നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പിആർഎസ് കുടിശിക കൃഷിക്കാരെ ബാധിക്കില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദുംം സർക്കാരും ആവർത്തിച്ചു പറയുന്നതിനിടെയാണ് കേരളം കർഷകരുടെ ആത്മഹത്യാമുനമ്പായി മാറുന്നത്. പാടത്തു വയ്ക്കുന്ന കോലത്തേക്കാൾ നിർവികാരമായൊരു സർക്കാർ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു; യാതൊരു കുറ്റബോധവുമില്ലാതെ.
യാഥാർഥ്യങ്ങളുമായി ഒത്തുപോകാത്ത സർക്കാരിന്റെ ന്യായീകരണങ്ങൾ കേട്ടു മടുത്ത് ഒരു നെൽകർഷകൻകൂടി ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ തകഴിയിലാണ് പ്രസാദ് എന്ന കർഷകൻ നെല്ലുവിതച്ച് മരണം കൊയ്തത്. സംഭരിച്ച നെല്ലിന്റെ വില ബാങ്ക് വായ്പയായി വാങ്ങേണ്ടിവരുന്ന ദുർഗതിയിൽനിന്നാണ് കുരുക്കു മുറുകുന്നത്.. അതു സർക്കാർ യഥാസമയം തിരിച്ചടച്ചില്ലെങ്കിൽ പ്രതിസ്ഥാനത്തു വരുന്നത് കർഷകൻ. കുടിശികക്കാരനു പിന്നെയൊരു കൃഷിക്കെന്നല്ല, ഒന്നിനും വായ്പ കിട്ടില്ല.
ഇതാരുടെ കുറ്റമാണ്? രാപകൽ പാടത്തുനിന്നു കയറാതെ വിളവുണ്ടാക്കിയ കർഷകന്റെയോ അയാളുടെ നെല്ല് വാങ്ങിയശേഷം വിലയ്ക്കു പകരം വായ്പ തരപ്പെടുത്തിക്കൊടുത്ത് തിരിച്ചടവ് മുടക്കിയ സർക്കാരിന്റെയോ? ഇതു കൊലയ്ക്കു കൊടുക്കുന്ന ചതിയാണെന്ന് ഈ സർക്കാരിനെ ആരാണ് ഒന്നു പറഞ്ഞു മനസിലാക്കുക? പ്രതിഷേധ പ്രസ്താവനയിൽ തീരുന്നതല്ല തങ്ങളുടെ ഉത്തരവാദിത്വമെന്നത് ഇവിടത്തെ പ്രതിപക്ഷം എന്നാണു തിരിച്ചറിയുക?
ബാങ്ക് വായ്പ അനുവദിക്കാതിരുന്നതോടെ അടുത്ത കൃഷിയിറക്കാനാകില്ലെന്ന വ്യഥയിലാണ് തകഴിയിൽ പ്രസാദ് എന്ന കർഷകൻ ജീവനൊടുക്കിയത്. സർക്കാരിനു കൊടുത്ത നെല്ലിന്റെ രസീത് ഈടിന്മേൽ അനുവദിച്ച വായ്പാ കുടിശിക ചൂണ്ടിക്കാട്ടിയാണ് പുതിയ വായ്പ നിഷേധിച്ചത്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു പ്രസാദ്. ജില്ലാ സെക്രട്ടറി ശിവരാജനെ ഫോണിൽ വിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ദുരവസ്ഥ പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
പിആർഎസ് കുടിശിക കൃഷിക്കാരെ ബാധിക്കില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദും സർക്കാരും ആവർത്തിച്ചു പറയുന്നതിനിടെയാണ് കേരളം കർഷകരുടെ ആത്മഹത്യാമുനമ്പായി മാറുന്നത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞവർഷം 5,563 കർഷകർ രാജ്യത്ത് ജീവനൊടുക്കി.
