സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
നമ്മുടെ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ സർക്കാരിനുള്ള താത്പര്യത്തിലും ശുഷ്കാന്തിയിലും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന പത്തു പോയിന്റുകൾ വായിക്കണം. ഏതു സർക്കാർ വിരുദ്ധനും കോൾമയിർകൊണ്ടുപോകും. എന്നാൽ, ഈ നിർദേശങ്ങളനുസരിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കേണ്ട പ്രധാനാധ്യാപകരോട് ഇതേക്കുറിച്ചു ചോദിച്ചാൽ ഏതു കഠിനഹൃദയനും അവരെ നമിക്കും.
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെയും പ്രഭാതഭക്ഷണത്തിന്റെയും ചെലവ് സ്വകാര്യ വ്യക്തികളിൽനിന്നു പണം സ്വരൂപിച്ചും സ്പോണ്സർമാരെ കണ്ടെത്തിയും നടപ്പാക്കാമെന്ന സർക്കാർ നിർദേശം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള പാഴ്ശ്രമമാണ്.
കടക്കെണിയിലായി വീട്ടുകാർക്കും നാട്ടിലെ കച്ചവടക്കാർക്കും മുമ്പിൽ നാണംകെട്ടു നിൽക്കുന്ന പ്രധാനാധ്യാപകരെ പെരുവഴിയിൽ അപമാനിതരാക്കാനേ ഈ നിർദേശം ഉപകരിക്കൂ. കഞ്ഞിക്കും കറിക്കും വകതേടി നടന്ന് ഈ അധ്യാപക പ്രമുഖർ വലഞ്ഞിരിക്കുന്നുവെന്നും, പലരും പ്രധാനാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റംപോലും വേണ്ടെന്നു വയ്ക്കുന്നുവെന്നുമുള്ളത് യാഥാർഥ്യമാണ്.
ഒടുവിൽ ഹൈക്കോടതി ഇടപെട്ടപ്പോഴാണ് പ്രധാനാധ്യാപകർ അല്പമൊന്നു നടുവു നിവർത്തിയത്. ഇപ്പോഴിതാ അവർക്കു കുരുക്കു മുറുക്കുന്ന തരത്തിൽ തലതിരിഞ്ഞ നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നു.
""കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് മെനു തയാറാക്കേണ്ടത്.
പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ട വീതവും (പുഴുങ്ങി മാത്രം) ആഴ്ചയിൽ രണ്ടു പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകിവരുന്നു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് ടി വിലയ്ക്കുള്ള നേന്ത്രപ്പഴം നൽകേണ്ടതാണ്.'' -കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് നൽകിയിരിക്കുന്ന "പത്തു കല്പന'കളിൽ രണ്ടെണ്ണമാണിത്.
നമ്മുടെ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ സർക്കാരിനുള്ള താത്പര്യത്തിലും ശുഷ്കാന്തിയിലും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന പത്തു പോയിന്റുകൾ വായിക്കണം. ഏതു സർക്കാർ വിരുദ്ധനും കോൾമയിർക്കൊണ്ടുപോകും. എന്നാൽ, ഈ നിർദേശങ്ങളനുസരിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കേണ്ട പ്രധാനാധ്യാപകരോട് ഇതേക്കുറിച്ചു ചോദിച്ചാൽ ഏതു കഠിനഹൃയനും അവരെ നമിക്കും.
കേന്ദ്രഫണ്ട് വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനായി നാട്ടുകാരിൽനിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്ന് നിർദേശിച്ചിരിക്കുന്നതത്രെ. രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, പൗരപ്രമുഖർ എന്നിവരിൽനിന്നു പലിശരഹിത സാന്പത്തികസഹായം ലഭ്യമാക്കാൻ കഴിയുമോ എന്ന് ഉച്ചഭക്ഷണ സംരക്ഷണ സമിതി ചർച്ച ചെയ്തു തീരുമാനിക്കണം. സർക്കാർ, എയ്ഡഡ്, സ്പെഷൽ സ്കൂളുകളിൽ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം.
സമിതിയിൽ വാർഡ് അംഗം രക്ഷാധികാരിയും പ്രഥമാധ്യാപകർ കണ്വീനറുമാണ്. സമിതിയുടെ നേതൃത്വത്തിൽ പ്രാദേശികമായി വിഭവസമാഹരണം നടത്തണം. പലിശരഹിത വായ്പയുടെ ഉത്തരവാദിത്വം പ്രധാനാധ്യാപകർക്കാണ്. ഫണ്ട് ലഭിക്കുന്ന മുറയ്ക്കു വായ്പത്തുക തിരികെ നൽകേണ്ടതും പ്രധാനാധ്യാപകരാണ്.
ഈ നിർദേശം നടപ്പായാൽ തങ്ങൾ കുടുങ്ങുമെന്നും പലിശരഹിത വായ്പ നൽകുന്നവർക്ക് അതു തിരിച്ചുനൽകാനുള്ള ഉത്തരവാദിത്വം തങ്ങളുടെ ചുമലിലാകുമെന്നും പ്രധാനാധ്യാപകർ ഉറച്ചുവിശ്വസിക്കുന്നു. ജോലിയിൽനിന്നു വിരമിച്ചാൽപ്പോലും തീരുന്നതായിരിക്കില്ല ഈ ഉത്തരവാദിത്വം. ഇപ്പോൾത്തന്നെ പദ്ധതി നടത്തിക്കൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്നവരെ നാട്ടിലിറങ്ങി പിരിവു നടത്താൻകൂടി നിർബന്ധിക്കുന്നതാണ് ഈ നിർദേശം.
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ സർക്കാരിനെ വിശ്വസിച്ചു നിക്ഷേപം നടത്തിയവർക്കു പണം തിരിച്ചുകൊടുക്കുന്നതിൽ ഉത്തരവാദിത്വമെടുക്കാനാവില്ലെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത സർക്കാരിനെ വിശ്വസിച്ച് ആരാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പലിശരഹിതമായി വായ്പ നൽകുക? സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിൽനിന്ന് എപ്പോൾ പണം കിട്ടുമെന്നറിയാത്ത പ്രധാനാധ്യാപകന് വായ്പാത്തുക എന്നു തിരിച്ചു നൽകുമെന്ന് എങ്ങനെ ഉറപ്പു നൽകാനാകും? സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വലിയൊരു കീറാമുട്ടിയായി സർക്കാരിനെ വലയ്ക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് പുതിയ നിർദേശം.
പദ്ധതി ഫലപ്രദമായി നടപ്പാക്കണമെങ്കിൽ പണം കൂടിയേ തീരൂ. അതു കണ്ടെത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുതന്നെയാണ്. അധ്യാപകരുടെ ഉത്തരവാദിത്വം കുട്ടികളെ പഠിപ്പിക്കലാണ്; അതിന് അവരെ അനുവദിക്കുക.