കപ്പെടുകതന്നെ ചെയ്യും.
സഭയുടെ മേജർ ആർച്ച്ബിഷപ്പായി നിയമിതനായി ഒരുവർഷം തികയുന്നതിനു മുമ്പേ ബനഡിക്ട് പതിനാറാമൻ മാർപാപ്പ മാർ ആലഞ്ചേരിയെ കർദിനാൾ സംഘത്തിൽ അംഗമാക്കി എന്നതും സീറോമലബാർ സഭയ്ക്കു കിട്ടിയ വലിയ അംഗീകാരമായിരുന്നു. കർദിനാൾ പദവിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ലോകംമുഴുവൻ ശുശ്രൂഷാമേഖലയാക്കി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതും മാർ ആലഞ്ചേരിയെ വ്യത്യസ്തനാക്കി.
കർദിനാളെന്ന നിലയിൽ തന്റെ ശുശ്രൂഷ തുടർന്നും സഭയിലുണ്ടാകുമെന്ന് മാർ ആലഞ്ചേരി വ്യക്തമാക്കിയിട്ടുണ്ട്. സീറോമലബാർ സഭയ്ക്ക് ആധ്യാത്മിക, ഭൗതിക മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകാനും ആഗോളസഭയിൽ സീറോമലബാർ സഭയുടെ യശസുയർത്താനും സഭാതനയരിൽ വിശ്വാസതീക്ഷ്ണത ജ്വലിപ്പിക്കാനും 12 വർഷക്കാലും അത്യധ്വാനം ചെയ്ത മാർ ജോർജ് ആലഞ്ചേരിക്ക് സഭാംഗങ്ങളോടൊപ്പം ഞങ്ങളും സ്നേഹാദരപൂർവം കൃതജ്ഞത അർപ്പിക്കുന്നു.