അരികെ മൂന്നാമൂഴം!
2013നുശേഷം ഒരു ഐസിസി കിരീടംപോലും നേടിയിട്ടില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ പത്തുവർഷത്തെ കിരീടവരൾച്ചയ്ക്ക് 19ന് വിരാമമാകട്ടെ. മുംബൈയിലെയും അഹമ്മദാബാദിലെയും സ്റ്റേഡിയങ്ങൾ മുഖരിതമാക്കുന്ന ‘ഇന്ത്യ ജീത്തേഗാ’ വിളികളും കോടികളുടെ പ്രാർഥനയും
ടീം ഇന്ത്യയുടെ അവിസ്മരണീയ കുതിപ്പിന് ഊർജമേകട്ടെ.
ആവേശത്തിന്റെ കൊടുമുടികയറ്റത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. അത്രമേൽ അവർക്കൊരു മൂന്നാമൂഴത്തിന്റെ പ്രതീക്ഷ സമ്മാനിച്ചുകഴിഞ്ഞു ടീം ഇന്ത്യ. ഒരുവട്ടംകൂടി ലോക ക്രിക്കറ്റ് കിരീടം എന്ന സ്വപ്നനേട്ടത്തിന് രണ്ടു ചുവടുമാത്രം അകലെയാണ് ഇന്ത്യ. ഇന്നു മുംബൈ വാങ്കഡേയിൽ സെമിഫൈനൽ; 19ന് അഹമ്മദാബാദിൽ ഫൈനൽപോരാട്ടം.
1983ൽ "കപിലിന്റെ ചെകുത്താന്മാർ'''' ആദ്യമായി ഇന്ത്യയിലേക്കു ലോകകിരീടമെത്തിക്കുന്പോൾ അത് ക്രിക്കറ്റ് ലോകത്തെത്തന്നെ ഞെട്ടിച്ച അട്ടിമറിയായിരുന്നു. പിന്നീട് സച്ചിൻ തെണ്ടുൽക്കറെന്ന മഹാവിസ്മയമടക്കമുള്ള വൻതാരനിരകളുണ്ടായിട്ടും, 28 വർഷങ്ങൾക്കുശേഷം 2011ലാണ് ടീം ഇന്ത്യയുടെ ധോണിപ്പട വീണ്ടും ലോകജേതാക്കളാകുന്നത്. 12 വർഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും ആ മനോഹരമുഹൂർത്തത്തിനരികെയാണ് നമ്മൾ.
ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിൽ തുടക്കമിട്ട തീപാറിയ പോരാട്ടങ്ങൾ 40 ദിനങ്ങൾ പിന്നിടുന്പോൾ ക്രിക്കറ്റ് ലഹരി അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. ആതിഥേയരായ ഇന്ത്യയുടെ സ്വപ്നസമാനമായ ജൈത്രയാത്രയാണതിനു മുഖ്യകാരണം; ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിന്റെ വിസ്മയപ്രകടനവും കാണികളുടെ മനംകവർന്ന അഫ്ഗാനിസ്ഥാന്റെ അട്ടിമറികളുമടക്കം പലതും ക്രിക്കറ്റ് മാമാങ്കത്തിനു ലഹരികൂട്ടിയെങ്കിലും.
ഉത്സവങ്ങളുടെയും തെരഞ്ഞെടുപ്പുചൂടിന്റെയും ദിനങ്ങൾക്കിടയിലും ക്രിക്കറ്റ് മൈതാനങ്ങളിൽ ടീം ഇന്ത്യയുടെ ആധികാരിക വിജയങ്ങൾ കായികപ്രേമികളെ ആഹ്ലാദചിത്തരാക്കി. 45 മത്സരങ്ങൾ പൂർത്തിയായപ്പോൾ കളത്തിലുണ്ടായിരുന്ന പത്തു ടീമുകളിൽ അപരാജിതരായി ടീം ഇന്ത്യ മാത്രം. ഒന്പതു മത്സരങ്ങളിൽ ഒന്പതും വിജയം. ലോകകപ്പ് ചരിത്രത്തിൽത്തന്നെ ലീഗ് റൗണ്ട് രീതിയിൽ ഒന്പതു മത്സരങ്ങളും ജയിച്ച് നോക്കൗട്ടിൽ പ്രവേശിക്കുന്ന ആദ്യടീമാണ് ഇന്ത്യ.
