ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അർഹതപ്പെട്ടതു കിട്ടാൻ ജനങ്ങളെ സമരമുഖത്തേക്കു തള്ളിവിടുന്നതിൽ സർക്കാരിന് ഒരു ലജ്ജയും തോന്നുന്നില്ല എന്നതാണ് സങ്കടകരം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞുവയ്ക്കുന്നതെല്ലാം അഷ്ടിക്കു വകയില്ലാത്തവരുടെ ആനുകൂല്യങ്ങളാണ്. എന്തൊരു സംസ്കാരമാണിത്.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന അവസ്ഥയിലായിരിക്കുന്നു സംസ്ഥാനം. അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും മാത്രമല്ല, സാമാന്യനീതിപോലും കിട്ടാൻ സമരം ചെയ്യേണ്ടിവരുന്ന അതിദാരുണമായ അവസ്ഥ.
പെൻഷൻ മുടങ്ങിയതുമൂലം ജീവിക്കാൻ നിർവാഹമില്ലാതെ പിച്ചയെടുക്കേണ്ടിവന്ന ഇടുക്കി അടിമാലിയിലെ 87 വയസുള്ള മറിയക്കുട്ടിയും, സർക്കാരിന്റെ വാക്കു വിശ്വസിച്ച് നാട്ടുകാരെ അന്നമൂട്ടിയ കുടുംബശ്രീക്കാരും, കെഎസ്ആർടിസിയിൽ സേവനംചെയ്തു പെൻഷൻ പറ്റിയവരും, നെല്ലും റബറുമെല്ലാം കൃഷിചെയ്ത് കടക്കെണിയിലായ കർഷകരുമെല്ലാം ഈ ദയനീയാവസ്ഥയുടെ നേർചിത്രങ്ങളാണ്.
കാസർഗോട്ടെ എൻഡോസൾഫാൻ ഇരകളുടെ മുതൽ തിരുവനന്തപുരം കോവളത്ത് ഇന്നലെ തുറമുഖമന്ത്രിയെ തടഞ്ഞ കട്ടമരത്തൊഴിലാളികളുടെ വരെ സമരം വ്യക്തമാക്കുന്നത് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ സമരങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമുണ്ട് എന്നുതന്നെയാണ്.
ഇടുക്കിയിലെ മറിയക്കുട്ടിയുടെയും, 2015 മുതൽ സമരമുഖത്തുള്ള വയനാട്ടിലെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെയും അടക്കം സംഘടനകളുടെ പിൻബലമില്ലാത്ത നിരവധി ഒറ്റയാൾ സമരങ്ങളും സംസ്ഥാനത്തു നടക്കുന്നു.
മുമ്പൊക്കെ സർക്കാരിനെതിരേ സമരം ചെയ്തിരുന്നത് പ്രധാനമായും പ്രതിപക്ഷ കക്ഷികളായിരുന്നു. അവരുടെ സമരങ്ങൾക്കു പലപ്പോഴും രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നു. രാഷ്ട്രീയപ്പാർട്ടികളുടെ ബന്ദുകളും ഹർത്താലുകളും പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസമരങ്ങളും കേരളത്തിനുണ്ടാക്കിയിട്ടുള്ള നഷ്ടം കുറച്ചൊന്നുമല്ല.
പ്രതിപക്ഷത്തായിരുന്നപ്പോൾ ഇടതുപക്ഷ പാർട്ടികളുടെ സമരവേലിയേറ്റംതന്നെയായിരുന്നു കേരളത്തിൽ. ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോകുന്ന വിരോധാഭാസവും ഇടതുപാർട്ടികൾ കേരളത്തിനു സംഭാവന ചെയ്തിട്ടുണ്ട്.
കോടതിയുടെ ശക്തമായ ഇടപെടൽ മൂലം പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസരങ്ങൾ അല്പമൊന്നു ശമിച്ചിട്ടുണ്ട്. തൊഴിൽസമരങ്ങളായിരുന്നു മറ്റൊന്ന്. അതിൽ പലതിനും രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നു. തൊഴിലാളി സംഘടനകളുടെ പരിധിവിട്ട സമരങ്ങളുടെ ദുരന്തഫലം മുഴുവൻ സംസ്ഥാനം അനുഭവിച്ചിട്ടുമുണ്ട്.
എന്നാൽ, ഇപ്പോൾ സംസ്ഥാനത്തുടനീളം നടക്കുന്ന സമരങ്ങളിൽ ഭൂരിഭാഗവും ഈ രണ്ടു ഗണത്തിലും പെടുന്നതല്ല. രാഷ്ട്രീയ സമരങ്ങൾ ഇല്ലെന്നല്ല, ജീവിതം വഴിമുട്ടിനിൽക്കുന്നവരുടെ സമരങ്ങൾ അതിനേക്കാൾ എത്രയോ അധികമായിരിക്കുന്നു എന്നതാണു യാഥാർഥ്യം.
