ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
മാരക്കേഷ് വിമാനത്താവളത്തിലെ പ്രധാന ടെർമിനലിന്റെ തറയിൽ കിടന്ന് ഉറങ്ങുകയാണ് വിദേശ ടൂറിസ്റ്റുകൾ. എത്രയും പെട്ടെന്നു മൊറോക്കോയിൽനിന്നു പുറത്തുകടക്കാനാണ് വിദേശികളുടെ ശ്രമം. പക്ഷേ, എവിടേക്കും പോകാനില്ലാത്ത നാട്ടുകാർ മരണത്തിന്റെയും വേദനയുടെയും തീരാനഷ്ടങ്ങളുടെയും കൂന്പാരങ്ങൾക്കിടയിൽ തളർന്നിരിക്കുകയാണ്.
പത്തോ പന്ത്രണ്ടോ നിമിഷങ്ങൾക്കുള്ളിൽ മണ്ണിനടിയിൽ മറഞ്ഞ മനുഷ്യരുടെ എണ്ണമെത്രയെന്ന് മൊറോക്കോയ്ക്ക് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ആയിരങ്ങൾ മണ്ണിനടിയിലുറങ്ങി; മരിക്കാത്തവർ തെരുവിലും. പ്രകൃതിയുടെ സംഹാരതാണ്ഡവം കഴിഞ്ഞു. ഇനി ലോകത്തിന്റെ ഊഴമാണ്. സഹായത്തിന്റെയും കരുണയുടെയും ഐക്യദാർഢ്യത്തിന്റെയും കൈകൾ അവിടേക്കു നീളേണ്ടതുണ്ട്. ആരുടെ കൈകളെന്നു ചോദിക്കരുത്. അതിലൊന്ന് നമ്മുടേതായിരിക്കുമെന്നു മാത്രം ഉറപ്പാക്കാം.
വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രി 11.11നായിരുന്നു ഭൂകന്പം. പുരാതന നഗരമായ മാരക്കേഷിന് 70 കിലോമീറ്റർ അകലെ അൽ ഹാവുസ് പ്രവിശ്യയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. നാശമേറെയും അവിടെയാണ്. റാബത്ത്, കാസാബ്ലാങ്ക നഗരങ്ങളിലും മാരക്കേഷ്, താരോഡൗന്റ് മേഖലകളിലും നൂറുകണക്കിനാളുകൾ മരിച്ചു. രണ്ടായിരത്തിലേറെ മൃതദേഹങ്ങൾ പുറത്തെടുത്തു. വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ നിലംപരിശായി. തുടർചലനങ്ങൾ ഭയന്ന് തെരുവിലിറങ്ങിയ ജനങ്ങൾ പലയിടങ്ങളിലും ഇനിയും തിരിച്ചുകയറിയിട്ടില്ല. നാശനഷ്ടങ്ങളിലേറെയും പർവതമേഖലയിലെ ഗ്രാമങ്ങളിലായതിനാൽ രക്ഷാപ്രവർത്തനം ശ്രമകരമായിട്ടുണ്ട്. പലയിടത്തും റോഡുകളും പാലങ്ങളും തകർന്നിട്ടുള്ളതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. അതുകൊണ്ടുതന്നെ നാശനഷ്ടത്തിന്റെ വ്യാപ്തിയും മരണസംഖ്യയും പുറത്തുവന്നതിലും ഉയർന്നതാകാം.
