വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ഇനിയും വനം കൂട്ടുകയെന്നാൽ ജനത്തെ തുരത്തുക എന്നാണ് അർഥം. സർക്കാർ അതിന് കൂട്ടുനിൽക്കരുത്. അത്രമേൽ അസഹനീയമായിരിക്കുന്നു വനംവകുപ്പിന്റെ ദ്രോഹങ്ങൾ. ഗൂഢലക്ഷ്യങ്ങളോടെയുള്ള വിജ്ഞാപനം റദ്ദാക്കുകയാണു ചെയ്യേണ്ടത്. വിജ്ഞാപനം നിലനിൽക്കുന്നിടത്തോളം കാലം അതു തലയ്ക്കു മീതേയുള്ള വാളായിരിക്കുമെന്നു തീർച്ച.
കേരള സർക്കാർ വനംവകുപ്പിനെ അഴിഞ്ഞാട്ടത്തിനു വിടാതെ നിലയ്ക്കുനിർത്തണം. ഇവിടെ ഇനിയും വനവിസ്തൃതി കൂട്ടേണ്ട ആവശ്യമില്ല, അതിനനുവദിക്കുകയുമരുത്. റവന്യു ഭൂമിയും കർഷകരുടെ ഭൂമിയുമെല്ലാം വനമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ തളച്ചില്ലെങ്കിൽ പൊതുജനം അതു ചെയ്യും.
അത്രമേൽ അസഹനീയമായിരിക്കുന്നു വനംവകുപ്പിന്റെ ദ്രോഹങ്ങൾ. കേരളത്തിന്റെ ഭൂമിശാസ്ത്രം വച്ചുനോക്കിയാൽ ആവശ്യമുള്ളതിലുമേറെ വനഭൂമി ഇപ്പോൾത്തന്നെയുണ്ട്. ഇനിയും വനം കൂട്ടുകയെന്നാൽ ജനത്തെ തുരത്തുക എന്നാണ് അർഥം.
സർക്കാർ അതിന് കൂട്ടുനിൽക്കരുത്. കൈവശമുള്ള വനഭൂമിയും വന്യജീവികൾ അടക്കമുള്ള വിഭവങ്ങളും സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ് കേരളത്തിലെ വനംവകുപ്പ് ചെയ്യേണ്ടത്.
ഏറ്റവുമൊടുവിൽ ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനു കൊടുത്തിരുന്ന പ്രദേശം ചിന്നക്കനാൽ റിസർവ് ആയി പ്രഖ്യാപിക്കാനുള്ള തന്ത്രവുമായാണ് വനംവകുപ്പ് രംഗത്തു വന്നത്. 364.39 ഹെക്ടർ റവന്യു ഭൂമികൂടി നിക്ഷിപ്ത വനഭൂമിയാക്കാനാണ് ശ്രമം.
2023 സെപ്റ്റംബർ 20ന് ചിന്നക്കനാൽ വില്ലേജിലെ 364. 39 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനത്തിന്റെ പകർപ്പ് മേൽനടപടിക്കായി കഴിഞ്ഞ 28ന് ഇടുക്കി ജില്ലാ കളക്ടർക്കു ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ (ഹൈറേഞ്ച് സർക്കിൾ, കോട്ടയം) അയച്ചുനൽകിയതോടെയാണ് കള്ളക്കളി പുറത്തുവന്നത്.
2023 ഓഗസ്റ്റിൽ പാസാക്കിയ കേന്ദ്ര വനസംരക്ഷണ ഭേദഗതി നിയമപ്രകാരം 1996 ഡിസംബർ 12നു മുന്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന ഉത്തരവ് പകൽവെളിച്ചത്തിൽ നിൽക്കുന്പോഴാണ് വനംവകുപ്പിന്റെ ഈ തോന്ന്യാസം.
കടുത്ത പ്രതിഷേധം ഉയർന്നതോടെ തുടർനടപടി മരവിപ്പിച്ചെന്നു പ്രഖ്യാപിച്ചു തടിതപ്പിയിരിക്കുകയാണ് വനം മന്ത്രി. എന്നാൽ, മരവിപ്പിക്കുകയല്ല, ഗൂഢലക്ഷ്യങ്ങളോടെയുള്ള വിജ്ഞാപനം റദ്ദാക്കുകയാണു ചെയ്യേണ്ടത്. വിജ്ഞാപനം നിലനിൽക്കുന്നിടത്തോളം കാലം അതു തലയ്ക്കു മീതേയുള്ള വാളായിരിക്കുമെന്നു തീർച്ച. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ 38 കുടുംബങ്ങളുടെ 17.863 ഹെക്ടർ ഭൂമിയും കഴിഞ്ഞ ദിവസം വനമാക്കി മാറ്റാൻ ഏറ്റെടുത്തു.
കേരളത്തിൽ ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ വനഭൂമിയുണ്ടെന്ന് വനംവകുപ്പിന്റെതന്നെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ കേരളത്തിന്റെ 29.65 ശതമാനം അതായത്, 11,524.149 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്നാണ് വനംവകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021 പ്രകാരം കേരളത്തിന്റെ വനാവരണം 21,253 ചതുരശ്ര കിലോമീറ്ററാണ്. അതായത്, 54.70 ശതമാനവും വനാവരണമാണ്.
