പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
പരിശോധന തുടരുമെന്നും കൂടുതൽ അന്വേഷണമുണ്ടാകുമെന്നുമാണ് വിജിലൻസ് മേധാവി ടി.കെ. വിനോദ് കുമാർ അറിയിച്ചത്. ഒടുവിൽ എന്താകുമെന്നേ ഇനി അറിയാനുള്ളൂ. 2022ൽ തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തുവന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
സംസ്ഥാന പട്ടികവർഗ വികസന ഓഫീസുകളിൽ “ഓപ്പറേഷൻ വനജ്’’ എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഗർഭിണികൾക്കും അനാഥക്കുട്ടികൾക്കും വിദ്യാർഥികൾക്കുമൊക്കെ നൽകേണ്ട ഫണ്ടിലാണ് നാണംകെട്ട കൈയിട്ടുവാരൽ നടന്നിരിക്കുന്നത്.
പട്ടികവർഗക്കാരായ പാവപ്പെട്ട മനുഷ്യരുടെ സാമൂഹികവും സാന്പത്തികവുമായ ഉന്നമനത്തിന് കാലങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൻതുക ചെലവിടുന്നുണ്ട്. പക്ഷേ, ആ പണം അർഹരായവരുടെ കൈകളിൽ എത്താത്തതിനാൽ മാറ്റമുണ്ടാകുന്നത് അഴിമതിക്കാരുടെ വീടുകളിലാണെന്നു മാത്രം. രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
എന്നാൽ, ഇത്തരം ഫണ്ടുകളിൽ തിരിമറി നടക്കുന്നുണ്ടെന്നുള്ളത് അത്ര രഹസ്യമായ കാര്യമല്ല. കുറ്റവാളികളെ കണ്ടുപിടിക്കലല്ല, അവരെ സംരക്ഷിക്കുന്ന കരുത്തുറ്റ കരങ്ങളിൽനിന്നു പിടിച്ചുമാറ്റി ജയിലിലേക്ക് കൊണ്ടുപോകുന്നതാണ് ശ്രമകരം. സഹകരണ ബാങ്കുകളിലെ അഴിമതിക്കഥയ്ക്ക് ക്ലൈമാക്സ് എഴുതാൻ ഡൽഹിയിൽനിന്ന് ആളു വരേണ്ടിവന്നതു മറക്കേണ്ട.
ഏതെങ്കിലുമൊരു ഓഫീസിലോ ജില്ലയിലോ മാത്രമല്ല തട്ടിപ്പുകൾ അരങ്ങേറിയിട്ടുള്ളത്. വിദ്യാഭ്യാസസഹായം മുതൽ ക്രമക്കേടുകളാണ്. പ്രഫഷണൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി വാങ്ങിയ ലാപ്ടോപ്പുകളിൽ നാലെണ്ണം റാന്നി പട്ടികവർഗ വികസന ഓഫീസുകളിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പാലക്കാട്ട് അപേക്ഷിച്ച അർഹതയുള്ള വിദ്യാർഥിക്ക് ഇതുവരെ ലാപ്ടോപ് കൊടുത്തിട്ടില്ല. പഠന സ്കോളർഷിപ്പിനായി 2023-24ലേക്ക് അനുവദിച്ച അഞ്ചു ലക്ഷം രൂപയും കൊടുത്തിട്ടില്ല. തൊടുപുഴയിലും കുത്തഴിഞ്ഞ അവസ്ഥയാണ്. അവിടെ പാദരക്ഷ, നിശാവസ്ത്രം, യൂണിഫോം എന്നിവ വാങ്ങിയതിലാണു ക്രമക്കേട്.
കാസർഗോഡ് പരപ്പ പട്ടികവർഗ വികസന ഓഫീസ് പരിധിയിലെ സ്കൂളുകളിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയതിലും ക്രമക്കേട് കണ്ടത്തി. ഉയർന്ന മാർക്ക് വാങ്ങിയതിന് സ്വർണമെഡൽ നൽകിയതായി പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ രേഖയിലുള്ള വിദ്യാർഥിയെ ഫോണിൽ വിളിച്ചപ്പോൾ അങ്ങനെയൊരു സംഭവം അവർ അറിഞ്ഞിട്ടില്ല.