താരതമ്യേന ഭേദമായിരുന്ന കേരളത്തിലെ കർഷകരും കൃഷിയിടങ്ങളിൽനിന്നു കയറി കടബാധ്യതകളില്ലാത്ത ലോകത്തേക്കു പോകുകയാണ്. പാടത്തു വയ്ക്കുന്ന കോലത്തേക്കാൾ നിർവികാരമായൊരു സർക്കാർ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു; യാതൊരു കുറ്റബോധവുമില്ലാതെ.
നെല്ല് സംഭരിച്ച പണം വായ്പയായി ബാങ്ക് വഴി നൽകുന്നതു തങ്ങളെ കെണിയിലാക്കുമെന്ന് കർഷകരും സംഘടനകളും തുടക്കത്തിലേ പറഞ്ഞു. ഈ സംവിധാനം കർഷകർക്കു കുരുക്കും ബാധ്യതയുമാകരുതെന്ന് ഇതു സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴൊക്കെ ഹൈക്കോടതിയും ഓർമിപ്പിച്ചു. സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന ന്യായീകരണമായിരുന്നു സർക്കാരിന്റേത്. വാക്കുപാലിക്കാത്ത സർക്കാരിനു പണമടയ്ക്കാൻ കോടതി നല്കിയ അന്ത്യശാസനങ്ങളും ഫലിച്ചില്ല. ഒടുവിൽ, ഭയന്നതു സംഭവിച്ചു.
ലാഭമൊന്നുമില്ലെങ്കിലും കർഷകർ ഭൂമി വെറുതേയിട്ടില്ല. തരിശായി കിടക്കുന്ന പറമ്പും പാടവും കാണുന്നതിനോളം ഹൃദയവേദന അവർക്കു മറ്റൊന്നുമില്ല. അങ്ങനെ അടുത്ത കൃഷിയിറക്കാനുള്ള കാശിനാണ് പ്രസാദ് ബാങ്കിലെത്തിയത്. കിട്ടിയില്ല. താനിനി എന്തു ചെയ്യുമെന്നാണ് മരണത്തിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ട് അയാൾ വിങ്ങിപ്പൊട്ടിയത്. തന്റെ മരണത്തിനു കാരണം ബാങ്കുകളും സർക്കാരുമാണെന്ന് പ്രസാദ് കുറിച്ചുവച്ചു.
അതാണു ശരിയെങ്കിൽ, വർഷങ്ങളായി കർഷകരെ നുണ പറഞ്ഞു പറ്റിക്കുന്ന സർക്കാരിനെതിരേയുള്ള എഫ്ഐആർ ആണത്. പ്രസാദ്, കർഷകകേരളത്തിന്റെ തേങ്ങലിൽ പൊഴിഞ്ഞൊരു കണ്ണീർതുള്ളി മാത്രമാണ്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ആയിരക്കണക്കിനു കർഷകരിൽ ഒരാൾ മാത്രം. വാങ്ങുകയും വിൽക്കുകയും ചെയ്ത നെല്ലിന്റെ വില ഉടമയ്ക്കു കൊടുക്കാൻ കഴിവില്ലാത്ത കെടുകാര്യസ്ഥതയുടെ പേരാണോ സർക്കാർ? മരണം കൊയ്യാമെന്നുള്ളവർ നെല്ലുവിതച്ചാൽ മതിയെന്നാണോ?
പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനത്ത് ഉണ്ടെങ്കിൽ രംഗത്തെത്തണം. പ്രസ്താവനയല്ല ഉദ്ദേശിച്ചത്. കേൾക്കേണ്ടവർ കേൾക്കാതിരുന്നതിനാൽ കരഞ്ഞുറങ്ങിയ പ്രസാദിനെപ്പോലുള്ളവർ വിളയിച്ച നെല്ലിന്റെ ചോറല്ലേ ഇന്നുച്ചയ്ക്കും നമ്മൾ ഉണ്ണാനിരിക്കുന്നത്. ഇത്തിരിയെങ്കിലും നന്ദി ....?