നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
ന്യായാധിപന്മാർക്കും അഭിഭാഷകർക്കും പൊതുജനം ബഹുമാനം നൽകുന്നതും അവർ ഈ സ്ഥാപനത്തിന്റെ മഹത്വത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരാകണം എന്നതുകൊണ്ടുകൂടിയാണ്. ന്യായാധിപരും അഭിഭാഷകരും നിയമവ്യവസ്ഥയ്ക്കു പുറത്ത് ഏറ്റുമുട്ടുന്നത് ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്നതിനു സമാനമാണ്. അത് പൊതുസമൂഹത്തിനു നൽകുന്ന സന്ദേശം അരാജകത്വത്തിന്റേതായിരിക്കും.
നാട്ടിൽ ക്രമസമാധാനവും നീതിയും നടപ്പാക്കുന്നതിൽ ന്യായാധിപന്മാർക്കും അഭിഭാഷകർക്കുമുള്ള പങ്ക് ശ്രേഷ്ഠമാണ്. എന്നാൽ ന്യായാധിപന്മാരും അഭിഭാഷകരും നിലമറന്നു പെരുമാറുന്നത് നീതിന്യായ വ്യവസ്ഥയെത്തന്നെ ദുഷിപ്പിക്കും. ഏതാനും നാളുകളായി കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ പവിത്രതയ്ക്കു ചേരാത്ത ചില വാർത്തകൾ ഉണ്ടാകുന്നു.
ചില അഭിഭാഷകർ മജിസ്ട്രേറ്റിനെതിരേയും മജിസ്ട്രേറ്റ് അഭിഭാഷകർക്കെതിരേയും നിലപാടെടുക്കുന്നു. സീനിയർ ഗവൺമെന്റ് പ്ലീഡർ ബലാത്സംഗ കേസിൽ അറസ്റ്റിലാകുന്നു. പൊതുസമൂഹത്തെ ആശങ്കയിലാക്കുന്ന വാർത്തകളാണിവ.
വാദികൾക്കും പ്രതികൾക്കുമായി കോടതിമുറിക്കുള്ളിൽ പരസ്പരം പോരടിക്കുമ്പോഴും അഭിഭാഷകർ വ്യക്തിവിരോധം വച്ചുപുലർത്താറില്ല. ഇരുകൂട്ടരുടെയും വാദഗതികൾ കേട്ട് നീതിക്കായി വിധിപറയുന്ന ന്യായാധിപനും അഭിഭാഷകരും തമ്മിലും ഏതെങ്കിലും തരത്തിലുള്ള ഭിന്നതകൾ വച്ചുപുലർത്തേണ്ടതില്ല.
തന്നെയുമല്ല, ഏതു പ്രതികൂല സാഹചര്യത്തിലും വികാരങ്ങൾക്ക് അടിപ്പെടാതെ നീതിന്യായ വ്യവസ്ഥയിൽ അടിയുറച്ചു നിൽക്കേണ്ടവരാണ് ന്യായാധിപരും അഭിഭാഷകരും. ഇതിനു വിരുദ്ധമായി ഇരുകൂട്ടരുടെയും പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ ഇടർച്ചപോലും നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം ചാർത്തുമെന്നതിൽ സംശയമില്ല.
അടുത്ത നാളുകളിലുണ്ടായ ചില സംഭവങ്ങളാണ് ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒന്ന് കോട്ടയത്താണുണ്ടായത്. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ് അഭിഭാഷകര്‍ പ്രകടനം നടത്തുകയായിരുന്നു.
ഒരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനു വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെതിരേ കേസെടുക്കാന്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്നാണ് അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെ 29 അഭിഭാഷകര്‍ക്കെതിരേയാണ് ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെടുത്തിരിക്കുന്നത്.
മജിസ്ട്രേറ്റിനെതിരേയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങളും മജിസ്ട്രേറ്റ് നല്കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. രണ്ടാമത്തെ സംഭവം, നിയമസഹായം തേടിയെത്തിയ യുവതിയെ പലതവണ പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവൺമെന്റ് പ്ലീഡര്‍ അറസ്റ്റിലായതാണ്.
