സമാന്തര അധികാരകേന്ദ്രം കോണ്ഗ്രസിനു ഗുണകരമല്ല
ഉൾപ്പാർട്ടി പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം അക്ഷന്ത
വ്യമായ അനാസ്ഥയാണ് കാണിക്കുന്നത്. അടിമുടി സംഘടനാ സംവിധാനം ശക്തമാക്കാതെ കോൺഗ്രസിന് തിരിച്ചുവരവ് എളുപ്പമല്ല.
രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള പ്രതീക്ഷയിൽനിന്ന് കോൺഗ്രസ് മുക്തമാകേണ്ട സമയമായി; ബിജെപിയോടും നരേന്ദ്ര മോദിയോടും നേർക്കുനേർ പോരാട്ടത്തിന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഒറ്റയ്ക്കു കഴിയില്ല; യാഥാർഥ്യം തിരിച്ചറിഞ്ഞ് കോൺഗ്രസ് കടുത്ത തീരുമാനങ്ങളെടുക്കണം; തെലുങ്കാനയിലെ വിജയം കച്ചിത്തുരുമ്പുമാത്രം- നാലു സംസ്ഥാനങ്ങളിലെ ജനവിധി കോൺഗ്രസിനു നൽകുന്ന ലളിതമായ പാഠങ്ങളാണിത്.
മധ്യപ്രദേശിലെ തുടർച്ചയായ വിജയവും രാജസ്ഥാനും ഛത്തീസ്ഗഡും തിരിച്ചുപിടിച്ചതും ബിജെപിക്കു നൽകുന്ന ഊർജം ചെറുതല്ല. ഹിന്ദിബെൽറ്റിൽ വെന്നിക്കൊടി പാറിച്ച് താമരവസന്തം തീർത്തിരിക്കുന്നു. തെലുങ്കാനയിലും സാന്നിധ്യമുറപ്പിക്കാൻ ബിജെപിക്കായി. സംസ്ഥാനഭരണം കുടുംബകാര്യമാക്കി പ്രധാനമന്ത്രിപദം സ്വപ്നംകണ്ട കെ. ചന്ദ്രശേഖര റാവുവിന്റേത് അനിവാര്യമായ വീഴ്ചയാണ്. മാസങ്ങൾക്കകം നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സൂചനകൾ വ്യക്തമാണ്.
രാജ്യത്തെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഭാഗ്യവശാൽ ഇപ്പോഴതിന് തെരഞ്ഞെടുക്കപ്പെട്ട ഒരു അധ്യക്ഷനെങ്കിലുമുണ്ട്. സാമാന്യം ഭേദപ്പെട്ട ഒരു പ്രവർത്തക സമിതിയെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പാർട്ടിയുടെ നടത്തിപ്പിന്റെയും കടിഞ്ഞാൺ രാഹുൽ ഗാന്ധിയുടെ കൈയിലാണെന്നത് പരസ്യമായ രഹസ്യമാണ്.
പാർട്ടിയുടെ വ്യവസ്ഥാപിതമായ പ്രവർത്തനത്തിനും പ്രതിപക്ഷ പാർട്ടികൾ ചേർന്നു രൂപംകൊടുത്ത ഇന്ത്യ മുന്നണിയുടെ ശക്തീകരണത്തിനും ഈ സമാന്തര അധികാരകേന്ദ്രം വിഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന പ്രതീതിയാണുള്ളത്. കുടുംബവാഴ്ച എന്ന ബിജെപിയുടെ ആരോപണത്തിനു ബലമേറുകയും ചെയ്യുന്നു. അതിനാൽ ഈ പരിവേഷങ്ങളിൽനിന്ന് മുക്തനാകാൻ രാഹുൽ ഗാന്ധി ഇനിയും വൈകരുത്. ഒറ്റയാൾ പോരാട്ടത്തിന് ഒന്നുംചെയ്യാനാവാത്ത ഇപ്പോഴത്തെ അവസ്ഥയിൽ കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് ആവശ്യം. കൂടാതെ സമാന ആശയക്കാരുമായി സുദൃഢമായ ബന്ധവും ഉണ്ടാക്കണം. അതിനുവേണ്ടിവരുന്ന വിട്ടുവീഴ്ചകൾക്കു മടിക്കരുത്.
ഉൾപ്പാർട്ടി പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം അക്ഷന്തവ്യമായ അനാസ്ഥയാണ് കാണിക്കുന്നത്. അടിമുടി സംഘടനാ സംവിധാനം ശക്തമാക്കാതെ കോൺഗ്രസിന് തിരിച്ചുവരവ് എളുപ്പമല്ല. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കും പ്രവർത്തക സമിതി അംഗങ്ങൾക്കും ദേശീയ പ്രസിഡന്റിനും സമ്മർദങ്ങൾക്കു വഴിപ്പെടാതെയും പാർട്ടിയുടെ നന്മയെക്കരുതിയും തീരുമാനങ്ങളെടുക്കാൻ കഴിയണം. സമാന്തര അധികാരകേന്ദ്രങ്ങൾ അതിനു വിഘാതമായിക്കൂടാ. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് - സച്ചിൻ പൈലറ്റ് പോരാണ് ഇത്രവലിയ തോൽവിയിലേക്കു നയിച്ചത്.
