ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് ഈ നീക്കം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിന്റെ അടിസ്ഥാനം. ഭരണതലത്തിൽ രാഷ്ട്രീയ ഭിന്നതയുണ്ടായാൽ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും
അവതാളത്തിലാകും.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയക്കളികളെ സുപ്രീംകോടതി രൂക്ഷമായാണ് വിമർശിച്ചിരിക്കുന്നത്. തമിഴ്നാട് ഗവർണർ ആർ.എൻ. രവി കഴിഞ്ഞ മൂന്നു വർഷമായി എന്തുചെയ്യുകയായിരുന്നു എന്നുവരെ കോടതിക്കു ചോദിക്കേണ്ടി വന്നു.
തീർത്തും ലജ്ജാകരമാണ് ഈ അവസ്ഥ. കേരളം, തമിഴ്നാട്, പഞ്ചാബ് ഗവർണർമാർ ബില്ലുകൾ ഒപ്പിടാത്തതിനെതിരേയാണ് സുപ്രീംകോടതിയിൽ ഹർജികൾ എത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ തലവന്മാരായ ഗവർണർമാർ ഭരണസ്തംഭനം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
ജനങ്ങൾ തെരഞ്ഞെടുത്തതാണ് സംസ്ഥാന സർക്കാരുകളെ. ഗവർണർമാരാകട്ടെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ചുള്ള നിയമനത്തിലൂടെ അധികാരത്തിലെത്തിയവരും. ഗവർണർമാരെ ഉപയോഗിച്ച് തങ്ങൾക്കിഷ്ടമില്ലാത്ത സംസ്ഥാന സർക്കാരുകളെ ശ്വാസംമുട്ടിക്കുന്ന സമീപനം കേന്ദ്രസർക്കാരിനും ഭൂഷണമല്ല.
തമിഴ്നാട് ഗവർണറും ഡിഎംകെ സർക്കാരും ഏറെനാളായി പോരടിക്കുന്നു. സഹികെട്ടാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിലാണ് സുപ്രീംകോടതി ഗവർണർക്കെതിരേ രൂക്ഷവിമർശനം നടത്തിയത്.
സർക്കാർ കോടതിയിലെത്തിയതിനു പിന്നാലെ ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി ഗവർണർക്കയച്ചിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഈ ബില്ലുകളിൽ ഗവർണറുടെ നിലപാട് എന്താണെന്നു കാത്തിരിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
കക്ഷികൾ സുപ്രീംകോടതിയെ സമീപിക്കുംവരെ ഗവർണർ കാത്തിരുന്നത് എന്തിനാണ്? 2020 മുതലുള്ള ബില്ലുകളാണ് ഗവർണറുടെ അംഗീകാരം കാത്തുകിടക്കുന്നത്. മൂന്നു വർഷമായി ഗവർണർ എന്തുചെയ്യുകയായിരുന്നുവെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഗവർണറുടെ ഓഫീസിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ കാലതാമസമുണ്ടായോ എന്നതാണ് പ്രശ്നം. രാഷ്ട്രപതിക്കു നൽകുകയോ നിയമസഭയ്ക്കു തിരിച്ചയയ്ക്കുകയോ ചെയ്യാതെ ഗവർണർക്കു ബില്ലുമായി തുടരാനാകുമോ എന്നും കോടതി ചോദിച്ചു.
തമിഴ്നാട്ടിലേതിനു സമാനമായ അവസ്ഥയാണ് കേരളത്തിലുമുള്ളത്. കേരള ഗവർണർക്കെതിരായ ഹർജിയിൽ രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാതെ ഭരണസ്തംഭനമുണ്ടാക്കുന്ന ഗവർണർമാർ തീക്കളിയാണു നടത്തുന്നതെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു.
ഗവർണർ ഒരു വ്യവസ്ഥാപിത ഭരണത്തലവൻ മാത്രമാണെന്നാണ് ഒട്ടുമിക്ക ഭരണഘടനാ വിദഗ്ധരും വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭ നൽകുന്ന ഉപദേശങ്ങൾക്കു വിരുദ്ധമായി ഗവർണർമാർ പ്രവർത്തിക്കുകയാണെങ്കിൽ ജനാധിപത്യവ്യവസ്ഥിതിയിലുള്ള സർക്കാരുകളുടെ നിലനിൽപ്പുതന്നെ അസാധ്യമായിത്തീരും.
കാരണം നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണ് നിയമമാകുന്നത്. ബില്ലുകളിൽ എതിർപ്പുണ്ടെങ്കിൽ അതു സർക്കാരിന് തിരിച്ചയയ്ക്കുകയോ വിശദീകരണം തേടുകയോ ചെയ്യാം. അതുമല്ലെങ്കിൽ രാഷ്ട്രപതിക്കയയ്ക്കാം.
ഇക്കാര്യങ്ങൾ എത്രയും വേഗത്തിലാക്കണമെന്നാണ് ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. ഇതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുതുപയോഗിച്ചാണ് ഗവർണർമാർ രാഷ്ട്രീയം കളിക്കുന്നത്. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഗവർണർമാർ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്.
ബിജെപിയുടേതല്ലാത്ത സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ഗവർണർ-സർക്കാർ പോരുണ്ടാകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പ്രീതിയാണ് ഗവർണർമാർക്കു പ്രധാനം എന്നാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് ഈ നീക്കം.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിന്റെ അടിസ്ഥാനം. ഭരണതലത്തിൽ രാഷ്ട്രീയ ഭിന്നതയുണ്ടായാൽ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും അവതാളത്തിലാകും. നിർഭാഗ്യവശാൽ രാജ്യത്താകമാനം കക്ഷിരാഷ്ട്രീയത്തിനാണ് മുൻതൂക്കം. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും ഇല്ലാതാക്കാനും ഏതറ്റംവരെയും പോകാൻ പാർട്ടികൾക്കും നേതാക്കൾക്കും യാതൊരു മടിയുമില്ലാതായിരിക്കുന്നു.
ഉന്നതമായ ഭരണഘടനാ പദവികൾവരെ ദുരുപയോഗിക്കപ്പെടുന്നു. മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടുള്ള പ്രതികരണങ്ങളുണ്ടാകുന്നതും ജനാധിപത്യത്തെ ദുഷിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തും ജനാധിപത്യത്തിൽ പക്വതകാട്ടാൻ നമ്മുടെ നേതാക്കൾക്കു കഴിയാതെപോകുന്നത് ദൗർഭാഗ്യകരമാണ്.
സുപ്രീംകോടതി അതീവഗൗരവത്തോടെതന്നെയാണ് ഈ വിഷയം കൈകാര്യംചെയ്യുന്നത് എന്നത് പ്രതീക്ഷാനിർഭരമാണ്. എന്നാൽ ഇത്തരത്തിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റപ്പെടുന്നതിന് കോടതിയുടെ ഇടപെടൽ അനിവാര്യമായിത്തീരുന്നു എന്നത് ദുഃഖകരമാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്നത് അംഗീകരിക്കാൻ ഭരണക്കാർക്കു മടികാണുമെങ്കിലും അതാണ് യാഥാർഥ്യമെന്നു മറക്കരുത്.