സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
മുഖ്യപ്രതിപക്ഷമെന്ന കടമ നിങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ ആ സ്ഥാനം ഏറെനാൾ ശൂന്യമായിക്കിടക്കില്ല എന്നെങ്കിലും ഓർമിക്കുന്നതു നന്ന്. പാർട്ടി പുനഃസംഘടനയിലെ തമ്മിലടിയും നേതൃത്വത്തിലെ ഭിന്നതകളുമൊന്നും ജനകീയവിഷയങ്ങളല്ല. ഹമാസിന്റേത് തീവ്രവാദമാണെന്നു നിലപാടെടുത്ത ശശി തരൂരിനെ ഒതുക്കാനും പരിഹാരം ചെയ്യാനും നടക്കുന്നവർ തിരിച്ചറിയേണ്ടത് കേരളത്തിലെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്കു പലസ്തീൻ ഐക്യദാർഢ്യം ഒറ്റമൂലിയാകില്ല എന്നാണ്.
സംസ്ഥാനത്ത് കർഷകരും സാധാരണക്കാരും സമീപകാലത്തെങ്ങുമില്ലാത്ത തരത്തിൽ ദുരിതമനുഭവിക്കുമ്പോൾ അവരോടു ചേർന്നുനിൽക്കാനും അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സർക്കാരിനെ തിരുത്തിക്കാനും ഏറ്റവുമധികം ഉത്തരവാദിത്വമുള്ള മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് എന്തെടുക്കുകയാണ്?.
സിപിഎമ്മിനെക്കാൾ വലിയ ഹമാസ് അനുകൂലികളാണ് തങ്ങളെന്നു തെളിയിക്കേണ്ട ബാധ്യത ഭംഗിയായി നിറവേറ്റുന്നുണ്ട് കോൺഗ്രസ്. എന്നാൽ അതിനുവേണ്ടിയുള്ള ശുഷ്കാന്തിയുടെ ഒരല്പമെങ്കിലും ജനകീയവിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കാണിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നവരാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരും.
ബഹുമാന്യ കോൺഗ്രസ് നേതൃത്വമേ, കേരളത്തിന്റെ ജീവൽപ്രശ്നം ഇസ്രയേൽ-ഹമാസ് യുദ്ധമല്ല. കടക്കെണിയിലായി ആത്മഹത്യ ചെയ്യുന്ന കർഷകരുടെയും പെൻഷൻപോലും കിട്ടാതെ പിച്ചയെടുത്തു ജീവിക്കാൻ നിർബന്ധിതരാകുന്ന പട്ടിണിപ്പാവങ്ങളുടെയും അന്തിയുറങ്ങാൻ കിടപ്പാടമില്ലാതെ തെരുവിലെറിയപ്പെടുന്ന നിസഹായരുടെയും നിലവിളികളാണ് കേരളത്തിലങ്ങോളമിങ്ങോളം മുഴങ്ങുന്നത്.
അതു കേൾക്കാതെ നിങ്ങൾ പ്രകടിപ്പിക്കുന്ന ഹമാസ് പ്രീണനം ഈ നാടിനുതന്നെ ആപത്താണ്. ഭരണവീഴ്ചകൾ മറയ്ക്കാൻ സിപിഎം ഒരുക്കിയ കെണിയിൽ നിങ്ങൾ എന്തിനു വീഴണം?.
ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇസ്രയേൽ-ഹമാസ് യുദ്ധമല്ല കോൺഗ്രസ് പ്രചാരണവിഷയമാക്കിയിരിക്കുന്നത്. സാധാരണക്കാരും കർഷകരും നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ഓരോ സംസ്ഥാനത്തെയും നിങ്ങളുടെ പ്രകടനപത്രികകളിൽ നിറഞ്ഞുനിൽക്കുന്നത്.
കാർഷികകടം എഴുതിത്തള്ളുമെന്നും സൗജന്യനിരക്കിൽ പാചകവാതകം നൽകുമെന്നുമടക്കം നിരവധി ക്ഷേമപദ്ധതികളും നിങ്ങൾ വാഗ്ദാനം ചെയ്യുന്നു. അവിടെയെല്ലാം ഇത്തരം വാഗ്ദാനങ്ങളായിരിക്കും വോട്ടു നേടിത്തരിക എന്നു വിശ്വസിക്കുന്ന നിങ്ങൾ കേരളത്തിൽ അത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നതിലും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും തീർത്തും പരാജയപ്പെട്ടിരിക്കുന്നു.
റബറിന് 250 രൂപ വില ഉറപ്പാക്കുമെന്നതടക്കം സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി നൽകിയ പല വാഗ്ദാനങ്ങളും ഇതുവരെയും നിറവേറ്റാത്തതിനെതിരേ ഫലപ്രദമായി പ്രതിഷേധിക്കാൻ നിങ്ങൾക്കാവുന്നില്ല. ധൂർത്തും സ്വജനപക്ഷപാതവും അഴിമതിയുമടക്കമുള്ള ജനകീയ വിഷയങ്ങളും നിങ്ങൾ കേവലപ്രതിഷേധത്തിലൊതുക്കുന്നുവെന്ന ആരോപണവും കണ്ടില്ലെന്നു നടിക്കാനാവില്ല.