ആരുടെ കഴുത്തിലാണ് സ്വർണമെഡൽ തൂക്കിയിരിക്കുന്നതെന്ന് ആർക്കുമറിയില്ല. 2022-2023 വർഷങ്ങളിൽ വിദേശപഠനത്തിനു പണം നൽകിയത് കർണാടകയിലെ വിലാസത്തിലുള്ളവർക്ക്. അതും കൊടുത്തിട്ടുണ്ടോയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. പല അപേക്ഷകളിലും ഒരേ ഫോൺനന്പറാണ് നൽകിയിട്ടുള്ളത്. കൽപ്പറ്റയിലെ 15 കോളനികളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയെങ്കിലും മൂന്നെണ്ണം പ്രവർത്തിക്കുന്നേയില്ല. അനാഥക്കുട്ടികൾക്കു ധനസഹായം നൽകുന്ന “കൈത്താങ്ങ്’’ പദ്ധതിയിൽ പരിശോധനയില്ലാതെ പണം അനുവദിക്കുകയും ചെയ്തു.
പട്ടികവർഗക്കാരായ ഗർഭിണികൾക്ക് 18 മാസം വരെ പ്രതിമാസം 2000 രൂപ നൽകുന്ന ‘ജനനി ജന്മരക്ഷ’ പദ്ധതിയിൽ ആലപ്പുഴയിലും കൊല്ലത്തും വ്യാപക ക്രമക്കേടാണ്. ഇരിട്ടിയിൽ 2019ൽ അനുവദിച്ച 36,000 രൂപ ചെലവഴിച്ചിട്ടില്ലെങ്കിൽ, പാലക്കാട്ട് മൂന്നു വർഷം മുന്പു കൊടുത്ത അപേക്ഷകളിൽപോലും തീരുമാനമെടുത്തിട്ടില്ല.
കാഞ്ഞിരപ്പള്ളിയിൽ രണ്ടരക്കോടി ചെലവിട്ട കുടിവെള്ള പദ്ധതിയിലൂടെ ഒരാൾക്കുപോലും വെള്ളം കിട്ടിയിട്ടില്ലെങ്കിൽ, നെടുമങ്ങാട്ട് 2022ൽ കരാറൊപ്പിട്ട പാലത്തിന്റെ നിർമാണം തുടങ്ങിയിട്ടുപോലുമില്ല. വീട് പുനരുദ്ധാരണ ഫണ്ടിലുമുണ്ട് ക്രമക്കേട്. ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന “ഊരുകൂട്ടം’’ യോഗങ്ങളിൽ ആലപ്പുഴ പട്ടികവർഗ എക്സ്റ്റൻഷൻ ഓഫീസർ പങ്കെടുക്കാറില്ലെന്നാണ് കണ്ടെത്തിയത്.
അതേസമയം, മറ്റു പലയിടങ്ങളിലും അത്തരമൊരു യോഗം പോലും നടക്കാറില്ല. വിവാഹ ധനസഹായത്തിലുമുണ്ട് ക്രമക്കേട്. മിക്കയിടത്തും രജിസ്റ്ററുകൾ സൂക്ഷിക്കാറില്ലാത്തതിനാൽ പലതിന്റെയും വിവരങ്ങൾ ലഭ്യമല്ല. പട്ടികവർഗ വികസനവകുപ്പ് ഡയറക്ടറേറ്റിലും ഏഴ് പ്രോജക്ട് ഓഫീസുകളിലും 11 പട്ടികവർഗ വികസന ഓഫീസുകളിലും 14 പട്ടികവർഗ എക്സ്റ്റൻഷൻ ഓഫീസുകളിലുമായിരുന്നു റെയ്ഡ്.
പരിശോധന തുടരുമെന്നും കൂടുതൽ അന്വേഷണമുണ്ടാകുമെന്നുമാണ് വിജിലൻസ് മേധാവി ടി.കെ. വിനോദ് കുമാർ അറിയിച്ചത്. ഒടുവിൽ എന്താകുമെന്നേ ഇനി അറിയാനുള്ളൂ. 2022ൽ തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തുവന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം പ്രതിൻ സാജ് കൃഷ്ണ അടക്കമുള്ളവര്ക്കെതിരേയായിരുന്നു ആരോപണം. അതോടെ പോലീസിന്റെ അന്വേഷണം വഴിപാടായി. അതു പാർട്ടി അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും പിന്നെയൊന്നും കേട്ടില്ല.
റെയ്ഡ് പോലെ എളുപ്പമല്ല, കുറ്റവാളികൾക്കെതിരേ കേസെടുക്കുന്നതും അവർ ശിക്ഷിക്കപ്പെടുന്നതും; പ്രത്യേകിച്ച് പ്രതിസ്ഥാനത്തുള്ളത് വേണ്ടപ്പെട്ടവരാണെങ്കിൽ. അങ്ങനെയല്ലെന്നു തെളിയിക്കേണ്ടത് സർക്കാരാണ്. സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്നവരുടെ കാശല്ലേ; നാടിനല്ലേ അപമാനം?