ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
പരാതികളുടെ ബാഹുല്യം സൂചിപ്പിക്കുന്നതുതന്നെ നാട്ടിൽ ഭരണം മികച്ചരീതിയിൽ നടക്കുന്നില്ല എന്നാണ്. അതിനാൽ നവകേരള സദസ് സർക്കാർ അവകാശപ്പെടുംപോലെ ലോകോത്തരമാക്കാൻ ഈ പരാതികൾ പരിഹരിക്കണം.
നവകേരള സദസ് ലക്ഷ്യം കാണട്ടെയെന്ന് ആശംസിച്ചുകൊണ്ടുതന്നെ തുറന്നുപറയട്ടെ കേരളത്തിലെ സാധാരണക്കാർ പ്രതീക്ഷിച്ചത് ഇതല്ല. അവർ ധരിച്ചതും അവരെ ധരിപ്പിച്ചതും നിങ്ങളുടെ പരാതികളും പരിഭവങ്ങളും മന്ത്രിസഭ കേട്ട് ആശ്വാസമുണ്ടാക്കുമെന്നും നാടിന്റെ വികസനത്തിൽ നിങ്ങളുടെ ആശയങ്ങൾകൂടി ഉൾക്കൊള്ളുന്നതിനുള്ള വേദിയൊരുക്കുമെന്നുമാണ്.
എന്നാൽ നാലു വടക്കൻ ജില്ലകളിൽ നവകേരള സദസ് പൂർത്തിയാകുമ്പോൾ ജനങ്ങൾ കടുത്ത നിരാശയിലാണ്. നവകേരള സദസ് ലോകോത്തരമെന്നാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള ഇടതുനേതാക്കളും ഇടതടവില്ലാതെ പ്രഘോഷിച്ചുകൊണ്ടിരിക്കുന്നത്.
സഞ്ചരിക്കുന്ന മന്ത്രിസഭയെ കാണാനും കേൾക്കാനുമായി ഒഴുകിയെത്തുന്ന ജനസഞ്ചയത്തെ കാണാതെയാണ് വിമർശനം എന്നാണ് ഇവരുടെ ആക്ഷേപം. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്നും പാർട്ടി സെക്രട്ടറിക്കു പരാതിയുണ്ട്.
പാർട്ടി സെക്രട്ടറിക്കും ഇടതുപക്ഷ നേതാക്കൾക്കും, സ്വന്തം പാർട്ടിക്കാർ പറയുന്നതും പാർട്ടി വേദികളിൽ നടത്തുന്ന ചർച്ചകളും വിലയിരുത്തി അഭിപ്രായം രൂപീകരിക്കാം, പ്രകടിപ്പിക്കാം. അതിൽ തെറ്റൊന്നും പറയാനാകില്ല. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അത്തരത്തിൽ ഏകപക്ഷീയമായി കാര്യങ്ങളെ കാണുകയും അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നത് നീതിയല്ല. പൗരപ്രമുഖരല്ലാത്ത സാധാരണക്കാരെക്കൂടി കേൾക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കടമയുണ്ട്.
എന്താണു കേരളത്തിലെ അവസ്ഥ. ഇടുക്കിയിലെ മറിയക്കുട്ടിയും അന്നക്കുട്ടിയും മാത്രമല്ല, സാധാരണക്കാരെല്ലാം പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലാണ്. പൊതുജനത്തെ കുത്തിപ്പിഴിഞ്ഞാണ് സംസ്ഥാന സർക്കാർ നിത്യനിദാനച്ചെലവുകൾ നടത്തുന്നത് എന്നതല്ലേ യാഥാർഥ്യം.
അവരുടെ ജീവിതച്ചെലവ് പിടിവിട്ട് ഉയർന്നതിനു പിന്നിൽ സർക്കാരിന്റെ ഈ കടുംവെട്ട് ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടില്ലേ. ഏതാണ്ട് എല്ലാത്തരം സർക്കാർ സേവനങ്ങൾക്കും ഫീസ് ഉയർത്തി. പെട്രോളിനും ഡീസലിനുമടക്കം നികുതി കൂട്ടി.
വൈദ്യുതിനിരക്ക് കൂട്ടി. മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയുമടക്കം ‘പിരിവ്’ അസഹനീയമാണ്. ഇതൊന്നും പോരാഞ്ഞ് വിലകുറച്ചു കാട്ടി ആധാരം രജിസ്റ്റർ ചെയ്തുവെന്നാരോപിച്ച് ലക്ഷക്കണക്കിനു പേർക്ക് നോട്ടീസ് അയയ്ക്കുന്നു.
1986 മുതൽ 2017 വരെ ഭൂമി കൈമാറ്റങ്ങൾ നടത്തിയവർക്കാണ് അണ്ടർ വാല്യുവേഷന്റെ പേരിൽ നോട്ടീസ് അയയ്ക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ എന്നാണ് ഓമനപ്പേര്. സർക്കാർ ഭൂമിക്കു ന്യായവില നിശ്ചയിക്കുന്നതിനു മുമ്പ് ആധാരം ചെയ്തവർക്കുപോലും വർഷങ്ങൾക്കുശേഷം നോട്ടീസ് അയയ്ക്കുന്നത് എന്തിന്റെ പേരിൽ ന്യായീകരിക്കും? നോട്ടീസ് കിട്ടുന്നവർ ആയിരമോ രണ്ടായിരമോ മൂവായിരമോ അടച്ച് രക്ഷപ്പെടുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ഇതുവഴി നല്ലൊരു സംഖ്യ ഖജനാവിലെത്തിക്കാമെന്നും കരുതുന്നു.