നിയമസഹായം തേടിയെത്തിയ യുവതിയെ അഭിഭാഷകന് കഴിഞ്ഞ ഒക്ടോബറില്‍ പീഡിപ്പിച്ചെന്നാണു കേസ്. പ്രതിയായ ഗവൺമെന്റ് പ്ലീഡര്‍ തത്സ്ഥാനം രാജിവച്ചിട്ടുണ്ട്. മറ്റൊരു സംഭവം മലപ്പുറം ജില്ലയിലെ തിരൂരിൽനിന്നാണ്.
ഇവിടെ അഭിഭാഷകരോട് മോശമായി പെരുമാറിയതിന് ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റിനെ തരംതാഴ്ത്തി സ്ഥലംമാറ്റിയിരിക്കുന്നു. ജാതി അധിക്ഷേപമടക്കം നടത്തിയെന്നാണ് മജിസ്ട്രേറ്റിനെതിരേ പരാതിയുയർന്നത്.
ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരേ ഉയർന്ന കൈക്കൂലി ആരോപണത്തിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞത് അടുത്ത ദിവസമാണ്. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കക്ഷികളിൽനിന്നു പണം വാങ്ങിയെന്നായിരുന്നു പരാതി.
ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്നു വാദിക്കാമെങ്കിലും ഏറ്റവും പവിത്രമായിരിക്കേണ്ട സംവിധാനത്തിൽ നേരിയ അപഭ്രംശം പോലും ഉണ്ടാകരുത് എന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. ന്യായാധിപന്മാർക്കും അഭിഭാഷകർക്കും പൊതുജനം ബഹുമാനം നൽകുന്നതും അവർ ഈ സ്ഥാപനത്തിന്റെ മഹത്വത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരാകണം എന്നതുകൊണ്ടുകൂടിയാണ്.
ന്യായാധിപരും അഭിഭാഷകരും നിയമവ്യവസ്ഥയ്ക്കു പുറത്ത് ഏറ്റുമുട്ടുന്നത് ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്നതിനു സമാനമാണ്. അത് പൊതുസമൂഹത്തിനു നൽകുന്ന സന്ദേശം അരാജകത്വത്തിന്റേതായിരിക്കും.
അഭിഭാഷകർക്കിടയിലെ രാഷ്ട്രീയ ചേരിതിരിവുകളാണ് പലപ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുന്നതിലേക്ക് എത്തിക്കുന്നത് എന്നതും കാണാതിരുന്നുകൂടാ. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി നീതിന്യായ വ്യവസ്ഥയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന പ്രവൃത്തികൾക്ക് അഭിഭാഷകർ ഒരിക്കലും കൂട്ടുനിന്നുകൂടാ.
രാഷ്ട്രീയ എതിരാളികളെ എങ്ങനെയും മോശക്കാരായി ചിത്രീകരിക്കുക എന്ന ഒരു രീതി അടുത്തകാലത്തായി വളർന്നുവരുന്നുണ്ട്. രാഷ്ട്രീയത്തിൽ അത് തെറ്റല്ലെന്ന ധാരണയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു മിഥ്യാധാരണ സമൂഹത്തിന്റെ സമസ്തമേഖലയെയും ഗ്രസിക്കുന്നത് ജീർണതയുടെ ലക്ഷണമാണ്.
നീതിന്യായ വ്യവസ്ഥ ഒരിക്കലും അതിന് അടിപ്പെട്ടുകൂടാ. അഭിഭാഷകർ തമ്മിൽത്തമ്മിലോ അഭിഭാഷകരും ന്യായാധിപരും തമ്മിലോ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും തെരുവിലേക്കെത്തിക്കാതെ രമ്യമായി പരിഹരിക്കപ്പെടണം.
അല്ലാതെ, തെരുവുഗുണ്ടകളെപ്പോലെ പരസ്പരം പോരടിക്കരുത്. അഭിഭാഷകവൃത്തിയുടെ പാവനത കാത്തുസൂക്ഷിക്കാൻ കഴിയാത്തവർക്ക് നീതിന്യായ വ്യവസ്ഥിതിയിൽ സ്ഥാനമില്ലെന്നും ഓർമിപ്പിക്കട്ടെ.