ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
ആധുനിക സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത്രയും വികസിച്ച ഒരു നാട്ടിൽ പട്ടാപ്പകൽ ഇത്തരമൊരു മണ്ടത്തരത്തിന് എൻജിനിയറിംഗ് ബിരുദം നേടിയ ഒരാൾ തയാറാകുമോയെന്നുള്ള ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ നിൽക്കുകയാണ്. പോലീസ് പറഞ്ഞതിൽ യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ ഈ കേസിൽ ഇനിയും നിരവധിയുണ്ട്.
നിരാശാജനകമെന്നു പറയട്ടെ; സമീപകാലത്തു കേരളത്തെ ഇളക്കിമറിച്ച ചില കേസുകളിലുള്ള കേരള പോലീസിന്റെ അന്വേഷണവും നടപടികളും ഈ സേനയെക്കുറിച്ച് അഭിമാനിക്കുന്ന ആർക്കും അത്ര ദഹിക്കുന്നതല്ല. അന്വേഷണവഴികൾ മാത്രമല്ല, കേസുകൾ സംബന്ധിച്ചു പോലീസ് നൽകുന്ന വിശദീകരണം പോലും പലപ്പോഴും സാമാന്യയുക്തിക്കു നിരക്കുന്നില്ല.
സമീപകാലത്തു കേരളത്തെ വിറപ്പിച്ച രണ്ടു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു പോലീസ് പുറത്തുവിട്ട വിശദീകരണങ്ങൾ സാധാരണക്കാരനുപോലും തൃപ്തി നല്കുന്ന രീതിയിൽ കുറ്റമറ്റതല്ല എന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.
കളമശേരി സ്ഫോടനക്കേസാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. ഒക്ടോബര് 29ന് കളമശേരി സാമറ കണ്വന്ഷന് സെന്ററില് യഹോവസാക്ഷികളുടെ കണ്വന്ഷനിലാണ് രണ്ടു സ്ഫോടനങ്ങൾ ഉണ്ടായത്. ആദ്യദിനം മൂന്നു പേർ മരിച്ച സംഭവത്തിൽ ഒരു മാസം കഴിയുന്പോഴേക്കും മരണസംഖ്യ ഏഴായി ഉയർന്നുകഴിഞ്ഞു.
ഈ സംഭവമുണ്ടായി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പ്രതി ഡൊമിനിക് മാർട്ടിൻ പോലീസിൽ ഹാജരായി കുറ്റമേറ്റു. കളമശേരിയിൽനിന്നു 40 കിലോമീറ്ററിലേറെ അകലെയുള്ള കൊടകര പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി, താനാണ് ഈ കൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നു. ഇതിനു മുന്പ് ഇയാൾ ഫേസ്ബുക്ക് ലൈവ് വീഡിയോയും ഇട്ടിരുന്നു.
പ്രതിയുടെ അറസ്റ്റും തെളിവെടുപ്പുമെല്ലാം ആഘോഷമായിത്തന്നെ കേരള പോലീസ് നടത്തി. എന്നാൽ, ആക്രമണം നടത്തിയതിന്റെ കാരണമായി പ്രതി മാർട്ടിൻ പറഞ്ഞതായി പോലീസ് പറയുന്ന കാര്യങ്ങൾ ഇനിയും പൊതുസമൂഹത്തിനു വേണ്ടത്ര ബോധ്യമായിട്ടില്ല എന്നതാണ് യാഥാർഥ്യം.
യഹോവസാക്ഷി നേതൃത്വവുമായി പല കാര്യങ്ങളിലുമുള്ള ഭിന്നതയും വിരോധവുമാണ് ആക്രമണത്തിനു പ്രേരകമായതെന്നാണ് വിശദീകരണം. എന്നാൽ, ഇനിയും വ്യക്തത വരാത്ത കാര്യങ്ങൾ നിരവധി.
ഡൊമിനിക് മാർട്ടിനുമായി ഏതെങ്കിലും തരത്തിലുള്ള വിരോധമോ തർക്കമോ നിലനിൽക്കുന്നതായി യഹോവസാക്ഷികൾ സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങളായി ഡൊമിനിക്കിന് ഈ സമൂഹവുമായി യാതൊരു സഹകരണവുമില്ല. ഗൾഫിലെ ജോലിക്കിടയിൽ ആക്രമണലക്ഷ്യവുമായി നാട്ടിലെത്തിയെന്നാണ് പറയുന്നത്.
യഹോവസാക്ഷികളുടെ നേതാക്കളെയൊന്നും ലക്ഷ്യം വയ്ക്കാതെ തികച്ചും സാധാരണക്കാർക്കു നേരേയായിരുന്നു ആക്രമണം. ഇതിനേക്കാളൊക്കെ വിചിത്രമായത് ഇന്റർനെറ്റ് നോക്കിയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്ന വിശദീകരണമാണ്.