ഇത്തരത്തിൽ ആരും ഒഴിഞ്ഞുപോകുന്നില്ലെന്ന് ഉറപ്പാക്കിയുള്ള പണപ്പിരിവാണ് നാട്ടിൽ നടക്കുന്നത്. നെല്ലുസംഭരണത്തിൽ അക്ഷന്തവ്യമായ അനാസ്ഥയാണു കാണിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് നവകേരള സദസിനുവേണ്ടിയുള്ള ചെലവഴിക്കൽ.
തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളുമെല്ലാം പണം നൽകണമെന്നാണ് നിർദേശം. നാട്ടിലെ ക്ഷേമ-വികസനപ്രവർത്തനങ്ങൾക്കു മാറ്റിവയ്ക്കേണ്ട പണമാണ് ഇത്തരത്തിൽ പിടിച്ചുപറിക്കുന്നത്. ഇതെല്ലാം സംബന്ധിച്ച് സാധാരണക്കാർക്ക് നല്ല ബോധ്യമുണ്ട്.
പാർട്ടിക്കാർ പരസ്യമായി പ്രതിഷേധിക്കില്ല, പ്രതികരിക്കില്ല. അവർ നേതാക്കളുടെ ആജ്ഞകളനുസരിച്ച് ഏതു സദസിനും ആൾക്കൂട്ടമൊരുക്കും. അവരോടൊപ്പം പാവം കുടുംബശ്രീക്കാരെയും സ്കൂൾ കുട്ടികളെയും വരെ ഇറക്കി സദസ് കൊഴുപ്പിക്കാനുമാകും.
ഈ സദസു കണ്ട് മുഖ്യമന്ത്രി ആവേശം കൊള്ളുന്നതു മൗഢ്യമാണ്. യാഥാർഥ്യം തിരിച്ചറിയുന്നവരാണ് ബഹുഭൂരിപക്ഷവും. അവരുടെ വിമർശനത്തിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. മോട്ടോർവാഹന വകുപ്പ് ഓടിച്ചിട്ടു പിടിക്കുന്ന റോബിൻ ബസിന് ജനങ്ങൾ നൽകുന്ന സ്വീകരണവും സമൂഹമാധ്യമങ്ങളിലെ ട്രോൾ ഉത്സവങ്ങളും വെളിവാക്കുന്നത് ജനരോഷം തന്നെയാണ്.
തന്റെ കൺമുന്നിൽ കാണുന്നതു മാത്രമല്ല യാഥാർഥ്യമെന്ന് പഴയങ്ങാടി സംഭവം വിലയിരുത്തിയാൽ മുഖ്യമന്ത്രിക്കു മനസിലാകും. താൻ കടന്നുപോയതിനു പിന്നാലെ, കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ കൊല്ലാക്കൊല ചെയ്തത് അറിഞ്ഞില്ലെങ്കിൽ അതാണ് ഈ ഭരണാധികാരിയുടെ ഏറ്റവും വലിയ വീഴ്ച.
സ്തുതിപാഠകരും അനുയായിവൃന്ദവും നൽകുന്ന വിവരങ്ങളെ മാത്രം ആശ്രയിച്ചാണ് തീരുമാനങ്ങളെടുക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതും എന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് പഴയങ്ങാടി സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായത്. പോലീസ് ഇക്കൂട്ടർക്കെതിരേ വധശ്രമക്കേസെടുത്തിട്ടും യാത്രയിലുടനീളം മുഖ്യമന്ത്രി ന്യായീകരണവുമായി മുന്നോട്ടു പോകുന്നത് ഇരുട്ടുകൊണ്ടുള്ള ഓട്ടയടയ്ക്കലാണ്.
സംസ്ഥാന ഭരണത്തിലും ഇതുതന്നെയാണു നടക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെയടക്കം വിമർശനം. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സർക്കാർ പാർട്ടിക്കാരുടേതു മാത്രമല്ല, എല്ലാവരുടേതുമാണ്. എല്ലാവരുടേതുമാണെന്ന് ബോധ്യപ്പെടുത്തുകയും വേണം.
നവകേരള സദസിന്റെ മറവിൽ നടക്കുന്ന ധൂർത്ത് പകൽപോലെ വ്യക്തമാണ്. യാത്രയിലെ വാഹനപ്പെരുപ്പവും ഉദ്യോഗസ്ഥപ്പടയും പ്രചാരണ കോലാഹലങ്ങളും സുരക്ഷാ കോട്ടകളുമെല്ലാം ധൂർത്തല്ലാതെ മറ്റെന്താണ്? ഇതെല്ലാം ജനങ്ങൾ ലൈവായി കാണുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരെയാണ് കാണുന്നതെങ്കിലും കച്ചിത്തുരുമ്പും പിടിവള്ളിയുമെന്നു കരുതുന്ന സാധാരണക്കാരുടെ പരാതികൾ ഉദേ്യാഗസ്ഥരുടെ പക്കൽ കുമിഞ്ഞുകൂടുന്നുണ്ട്. പരാതികളുടെ ബാഹുല്യം സൂചിപ്പിക്കുന്നതുതന്നെ നാട്ടിൽ ഭരണം മികച്ച രീതിയിൽ നടക്കുന്നില്ല എന്നാണ്.
അതിനാൽ നവകേരള സദസ് സർക്കാർ അവകാശപ്പെടുംപോലെ ലോകോത്തരമാക്കാൻ ഈ പരാതികൾ പരിഹരിക്കണം. സാധാരണക്കാരെ പരിഗണിക്കണം. മുഖ്യമന്ത്രി പൊതുസമൂഹത്തെ കാണുകയും കേൾക്കുകയും വേണം. ധൂർത്ത് കുറയ്ക്കണം. ജനത്തെ പിഴിയുന്നതിൽ അല്പം മനഃസാക്ഷി കാണിക്കണം.