മുഖ്യപ്രതിപക്ഷമെന്ന കടമ നിങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ ആ സ്ഥാനം ഏറെനാൾ ശൂന്യമായിക്കിടക്കില്ല എന്നെങ്കിലും ഓർമിക്കുന്നതു നന്ന്. പാർട്ടി പുനഃസംഘടനയിലെ തമ്മിലടിയും നേതൃത്വത്തിലെ ഭിന്നതകളുമൊന്നും ജനകീയവിഷയങ്ങളല്ല.
ഹമാസിന്റേത് തീവ്രവാദമാണെന്നു നിലപാടെടുത്ത ശശി തരൂരിനെ ഒതുക്കാനും പരിഹാരം ചെയ്യാനും നടക്കുന്നവർ തിരിച്ചറിയേണ്ടത് കേരളത്തിലെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്കു പലസ്തീൻ ഐക്യദാർഢ്യം ഒറ്റമൂലിയാകില്ല എന്നാണ്.
ആദർശരാഷ്ട്രീയം അറബിക്കടലിലെറിഞ്ഞ് സിപിഎം നടത്തുന്ന മുസ്ലിം പ്രീണനമാണ് കോൺഗ്രസിനെ അങ്കലാപ്പിലാക്കുന്നതെന്നു വ്യക്തം. യുഡിഎഫിന്റെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഇടതുമുന്നണിയിൽ എത്തിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
ലീഗാകട്ടെ സിപിഎമ്മിന്റെ തന്ത്രത്തിനു തക്ക മറുപടി നൽകാതെ അരസമ്മതം കണക്കേയാണ് പ്രതികരിക്കുന്നതെന്നു തോന്നിപ്പിക്കുന്നു. ലീഗിന്റെ ശക്തിയെക്കുറിച്ച് മതിപ്പുപറയുന്ന സിപിഎം അവരുടെ പിന്നാലെ നടക്കുന്ന പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നാണംകെട്ടതെങ്കിലും എല്ലാ വീഴ്ചകളും മറയ്ക്കാൻ അവർ സൃഷ്ടിച്ചെടുത്തിരിക്കുന്ന ഈ പുകമറ കോൺഗ്രസിനെ വെട്ടിലാക്കുന്നതോടൊപ്പം സംസ്ഥാനത്ത് ദുരിതത്തിലായ ജനങ്ങളെയാകെത്തന്നെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.
സിപിഎമ്മിനെതിരേ ശക്തമായ നിലപാടെടുക്കാൻ ലീഗിനു വിലങ്ങുതടിയാകുന്നത് ഇരുപാർട്ടികളിലെയും ചില ഉന്നത നേതാക്കൾ തമ്മിലുള്ള അന്തർധാരയാണെന്ന ആരോപണമുണ്ട്. ഇതാണോ കോൺഗ്രസിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്നതെന്ന് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വം വിശദമായി പരിശോധിക്കണം.
കേരളം എത്തിപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ജനങ്ങളിലേക്കെത്തിക്കാൻ എന്തേ പ്രതിപക്ഷം മടിക്കുന്നു. 33,000 രൂപയുടെ കണ്ണട വാങ്ങിയതിനെതിരേ ഉയർന്ന ആരോപണങ്ങളിൽ മന്ത്രി ആർ. ബിന്ദു നടത്തിയ പ്രതികരണത്തിൽ ചില പ്രതിപക്ഷ എംഎൽഎമാരും ഇത്തരത്തിൽ പണം കൈപ്പറ്റിയതിന്റെ കണക്കുകൾ പറഞ്ഞു.
കരിമണൽ കമ്പനിയിൽനിന്ന് പണം വാങ്ങിയവരിലുമുണ്ടായിരുന്നു കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേയടക്കം ഉയർന്ന ആരോപണങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസും യുഡിഎഫും വേണ്ടത്ര വീറും വാശിയും കാട്ടുന്നില്ല എന്ന ആരോപണവും കഴമ്പുള്ളതാണ്.
ഇത്തരത്തിൽ പ്രതിപക്ഷം ദുർബലമാകുന്നതാണ് ഭരണപക്ഷത്തിനു വളമാകുന്നത്. കോൺഗ്രസിനെ തകർക്കുന്നതിൽ മുഖ്യപങ്ക് എതിരാളികൾക്കല്ല, സ്വന്തം നേതാക്കൾക്കും കൂട്ടുകാർക്കുമാണെന്ന യാഥാർഥ്യം നേതാക്കൾക്കറിയാത്തതല്ല.
കൂട്ടായ ചർച്ചകൾ നടത്തി ഉറച്ച തീരുമാനങ്ങളെടുക്കാനും ആർജവത്തോടെ അതു നടപ്പാക്കാനും തയാറായാൽ മാത്രംമതി കോൺഗ്രസ് കരുത്തുറ്റതാകാൻ. ജനപിന്തുണയാർജിക്കാൻ ജനകീയ ഐക്യദാർഢ്യമല്ലാതെ മറ്റ് ഒറ്റമൂലികളൊന്നുമില്ലെന്നു തിരിച്ചറിയുക.