തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
തീവ്രവാദ ചിന്തയുടെ വേരുകൾ സംഘടനകളിൽ അംഗങ്ങളല്ലാത്ത ആളുകളിലും വേരാഴ്ത്തിയിട്ടുള്ളതിനാൽ നിരപരാധികളായ മനുഷ്യരെ വധിക്കാൻ മടിയില്ലാത്തവർ ഏതു നിമിഷവും മുഖംമൂടി മാറ്റാനിടയുണ്ട്. ഇത്തരക്കാർക്ക് ഏറ്റവും എളുപ്പമുള്ള ലക്ഷ്യമായി ട്രെയിനുകൾ മാറാൻ പാടില്ല. രണ്ടു കോടിയിൽപ്പരം യാത്രക്കാരാണ് ദിവസവും രാജ്യത്തുടനീളം യാത്ര ചെയ്യുന്നത്. ഓടുന്ന ട്രെയിനുകളിൽ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്താൻ റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല. അത്രപോലും സുരക്ഷ സ്റ്റേഷനുകളിലും യാർഡുകളിലും ഇല്ലെന്നു കണ്ണൂർ തെളിയിച്ചു.
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിൻ കത്തിച്ച സംഭവം ആരു ചെയ്താലും ഭീകരപ്രവർത്തനമാണ്. അതിനു പിന്നിലുള്ള ഭീകരരെ നിയമത്തിനു മുന്നിലെത്തിക്കാൻ സർക്കാർ അമാന്തിച്ചുകൂടാ. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ജനറൽ കോച്ചാണ് ഇന്നലെ പുലർച്ചെ അഗ്നിക്കിരയാക്കിയത്. രണ്ടു മാസം മുന്പാണ് കോഴിക്കോടിനടുത്ത് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ കൊളുത്തിയതിനെ തുടർന്നു മൂന്നു പേർ മരിക്കാനിടയായത്.
ആ കേസിലെ പ്രതിയായ ഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫിയെ മൂന്നാം പക്കം മഹാരാഷ്ട്ര രത്നഗിരിയിലെ മാളത്തിൽ ചെന്നു പൊക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു കഴിഞ്ഞു. പക്ഷേ, അതേ ട്രെയിനിൽത്തന്നെ വീണ്ടും ഉണ്ടായിരിക്കുന്ന ഈ തീവയ്പ് യാത്രക്കാരിൽ ഭീതി പടർത്തിയിട്ടുണ്ട്. കുറ്റവാളികളെ പുകച്ചു പുറത്തു ചാടിക്കുകയും കുറ്റത്തിന്റെ കാരണം കണ്ടുപിടിക്കുകയുമാണ് അനിവാര്യം. അതു വൈകിക്കൂടാ.
ഇന്നലെ പുലർച്ചെ ഒന്നിനുശേഷമാണ് കണ്ണൂരിൽ തീവയ്പ്പുണ്ടായത്. ഒരു ബോഗി പൂർണമായും മറ്റൊന്നു ഭാഗികമായും കത്തി നശിച്ചു. ഷോർട് സർക്യൂട്ടല്ല തീപിടിത്തത്തിന്റെ കാരണമെന്നും ആരോ പുറത്തുനിന്നെത്തി തീയിട്ടതാണ് എന്നുമുള്ള നിഗമനത്തിലാണ് ആർപിഎഫ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ആർപിഎഫിൽനിന്നും സംസ്ഥാന പോലീസിൽനിന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാൾ കൈയിൽ കുപ്പിയുമായി ട്രെയിനിന് അടുത്തേക്കു പോകുന്ന സിസിടിവി ദൃശ്യം ബിപിസിഎൽ ഡിപ്പോയുടെ കാമറയിൽനിന്നു പോലീസിനു കിട്ടിയത് അന്വേഷണത്തിനു സഹായകമായിക്കഴിഞ്ഞു. ഒരാൾ ആർപിഎഫിന്റെ കസ്റ്റഡിയിലുണ്ടെന്ന സൂചനകളുമുണ്ട്. ഇന്നു രാവിലെ 5.10നു പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന്റെ കൂടുതൽ കോച്ചുകളിലേക്കു തീ പടരുന്നതിനുമുന്പ് അണയ്ക്കാനായതിനാൽ വൻ ദുരന്തമൊഴിവായി. ഓടുന്നതായാലും നിർത്തിയിട്ടതായാലും ഒരു കുപ്പി ഇന്ധനവുമായി വന്നാൽ ട്രെയിനുകളിൽ തീ വയ്ക്കുന്നത് അത്ര ദുഷ്കരമോ അസാധ്യമോ അല്ലെന്നു കുറ്റവാളികൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു. കോഴിക്കോട്ടും കണ്ണൂരും കണ്ടത് അതാണ്.