ഇടമുറിയാത്ത സമരത്തിലൂടെ വളർന്നുവന്ന് തുടർഭരണം വരെ നേടിയ കേരളത്തിലെ ഇടതുപക്ഷത്തിന് ഇപ്പോൾ സാധാരണക്കാരുടെയും കർഷകരുടെയും സമരങ്ങളോട് വലിയ അസഹിഷ്ണുതയാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇടുക്കിയിലെ മറിയക്കുട്ടിയോടു കാട്ടിയത്.
മറിയക്കുട്ടിയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നു വരുത്തിത്തീർക്കാൻ കാട്ടിക്കൂട്ടിയ പ്രചാരവേലകളെല്ലാം തിരിഞ്ഞുകൊത്തുന്നുമുണ്ട്. കർഷകസമരങ്ങളോടുള്ള സമീപനവും ഒട്ടും ജനാധിപത്യപരമല്ല. തങ്ങളുടെ തൊഴിലിടങ്ങളിൽ സമരം ചെയ്യാനോ കാർഷികവൃത്തി നിർത്തിവച്ച് സമരമുഖത്തു നിൽക്കാനോ നിവൃത്തിയില്ലാത്തവരാണ് കർഷകർ.
നെല്ലിനു വില കിട്ടാൻ കർഷകർ എത്രമാത്രം സമരം ചെയ്തു! ആത്മഹത്യവരെ സംഭവിച്ചുകഴിഞ്ഞു. എന്നിട്ടും കർഷകരെ പരിഹസിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേരളത്തിൽ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ എന്ന മന്ത്രി സജി ചെറിയാന്റെ ചോദ്യം ഇത്തരം പരിഹാസം പാരമ്യത്തിലെത്തിയതിന്റെ വ്യക്തമായ ഉദാഹരണമാണ്.
തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമുണ്ടാകില്ലെന്നും മന്ത്രി കണ്ടെത്തിയിട്ടുണ്ട്. കർഷകരെയും കാർഷിക കേരളത്തെയും ഇത്രമാത്രം അപഹസിക്കാൻ മന്ത്രി സജി ചെറിയാൻ തയാറായത് സർക്കാരിന്റെ ധാർഷ്ട്യമല്ലാതെ മറ്റെന്താണ്? റബർ കർഷകരുടെ പ്രതിഷേധങ്ങളും സർക്കാർ കണ്ടതായി നടിക്കുന്നില്ല.
അർഹതപ്പെട്ടതു കിട്ടാൻ ജനങ്ങളെ സമരമുഖത്തേക്കു തള്ളിവിടുന്നതിൽ സർക്കാരിന് ഒരു ലജ്ജയും തോന്നുന്നില്ല എന്നതാണ് സങ്കടകരം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞുവയ്ക്കുന്നതെല്ലാം അഷ്ടിക്കു വകയില്ലാത്തവരുടെ ആനുകൂല്യങ്ങളാണ്.
എന്തൊരു സംസ്കാരമാണിത്. ഏറ്റവും പരിഗണന കിട്ടേണ്ട അടിസ്ഥാനവിഭാഗങ്ങളെ ഇത്രമാത്രം അവഗണിക്കുന്ന സർക്കാർ, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്കും അവരുടെ പരിവാരങ്ങൾക്കുംവേണ്ടി ചെലവഴിക്കുന്നത് കോടിക്കണക്കിനു രൂപയാണ്.
പാഴ്ചെലവുകൾക്കും ധൂർത്തിനും ഒരു സാമ്പത്തിക പ്രതിസന്ധിയും തടസമാകുന്നില്ല എന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ അവകാശ സമരങ്ങളെക്കുറിച്ച് സർക്കാർ അടിയന്തരമായി പഠനം നടത്തണം.
അതിൽ രാഷ്ട്രീയപ്രേരിതവും അനാവശ്യവുമായവ ഒഴിവാക്കി അർഹതപ്പെട്ടവരെ പരിഗണിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെയും നിയമക്കുരുക്കുകളുടെയും പേരിൽ അവരെ തെരുവിൽ നിർത്തരുത്. അതു നാടിനാകെ നാണക്കേടാണ്.
മുതിർന്ന പൗരന്മാരും പെൻഷൻകാരും കർഷകരുമെല്ലാം തെരുവിലിരുന്നു സമരം ചെയ്യേണ്ടിവരുന്നത് ഗതികേടുകൊണ്ടു മാത്രമാണെന്നു തിരിച്ചറിഞ്ഞ് അവരെ അപഹസിക്കാതെ പ്രശ്നപരിഹാരം ഉണ്ടാക്കുകയാണു വേണ്ടത്. കൊട്ടിഘോഷിച്ചു നടത്തുന്ന നവകേരള സദസിൽ ഇതും ഇടംപിടിക്കണം.