കണക്കിലും കളിയിലും ലോകകപ്പിലെ വ്യക്തിഗതനേട്ടങ്ങളിലും ഇക്കുറി ഇന്ത്യ ഏറെ മുന്നിലാണ്. ബാറ്റർമാരുടെ കരുത്തിൽ എന്നും വിജയം സ്വപ്നംകണ്ട ക്രിക്കറ്റ് ആരാധകർ ഇത്തവണ ബൗളർമാരിൽക്കൂടി വിശ്വാസമർപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് വിഭാഗമാണ് ഇത്തവണത്തേതെന്ന്, എതിരാളികളെ നിലംപരിശാക്കിയ പ്രകടനങ്ങളോടെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമൊക്കെ തെളിയിച്ചുകഴിഞ്ഞു. ലോകകപ്പിലെ മികച്ച ബൗളിംഗ് പ്രകടനവും (മുഹമ്മദ് ഷമി) മികച്ച ഇക്കോണമിയും (ജസ്പ്രീത് ബുംറ) നമ്മുടെ താരങ്ങളുടെ പേരിലാണ്.
ബാറ്റിംഗിലും സമൃദ്ധമായ ഒരു വിരുന്നുതന്നെയാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ നൽകിയത്. രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ... ഓരോരുത്തരും തങ്ങളുടെ റോൾ ഭംഗിയാക്കി. ടൂർണമെന്റിലെ ടോപ് സ്കോറർമാരായ അഞ്ചുപേരിൽ രണ്ടുപേർ വിരാട് കോഹ്ലിയും രോഹിത് ശർമയുമാണെന്നോർക്കുക.
ഇനി രണ്ടു ചുവടുകൂടി. ക്രിക്കറ്റിൽ ഓരോ കളിയും ഓരോ ദിനവും പ്രധാനമാണ്; നോക്കൗട്ട് ഘട്ടത്തിൽ പ്രത്യേകിച്ചും. അതുവരെയുള്ള അപ്രമാദിത്വമൊന്നും അവിടെ വരവുവയ്ക്കപ്പെടില്ല. അന്നത്തെ പോരാട്ടവും വിജയവുംതന്നെ മുഖ്യം. അവരുടേതായ ദിനങ്ങളിൽ ഏതു മത്സരവും പിടിച്ചെടുക്കാൻ ശേഷിയുള്ളവരാണ് സെമിഫൈനൽ ലൈനപ്പിലുള്ള ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകൾ.
2019ലെ സെമിഫൈനലിൽ ഇംഗ്ലണ്ടിൽ ഇന്ത്യൻസ്വപ്നങ്ങളെ തച്ചുടച്ച കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലൻഡാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളിയെന്നത് ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. ഇന്ത്യക്കെതിരേ ഈ ലോകകപ്പിൽ ആദ്യം ബാറ്റ്ചെയ്ത് ഏറ്റവും ഉയർന്ന സ്കോർ നേടിയതും ന്യൂസിലൻഡാണ്.
2015ൽ സെമിയിൽ വീണ ചരിത്രവും ഇന്ത്യക്കു സ്വന്തം. എങ്കിലും, ടൂർണമെന്റിൽ ഇതുവരെയുള്ള തകർപ്പൻ പ്രകടനം, ഇന്നു സച്ചിന് തെണ്ടുൽക്കറിന്റെ സ്വന്തം ഗ്രൗണ്ടായ വാങ്കഡേയിൽ തുടരുമെന്നും 19ന് അഹമ്മദാബാദിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും മുന്നിൽനിന്നും ഇതിഹാസതാരം രാഹുൽ ദ്രാവിഡ് പിന്നിൽനിന്നും നയിക്കുന്ന ഇന്ത്യതന്നെയാകും കപ്പിൽ മുത്തമിടുകയെന്നും ക്രിക്കറ്റ് പ്രേമികൾ ഉറച്ചുവിശ്വസിക്കുകയാണ്.
അതിന് നോക്കൗട്ട് സമ്മർദങ്ങളെ അതിജീവിക്കുന്ന ഓൾറൗണ്ട് പ്രകടനം അനിവാര്യമാണ്. തുടർവിജയങ്ങളിൽ മതിമറക്കാതെയും ഇതുവരെ കാണിച്ച ആത്മവിശ്വാസം ചോരാതെയുമിരിക്കണം. വിജയം അരികെത്തന്നെയുണ്ട്.
2013നുശേഷം ഒരു ഐസിസി കിരീടംപോലും നേടിയിട്ടില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ പത്തുവർഷത്തെ കിരീടവരൾച്ചയ്ക്ക് 19ന് വിരാമമാകട്ടെ. മുംബൈയിലെയും അഹമ്മദാബാദിലെയും സ്റ്റേഡിയങ്ങൾ മുഖരിതമാക്കുന്ന "ഇന്ത്യ ജീത്തേഗാ'''' വിളികളും കോടികളുടെ പ്രാർഥനയും ടീം ഇന്ത്യയുടെ അവിസ്മരണീയ കുതിപ്പിന് ഊർജമേകട്ടെ.