ബുധനാഴ്ച രാത്രി 11നാണ് എക്സിക്യൂട്ടിവ് എക്സ്പ്രസ് കണ്ണൂരിലെത്തിയത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിനടുത്ത് എട്ടാമത്തെ യാർഡിലായിരുന്നു ട്രെയിൻ. ഒരു മണിക്കൂറിനകം ശുചീകരണ ജോലികൾ ജീവനക്കാർ പൂർത്തിയാക്കി. അടുത്ത യാത്ര പുറപ്പെടേണ്ട അഞ്ചു മണിക്കൂറിലധികം സമയം കാടുകൾ നിറഞ്ഞ പ്രദേശത്താണ് ട്രെയിൻ കാവലോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ കിടന്നത്. പരിസരം സാമൂഹികവിരുദ്ധരുടെ താവളമായി കിടക്കുകയുമാണ്. കണ്ണൂരിൽനിന്നുള്ള റിപ്പോർട്ടുകളനുസരിച്ച്, ആരുടെയും ശ്രദ്ധയിൽ പെടാതെ ട്രെയിനിന് അടുത്തെത്താൻ ഏതൊരാൾക്കും കഴിയും. ഇത് കണ്ണൂരിലെ മാത്രം കാര്യമല്ല. ഇന്ത്യയിലെ ഏതാണ്ട് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇതാണ് സ്ഥിതി. ഇക്കാലമത്രയും ഇങ്ങനെയായിരുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. വിധ്വംസക പ്രവർത്തകരുടെയും തീവ്രവാദ സംഘടനകളുടെയും സ്വാധീനം വർധിക്കുകയാണ്. പ്രത്യക്ഷത്തിൽ തിരിച്ചറിയാനാകാത്ത, തീവ്രചിന്താഗതിയുള്ള ആളുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
എലത്തൂർ തീവയ്പ് കേസിന്റെ അന്വേഷണം എൻഐഎ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലെ പ്രതിയായ ഷാരൂഖ് സെയ്ഫി, സാക്കീർ നായികിനെ പോലെയുള്ള തീവ്ര ഇസ്ലാമിക മത പ്രഭാഷകരുടെ ആരാധകനായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. തീവ്രവാദ ചിന്തയുടെ വേരുകൾ സംഘടനകളിൽ അംഗങ്ങളല്ലാത്ത ആളുകളിലും വേരാഴ്ത്തിയിട്ടുള്ളതിനാൽ നിരപരാധികളായ മനുഷ്യരെ വധിക്കാൻ മടിയില്ലാത്തവർ ഏതു നിമിഷവും മുഖംമൂടി മാറ്റാനിടയുണ്ട്. ഇത്തരക്കാർക്ക് ഏറ്റവും എളുപ്പമുള്ള ലക്ഷ്യമായി ട്രെയിനുകൾ മാറാൻ പാടില്ല. രണ്ടു കോടിയിൽപ്പരം യാത്രക്കാരാണ് ദിവസവും രാജ്യത്തുടനീളം യാത്ര ചെയ്യുന്നത്. ഓടുന്ന ട്രെയിനുകളിൽ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്താൻ റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല. അത്രപോലും സുരക്ഷ സ്റ്റേഷനുകളിലും യാർഡുകളിലും ഇല്ലെന്നു കണ്ണൂർ തെളിയിച്ചു.
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും യാർഡുകളിലുമൊക്കെ രാത്രിയിൽ വേണ്ടത്ര വെളിച്ചവും സിസിടിവി കാമറകളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഗോവിന്ദച്ചാമിമാരായാലും ഷാരൂഖ് സെയ്ഫിമാരായാലും റെയിൽവേയുടെ പരിസരത്ത് എത്തരുത്. ട്രെയിൻ യാത്ര ശുഭമായിരിക്കുമെന്ന് ഉറപ്പു കൊടുക്കാൻ സർക്കാരിനു കഴിയണം. അത് യാത്രക്കാരുടെ മാത്രം കാര്യമല്ല; രാജ്യ സുരക്ഷയുടേതുകൂടിയാണ്. ഇത്തരം ക്രിമിനലുകളെ തല പൊക്കാനാവാത്തവിധം ഒതുക്കകയല്ലാതെ മറ്റൊരു വഴിയുമില്ല.