തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
ആകാശപ്പാത മാത്രമല്ല, കോട്ടയത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാംതന്നെ ജനജീവിതത്തെ ബാധിക്കുന്നതാണ്. കോടികളുടെ വികസന പദ്ധതികൾ മുടങ്ങുന്പോൾ പാഴാകുന്നത് ജനങ്ങളുടെ പണവും സ്വപ്നങ്ങളുമാണ്. ഓരോ ഫയലും ഓരോ ജീവിതമെന്നതുപോലെ, ഓരോ പദ്ധതിയും ഒരു നാടിന്റെ അതിജീവനമാണെന്നും മറക്കരുത്.
കോട്ടയത്തെ വികസന പ്രവർത്തനങ്ങൾക്കു സർക്കാർ തുരങ്കം വയ്ക്കുന്നുവെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആരോപണം സർക്കാർ ഗൗരവത്തിലെടുക്കേണ്ടതാണ്. തടസപ്പെട്ട നിരവധി പദ്ധതികൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം കോട്ടയത്ത് പത്രസമ്മേളനം നടത്തിയത്. ഏഴു വർഷം മുന്‍പു നടത്തിയ സ്വപ്ന പദ്ധതികളെല്ലാം താൻ പ്രതിപക്ഷ എംഎൽഎ ആയതിനാൽ സർക്കാർ അവഗണിക്കുകയും തുടർപ്രവർത്തനങ്ങൾ നടത്താതിരിക്കുകയുമാണെന്നാണ് ആരോപണം. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഇതാണു സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം പട്ടണത്തിന്റെ നടുവിൽ അസ്ഥിപഞ്ജരമായി നിൽക്കുന്ന ആകാശപ്പാതയും പണിതീരാത്ത പാലങ്ങളും ഉൾപ്പെടെയുള്ള കാഴ്ചകൾ ആരോപണങ്ങൾക്കു പിൻബലം നൽകുന്നുമുണ്ട്.
ഭരിക്കുന്നതു എൽഡിഎഫ് ആയതിനാൽ കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന സർക്കാർ കോട്ടയത്തെ എംഎൽഎ ഉന്നയിച്ചിരിക്കുന്ന പരാതിക്കും ചെവി കൊടുക്കാൻ ബാധ്യസ്ഥരാണ്. സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ ഏതു സർക്കാരായാലും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പ്രവർത്തിക്കേണ്ടതുണ്ട്. വികസനം അവിടത്തെ ജനങ്ങളുടെ അവകാശമാണ്. എംഎൽഎ പ്രതിപക്ഷത്തുള്ളയാളായതിന്റെ പേരിൽ അതു നിഷേധിക്കുന്നുണ്ടെങ്കിൽ അതു സങ്കുചിത രാഷ്ട്രീയവും കടുത്ത അനീതിയുമാണ്. കോട്ടയത്തെ വികസനപ്രവർത്തനങ്ങൾ സർക്കാർ മുടക്കുന്നുവെന്ന ആരോപണം എംഎൽഎ ഉന്നയിക്കുന്നത് ആദ്യമായിട്ടല്ല. നഗരമധ്യത്തിലുള്ള ആകാശപാത, മിനി സിവിൽ സ്റ്റേഷൻ സമുച്ചയം, കഞ്ഞിക്കുഴി മേൽപ്പാലം, കോടിമത രണ്ടാം പാലം, നട്ടാശേരി റെഗുലേറ്റർ കം ഓവർബ്രിഡ്ജ്, ചിങ്ങവനം സ്പോർട്സ് കോളജ് തുടങ്ങിയ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. ഓരോ പദ്ധതിയും തടസപ്പെട്ടതിന്റെ കാരണങ്ങൾ രാഷ്ട്രീയമാണെന്നാണ് എംഎൽഎ സൂചിപ്പിക്കുന്നത്.