ദേശീയ ശരാശരിയാകട്ടെ 21.71 ശതമാനം മാത്രവും. നിലവിൽ കേരളത്തിന്റെ ആകെ ഭൂമിയുടെ മൂന്നിലൊന്നോളം വനംവകുപ്പിന്റെ കൈവശമാണ്. കുറേ വർഷമായി വനവിസ്തൃതി കൂട്ടുന്നതിൽ രാജ്യത്തുതന്നെ മുൻപന്തിയിലാണ് കേരളം. 1954ൽ 9,846 ചതുരശ്ര കിലോമീറ്ററായിരുന്നു കേരളത്തിന്റെ വനവിസ്തൃതി. എന്നാൽ, 2009 ആയപ്പോഴേക്കും ഇതു 11,309 ചതുരശ്ര കിലോമീറ്റർ ആയി വർധിച്ചു. അതാണ് ഇപ്പോൾ 11,524.149 ചതുരശ്ര കിലോമീറ്ററായിരിക്കുന്നത്.
കേരളത്തിൽ വനംകൈയേറ്റമെന്നത് കെട്ടുകഥ മാത്രമാണെന്നതിന് ഇതിൽപരം തെളിവ് ആവശ്യമുണ്ടോ? ഇത്തരത്തിൽ വിസ്തൃതി കൂട്ടിയെടുക്കുന്ന ഭൂമി സ്വാഭാവിക വനമാക്കുന്നതിനു പകരം തേക്ക്, യൂക്കാലി, അക്കേഷ്യ തുടങ്ങിയ തോട്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇതുമൂലം വന്യമൃഗങ്ങൾക്കു തീറ്റയും വെള്ളവും വിഹരിക്കാനുള്ള ഇടവും നഷ്ടമാകുന്നു. ഇതോടെ ഈ വന്യജീവികൾ സമീപത്തെ ജനവാസമേഖലകളിലേക്ക് ഇറങ്ങി നാശം വിതയ്ക്കുന്നു.
ഏതെങ്കിലും മേഖലകളിൽ വന്യമൃഗശല്യത്തെക്കുറിച്ചു പരാതി രൂക്ഷമായാൽ ആ മൃഗങ്ങളെ പിടികൂടി മറ്റേതെങ്കിലും ജനവാസകേന്ദ്രത്തിനു സമീപം ഉപേക്ഷിക്കുന്നു. ആഴ്ചകൾക്കു മുന്പ് ശബരിമല തീർഥാടനകേന്ദ്രത്തിനു സമീപത്തുനിന്നു പിടികൂടിയ അന്പതോളം കാട്ടുപന്നികളെ മുണ്ടക്കയത്തിനു സമീപം ജനവാസകേന്ദ്രത്തിൽ ഇറക്കിവിട്ടതു വൻ പ്രതിഷേധം ഉയർത്തിയിരുന്നു. കാട്ടുപന്നികളെ മാത്രമല്ല, പുലികളെയും കടുവകളെയുമൊക്കെ ഇങ്ങനെ കൊണ്ട് ഇറക്കിവിടുന്നുണ്ടോയെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നു. ജനങ്ങളെ പരോക്ഷമായി തുരത്തുന്നതിനു തുല്യമാണിത്.
വന്യമൃഗശല്യം മൂലം പലേടത്തുനിന്നും ജനങ്ങൾ കുടിയൊഴിയുകയും കൃഷി ഉപേക്ഷിക്കുകയുമൊക്കെ ചെയ്തുകഴിഞ്ഞു. ജനം കണ്ണീരോടെയാണ് ഇറങ്ങിപ്പോകുന്നതെങ്കിലും വനംവകുപ്പിന് ഒരുപക്ഷേ ഗൂഢസന്തോഷം കണ്ടേക്കാം. കാരണം, ചിന്നക്കനാലിലെ ഭൂമി സംരക്ഷിക്കാൻ റവന്യു വകുപ്പിനു കഴിയാതെവന്നതിനാലാണ് സ്ഥലം വനമാക്കി മാറ്റി സംരക്ഷിക്കാൻ പോകുന്നതെന്നാണ് വനംവകുപ്പ് ന്യായം പറഞ്ഞത്.
ജനം ഉപേക്ഷിച്ചുപോകുന്ന ഇടങ്ങൾ വന്യമൃഗങ്ങൾ താവളമാക്കിയാൽ ഭാവിയിൽ അതു വനമാണെന്നു വാദിക്കാനും വനംവകുപ്പ് മടിച്ചേക്കില്ല. കാരണം, കേരളത്തിൽ ഇനി വനവിസ്തൃതി കൂട്ടണമെങ്കിൽ ജനത്തെ തുരത്തണം. നിലവിലുള്ള വനം സംരക്ഷിക്കാനും ഇക്കോ ടൂറിസം പോലെയുള്ള കാര്യങ്ങൾക്കു ഫലപ്രദമായി ഉപയോഗിക്കാനുമാണ് വനംവകുപ്പ് മുൻഗണന കൊടുക്കേണ്ടത്.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാർഗങ്ങളിലൂടെ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കണം. അല്ലാതെ പൊതുജനത്തെ ശത്രുക്കളാക്കിയുള്ള വനസംരക്ഷണമല്ല ഈ നാടിന് ആവശ്യം. നിങ്ങളുടെ ആർത്തിയല്ല ജനങ്ങളുടെ നിത്യവൃത്തിയാണ് പ്രധാനം.