ഇന്റർനെറ്റ് നോക്കി ബോംബ് ഉണ്ടാക്കിയ ഒരാൾ ഒരിക്കൽ പോലും പരീക്ഷിച്ചുനോക്കാതെ യാതൊരു പിഴവും കൂടാതെ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു രണ്ടു സ്ഫോടനം നടത്തിയെന്നത് അവിശ്വസനീയമാണെന്ന് അന്നേ പലരും ചൂണ്ടിക്കാണിച്ചിരുന്നു.
മാത്രമല്ല, ഇന്റർനെറ്റ് മുഖേന ബോംബ് ഉണ്ടാക്കാൻ പഠിച്ചുവെന്നതിന്റെ ആധികാരികതയും പലരും ചോദ്യംചെയ്യുന്നു. കാരണം, ഇന്റർനെറ്റിൽ സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി അത്തരം വിവരങ്ങളൊന്നും ലഭ്യമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിയുടെ ദീർഘകാലത്തെ വിദേശവാസവും ബന്ധങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒരു വിശദീകരണം പോലീസിൽനിന്ന് ഉണ്ടായിട്ടില്ല. മറ്റേതെങ്കിലും ശക്തികളുടെ പ്രേരണയാലാണോ ഇയാൾ ഇത്ര ആസൂത്രിതമായി കുറ്റകൃത്യം നടപ്പാക്കിയതെന്നു കണ്ടെത്തേണ്ടതുണ്ട്.
വിവരങ്ങൾ കോടതിയിൽ കൊടുക്കേണ്ട ബാധ്യതയേ നിയമപരമായി പോലീസിനുള്ളൂ എന്നു വാദിക്കാമെങ്കിലും ജനങ്ങളെ ആശങ്കയിലാക്കിയ സംഭവമെന്ന നിലയിൽ വ്യക്തവും കൃത്യവുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ പോലീസിനും സർക്കാരിനും ധാർമിക ബാധ്യതയുണ്ടെന്നതു മറന്നുപോകരുത്.
ഈ കേസിൽ എൻഐഎയും സമാന്തരമായി അന്വേഷണം നടത്തുന്ന സ്ഥിതിക്ക് അന്വേഷണത്തിൽ വീഴ്ച വന്നാൽ പേരുദോഷത്തിനു കാരണമാകുമെന്നു പറയേണ്ടതില്ലല്ലോ.
സമാന സാഹചര്യമാണ് കൊല്ലത്തെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ചുരുളഴിച്ചപ്പോഴും ഉണ്ടായത്. പോലീസിന്റെ വിശദീകരണത്തോടെ ചുരുൾ അഴിയുകയല്ല കൂടുതൽ കുരുങ്ങുകയാണു ചെയ്തത്. കോടികൾ കടമുള്ള ഒരാൾ വെറും പത്തുലക്ഷം രൂപയ്ക്കുവേണ്ടി സ്വന്തം മകളുടെപോലും ഭാവി പണയപ്പെടുത്തി ഒരു തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയെന്നാണ് പോലീസിന്റെ വിശദീകരണം.
സ്വന്തമായുള്ള രണ്ടു കാറുകളും ഫാമിൽ വളർത്തുന്ന മൃഗങ്ങളെയുമൊക്കെ വിറ്റാൽതന്നെ എളുപ്പത്തിൽ സംഘടിപ്പിക്കാൻ പറ്റുന്ന ഒരു തുകയ്ക്കുവേണ്ടി ഭാര്യയെയും 20 വയസുള്ള മകളെയും കൂട്ടി ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നത് അവിശ്വസനീയമായ കഥയായിട്ടേ അനുഭവപ്പെടുന്നുള്ളൂ. മാത്രമല്ല, അത്ര സന്പന്നരൊന്നുമല്ലാത്ത ഒരു കുടുംബത്തിലെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത് എന്നതാണ് മറ്റൊരു വൈരുധ്യം.
ആധുനിക സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത്രയും വികസിച്ച ഒരു നാട്ടിൽ പട്ടാപ്പകൽ ഇത്തരമൊരു മണ്ടത്തരത്തിന് എൻജിനിയറിംഗ് ബിരുദം നേടിയ ഒരാൾ തയാറാകുമോയെന്നുള്ള ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ നിൽക്കുകയാണ്.
പോലീസ് പറഞ്ഞതിൽ യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ ഈ കേസിൽ ഇനിയും നിരവധിയുണ്ട്. കേരള പോലീസിന്റെ കഴിവിൽ ആർക്കും സംശയമൊന്നുമില്ല. എന്നാൽ, എങ്ങനെയും തിടുക്കപ്പെട്ട് അന്വേഷണം തീർത്തു പൊൻതൂവൽ നേടാനുള്ള വ്യഗ്രതയിൽ യഥാർഥ കാര്യങ്ങൾ അവഗണിക്കപ്പെടുകയാണെങ്കിൽ അതിനു കോഴിത്തൂവലിന്റെ വില പോലും ഉണ്ടാവില്ല എന്നതു മറക്കരുത്.