പാതിവഴിയിൽ മുടങ്ങിയ പദ്ധതികളിൽ ഏറ്റവും വിചിത്രമായത് നഗരമധ്യത്തിലെ ആകാശപ്പാതയാണ്. 2016ലാണ് 5.18 കോടി രൂപയുടെ ആകാശപ്പാത പദ്ധതി നിർമാണം തുടങ്ങിയത്. 2014-15ൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് (നാറ്റ് പാക്) നടത്തിയ പഠനത്തിൽ എംസിറോഡിൽ തിരുവനന്തപുരത്തിനും അങ്കമാലിക്കുമിടയിൽ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമെന്നു കണ്ടെത്തിയ കോട്ടയം ശീമാട്ടി റൗണ്ടാനയിലായിരുന്നു പദ്ധതി. സർക്കാർ ഏജൻസിയായ കിറ്റ്കോയ്ക്കായിരുന്നു നിർമാണച്ചുമതല. ഭരണം മാറിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതി പൂർത്തിയാക്കാൻ 1.65 കോടി രൂപകൂടി വേണമെന്നു കളക്ടർ അറിയിച്ചിരുന്നു. ഇത് എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കാമെന്നു പറഞ്ഞെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണു പരാതി. ഈ വിഷയം നിയമസഭയിൽവരെ ചർച്ചയായതാണ്. തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും ആകാശപ്പാത ആകാമെങ്കിൽ കോട്ടയത്ത് എന്താണ് തടസമെന്നാണ് ചോദ്യം. അതേസമയം, എസ്കലേറ്ററും ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കാതെ നിർമാണം തുടങ്ങിയതു വിനയായെന്നതാണ് ആകാശപ്പാത നിർമാണത്തിലെ പ്രധാന ആരോപണം. എന്നാൽ, നടപ്പാതയിൽനിന്നു ലിഫ്റ്റിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ കൂടുതൽ സ്ഥലം ആവശ്യമില്ലെന്നും പദ്ധതിയിൽ അശാസ്ത്രീയത ആരോപിക്കുന്നതിൽ അടിസ്ഥാനമില്ലെന്നു മറുപക്ഷവും പറയുന്നു.
ആകാശപ്പാത മാത്രമല്ല, കോട്ടയത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാംതന്നെ ജനജീവിതത്തെ ബാധിക്കുന്നതാണ്. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്താൽ താമസിയാതെ പദ്ധതി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കും. പിന്നെ അനക്കമില്ലാതാകും. കോട്ടയത്ത് ഈവിധം 700 കോടിയുടെ പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. വികസനത്തിനുവേണ്ടി സ്വമനസാലെ ജനങ്ങൾ വിട്ടുകൊടുത്ത കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമിപോലും പാഴായിക്കിടക്കുകയാണ്.
ചിലരുടെ എതിര്പ്പുകള്കണ്ടോ തൊട്ടാല്‍ ആപത്താകുമെന്നു പറഞ്ഞോ വികസന പദ്ധതികളില്‍നിന്നു സര്‍ക്കാര്‍ മാറിനില്‍ക്കില്ലെന്നും നാടിന്റെ ഭാവിക്ക് ആവശ്യമായവ നടപ്പാക്കുകയെന്നതു സര്‍ക്കാരിന്റെ ധര്മമാണെന്നുമാണ് 2022 മാർച്ചിൽ 51 റോഡുകൾ തുറന്നുകൊടുക്കവേ മുഖ്യമന്ത്രി പറഞ്ഞത്. മുടങ്ങിക്കിടക്കുന്നുവെന്നു പ്രതിപക്ഷ എംഎൽഎമാർ പരാതിയുന്നയിക്കുന്നതും ജനോപകാരപ്രദവുമായ പദ്ധതികളുടെ കാര്യത്തിലും മുഖ്യമന്ത്രി ഇതേ മനോഭാവം സ്വീകരിക്കണം. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത്തരം പദ്ധതികൾ മുടങ്ങിയതെന്നു പറയാനുള്ള മര്യാദയെങ്കിലും കാണിക്കണം. തടസങ്ങളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുപകരം പദ്ധതിതന്നെ വേണ്ടെന്നുവയ്ക്കുന്നത് ജനവിരുദ്ധതയാണ്. കോടികളുടെ വികസന പദ്ധതികൾ മുടങ്ങുന്പോൾ പാഴാകുന്നത് ജനങ്ങളുടെ പണവും സ്വപ്നങ്ങളുമാണ്. ഓരോ ഫയലും ഓരോ ജീവിതമെന്നതുപോലെ, ഓരോ പദ്ധതിയും ഒരു നാടിന്റെ അതിജീവനമാണെന്നും മറക്കരുത്.