30,00,00 പേരെ ഭൂകന്പം ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഭൂകമ്പത്തിന്റെ തീവ്രത 7.2 ആണെന്ന് മൊറോക്കൻ ജിയോളജിക്കൽ സെന്റർ അറിയിച്ചതെങ്കിലും യുഎസ് ജിയോളജിക്കൽ സർവേ രേഖപ്പെടുത്തിയത് 6.8 ആണ്. ആദ്യത്തെ 72 മണിക്കൂർ നിർണായകമായതിനാൽ രക്ഷാപ്രവർത്തകർ കഠിനശ്രമത്തിലാണ്. ഇന്ത്യക്കാരിൽ ആരും ആപത്തിൽ പെട്ടതായി അറിയില്ലെന്ന് റബാത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പ്രിയപ്പെട്ടവരുടെ മരണവും നഷ്ടപ്പെട്ട വീടുകളും മൊറോക്കോയിലെ മനുഷ്യരുടെ നിലവിളികളിലുണ്ട്. വീർഗാൻ പട്ടണത്തിനടുത്തുള്ള മുഹമ്മദ് എന്ന ഗ്രാമീണൻ സിഎൻഎൻ ചാനലിനോടു പറഞ്ഞത്, രണ്ടു കുട്ടികളെയുമായി ഒരുവിധം പുറത്തിറങ്ങിയപ്പോഴേക്കും വീടു നിലംപതിച്ചെന്നാണ്. വീട്ടിലുണ്ടായിരുന്ന മറ്റു നാലുപേർ തകർന്നുവീണ വീടിനുള്ളിലായിപ്പോയി. നിലംപതിച്ച വീടുകളുടെ പരിസരത്തുനിന്നു മാറാതെ അലഞ്ഞുനടക്കുന്ന മനുഷ്യർ സങ്കടകരമായ കാഴ്ചയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കിയിലുണ്ടായ ഭൂകന്പത്തിലും ഇതേ കാഴ്ചയായിരുന്നു. അവിടെ 50,000 പേരെങ്കിലും മരിച്ചെന്നാണ് കണക്കുകൾ. ഇത്തരം നഷ്ടങ്ങൾ അനുഭവിച്ചവരുടെ വേദനയുടെ ആഴം മണിപ്പുരിലും നാം കണ്ടു. അതു മനുഷ്യനിർമിത ദുരന്തമായിരുന്നു എന്ന വ്യത്യാസമേയുള്ളു.
ഇത്തരം സന്ദർഭങ്ങളിൽ ഭരണാധികാരികളുടെ പിന്തുണയും ലോകത്തിന്റെ സഹായഹസ്തവുമാണ് നിസഹായരായ മനുഷ്യർക്ക് ആവശ്യം. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് കമ്മീഷൻ രൂപീകരിക്കാൻ അടിയന്തര നിർദേശം നൽകി. അഭയകേന്ദ്രങ്ങളും ഭക്ഷണവും മറ്റു സഹായങ്ങളും ഉറപ്പാക്കാൻ അദ്ദേഹം തന്നെ നേരിട്ട് ഇടപെടുകയാണ്. ലോകരാജ്യങ്ങൾ മൊറോക്കോയ്ക്കു സാന്പത്തിക സഹായവും രക്ഷാപ്രവർത്തനത്തിലെ പങ്കാളിത്തവും പ്രഖ്യാപിച്ചുകഴിഞ്ഞു.
ഐക്യരാഷ്ട്രസഭയും മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവമറിഞ്ഞ ഉടനെ പ്രതികരിച്ചു. “മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണങ്ങൾ ഉണ്ടായതിൽ അതിയായ വേദനയുണ്ട്. ഈ ദുരന്തസമയത്ത് എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചിക്കുന്നു. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കട്ടെ. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാൻ ഇന്ത്യ തയാറാണ്.” മോദി എക്സിൽ രേഖപ്പെടുത്തി.
മാരക്കേഷ് വിമാനത്താവളത്തിലെ പ്രധാന ടെർമിനലിന്റെ തറയിൽ കിടന്ന് ഉറങ്ങുകയാണ് വിദേശ ടൂറിസ്റ്റുകൾ. എത്രയും പെട്ടെന്നു മൊറോക്കോയിൽനിന്നു പുറത്തുകടക്കാനാണ് വിദേശികളുടെ ശ്രമം. പക്ഷേ, എവിടേക്കും പോകാനില്ലാത്ത നാട്ടുകാർ മരണത്തിന്റെയും വേദനയുടെയും തീരാനഷ്ടങ്ങളുടെയും കൂന്പാരങ്ങൾക്കിടയിൽ തളർന്നിരിക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ മൗനം പാലിക്കുകയോ ഒന്നും കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് മനുഷ്യത്വമില്ലായ്മയാണ്. പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ ഈ ദുരിത മണിക്കൂറുകളിൽ നമ്മുടെ ചിന്തകൾ മൊറോക്കോ ജനതയോടൊപ്പമായിരിക്കട്ടെ.