ജയസാധ്യത കല്പിച്ചിരുന്ന ഛത്തീസ്ഗഡിലും തമ്മിലടി വലിയ തിരിച്ചടിയായി എന്നാണ് പ്രാഥമിക വിലയിരുത്തൽ. അധികാരമോഹികളായ മുതിർന്ന നേതാക്കൾ യുവതലമുറയ്ക്ക് അവസരങ്ങൾ നൽകാതെ കോൺഗ്രസിന് രക്ഷപ്പെടുക പ്രയാസമാണ്. അത്തരത്തിലൊരു സംസ്കാരത്തിലേക്ക് കോൺഗ്രസിനെ അതിവേഗം നയിക്കാൻ ഇപ്പോഴത്തെ നേതൃത്വത്തെ ഈ തെരഞ്ഞെടുപ്പുഫലം പ്രേരിപ്പിക്കുമോയെന്നു കണ്ടറിയണം.
ഇന്ത്യ സഖ്യം രൂപീകരിച്ചശേഷം മുന്നണിയെ ഗൗനിക്കാതെ കോൺഗ്രസ് മുന്നോട്ടുപോവുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. വിട്ടുവീഴ്ച ചെയ്യാതെ ഒരു കൂട്ടുകെട്ടും ബലപ്പെടില്ല എന്ന അടിസ്ഥാനതത്വം കോൺഗ്രസ് മറന്നു. ജാതി സെൻസസ് എന്ന തുരുപ്പും കോൺഗ്രസിനെ തുണച്ചിട്ടില്ല. ആർഎസ്എസിന്റെ ശക്തമായ പിൻബലത്തിൽ ബിജെപി ഉത്തരേന്ത്യയിൽ കരുത്തുറ്റ നിലയിലാണ്.
ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിൽ ആർഎസ്എസിന്റെ നിലപാടുകൾ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചനകൂടിയാണ് ഈ തെരഞ്ഞെടുപ്പ്ഫലം. രാമക്ഷേത്രം അടക്കമുള്ള മതവിഷയങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതലായി ഉന്നയിക്കുമെന്നതും ഉറപ്പാണ്. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ മുന്നണിയായി നേരിട്ടാൽ ബിജെപി പ്രയാസപ്പെടും. അതിന്റെ സൂചനയും ഈ തെരഞ്ഞെടുപ്പുഫലം പ്രതിപക്ഷ പാർട്ടികൾക്കു നൽകുന്നുണ്ട്.
മൂന്നാമൂഴത്തിനായി മാത്രമല്ല പ്രധാനമന്ത്രിപദത്തിലേക്കുവരെ കണ്ണുനട്ട കെ. ചന്ദ്രശേഖര റാവുവിന്റെ പതനവും പല പാഠങ്ങളും നൽകുന്നു. സംസ്ഥാന രൂപീകരണത്തോടെ കോൺഗ്രസിനെ തകർത്തെറിഞ്ഞുകൊണ്ടാണ് തെലുങ്കാനയിൽ ചന്ദ്രശേഖര റാവു ആധിപത്യമുറപ്പിച്ചത്.
അനായാസേന രണ്ടാമൂഴം നേടിയ അദ്ദേഹം പാർട്ടിയെ ദേശീയതലത്തിൽ പ്രതിഷ്ഠിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാളിപ്പോയിരിക്കുന്നു. അതിരുവിട്ട കുടുംബവാഴ്ച ചന്ദ്രശേഖര റാവുവിന്റെ പാർട്ടിക്കേൽപ്പിച്ച ആഘാതം ചെറുതല്ല. ഇതിനൊപ്പം ഭരണവിരുദ്ധവികാരംകൂടി ആഞ്ഞടിച്ചതോടെ കോൺഗ്രസിന്റെ ഉയർത്തെഴുന്നേല്പാണ് തെലുങ്കാനയിൽ കാണാനായത്.
പടലപ്പിണക്കങ്ങളില്ലാതെ ഭരിച്ചാൽ കോൺഗ്രസിനെ ദേശീയതലത്തിൽ ശക്തിപ്പെടുത്താൻ തെലുങ്കാന ഘടകത്തിനാകും. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ബിജെപി ഇനിയും കാത്തിരിക്കണമെന്നുകൂടി തെലുങ്കാന ഫലം വ്യക്തമാക്കുന്നു. എങ്കിലും അവിടെ കിട്ടിയ സീറ്റുകളും വോട്ടുവിഹിതവും ബിജെപിക്ക് പ്രതീക്ഷയ്ക്കു വകനൽകുന്നതാണ്.