മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
വനാതിർത്തികളിലെ കിടങ്ങുകളുടെയും വൈദ്യുതിവേലിയുടെയും ആനത്താരയുടെയും കണക്കുകളൊക്കെ കേട്ടു മടുത്തു. ഒന്നും ഫലപ്രദമാകുന്നില്ല. കാട്ടാനകളെ വന്ധ്യംകരിക്കുമെന്നും കടുവകളെ മറ്റിടങ്ങളിലേക്കു മാറ്റുമെന്നുമാണ് വനം മന്ത്രി പറയുന്നത്. ആയിക്കോട്ടെ. പക്ഷേ, അതുവരെ മനുഷ്യർ ചത്തൊടുങ്ങണോ?
മനുഷ്യനിർമിത ദുരന്തമാണിത്. ഇനിയും എത്രപേരുടെ ചുടുചോര വീഴണം ഈ കാട്ടുനീതിക്ക് അറുതിവരാൻ. കാട്ടുമൃഗങ്ങൾക്കു മാത്രം സംരക്ഷണമൊരുക്കുന്ന കാട്ടാളമനസ്കരോടാണ് ചോദ്യം. മനുഷ്യജീവനെ ഇത്രമാത്രം നിസാരമായിക്കാണുന്ന ഭരണകൂടം വേറെവിടെയുണ്ടാകും.
കാട്ടുപോത്തിന്റെ വകതിരിവെങ്കിലുമുള്ള ഏതൊരാൾക്കും തിരിച്ചറിയാവുന്നതേയുള്ളു ഇക്കാര്യത്തിലുള്ള സർക്കാരിന്റെ അനാസ്ഥ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കേരളത്തിലെ മനുഷ്യരുടെ എണ്ണവും അവരുടെ കുടുംബങ്ങളുടെ കണ്ണീരും പരിക്കേറ്റ മനുഷ്യരുടെ ദുരിതങ്ങളും തകർക്കപ്പെട്ട വീടുകളും നശിച്ച കൃഷിയിടങ്ങളുമൊക്കെ നിങ്ങൾ കണ്ണുതുറന്നു കാണണം. ഇന്നലെ കാട്ടുപോത്തിന്റെ കുത്തേറ്റ് എരുമേലിയിലും കൊല്ലത്തുമായി മൂന്നു മനുഷ്യർകൂടി കൊല്ലപ്പെട്ടിരിക്കുന്നു. ഇന്നലെത്തന്നെ മറ്റു പലയിടങ്ങളിലും കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും ആക്രമണങ്ങളുണ്ടായി. ഈ സർക്കാർ എന്തെടുക്കുകയാണ്?
പെറ്റുപെരുകി കാടും നാടും നിറയുന്ന വന്യമൃഗങ്ങളെ തൊട്ടുപോകരുതെന്നു പറഞ്ഞു മനുഷ്യരെ കൊല്ലാൻ വിട്ടുകൊടുക്കുന്ന ചട്ടങ്ങളാണ് തടസമെങ്കിൽ അതു തിരുത്താനാണ് നിങ്ങൾക്കീ അധികാരം തന്നിരിക്കുന്നത്. ഇപ്പോൾ കാട്ടിക്കൂട്ടുന്നത് മൃഗസ്നേഹമല്ല, പരിസ്ഥിതി വാദവുമല്ല, തികച്ചും ജനദ്രോഹമാണ്. കാരണക്കാരാകുന്നവർ ജനദ്രോഹികളാണ്. സുരക്ഷിതസ്ഥാനങ്ങളിലിരുന്നുള്ള പരിസ്ഥിതി പ്രസംഗങ്ങൾ അവസാനിപ്പിക്കാൻ നേരമായി. സർക്കാർ ഇടപെടുന്നില്ലെങ്കിൽ ഇരകളായ മനുഷ്യർക്കൊപ്പം നിൽക്കാൻ ജനങ്ങൾ കൈകോർക്കണം. വനാതിർത്തിയിലെ ഏതോ മനുഷ്യരുടെ നിലവിളിയായി ഈ മൂന്നു വീടുകളിലെ സംസ്കാരച്ചടങ്ങുകളെ നാം കാണരുത്. ഈ നാട്ടിലെ മനുഷ്യവിരുദ്ധ ചട്ടങ്ങളുടെ വിലയാണ് അവരുടെ മരണം.
കോട്ടയം എരുമേലിയിലും കൊല്ലം ആയൂരിലുമായാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടത്. എരുമേലിയിൽ വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോച്ചനും റബർ ടാപ്പിംഗിലേർപ്പെട്ടിരുന്ന തോമസുമാണ് കൊല്ലപ്പെട്ടത്. ആയൂരിൽ റബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന സാമുവലും കൊല്ലപ്പെട്ടു. ആർക്കു പോയി? കൊല്ലപ്പെട്ടവരുടെ വീട്ടുകാർക്കു മാത്രം. ആയൂരിൽ കൊല്ലപ്പെട്ട സാമുവൽ ദുബായിൽനിന്ന് കഴിഞ്ഞദിവസം അവധിക്കെത്തിയതാണ്. ഇന്നലെ വേറെയും വന്യജീവി ആക്രമണങ്ങളുണ്ടായി. തൃശൂർ ചേലക്കരയിൽ രണ്ടുപേരെ കാട്ടുപന്നി ആക്രമിച്ചു. ചാലക്കുടിയിലിറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാർ തുരത്തിയതുകൊണ്ട് ആളപായമില്ല. പത്തനംതിട്ടയിൽ കടുവയിറങ്ങിയിട്ട് ദിവസങ്ങളായി. ഇതുവരെ പിടിക്കാനായിട്ടില്ല. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാനാവും?
മൂന്നുപേർ മരിച്ചതിൽ വേദനയുണ്ടെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. പച്ചക്കള്ളം! അങ്ങനെ വേദനയുണ്ടായിരുന്നെങ്കിൽ വർഷങ്ങളായി ആവർത്തിക്കുന്ന ഈ സംഹാരതാണ്ഡവം അവസാനിപ്പിക്കാൻ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുമായിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരിച്ചത് 735 പേരാണു സാർ. പൊതുപ്രവര്ത്തകന് രാജു വാഴക്കാലയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ വനം-വന്യജീവി വകുപ്പില്‍നിന്നു ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകൾ.
2021 ജൂൺ മുതൽ 2022 ഡിസംബർ വരെ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തിൽ 123 പേർ കേരളത്തിൽ കൊല്ലപ്പെട്ടെന്നാണ് വനംവകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. 88,287 ആക്രമണങ്ങളും ഉണ്ടായി. പരിക്കേറ്റ ആയിരക്കണക്കിനു മനുഷ്യരുടെ ദുരിതങ്ങൾ വേറെ. വീട്-കൃഷി നാശങ്ങൾ 8,707. നഷ്ടപരിഹാരങ്ങൾക്കുള്ള 8,231 അപേക്ഷകൾ ദയാവായ്പിനായി കെട്ടിക്കിടക്കുന്നുണ്ട്. മരണങ്ങളിൽ പാതിയും പാന്പുകടിയേറ്റാണ്. വിഷപ്പാന്പുകളെയൊന്നും തൊടാനാവില്ല. ഇന്നലെ ആന്റോ ആന്റണി എംപി പറഞ്ഞതുപോലെ, ""ഒന്നുകിൽ പാന്പുകടിയേറ്റു മരിക്കാൻ നിന്നുകൊടുക്കുക, അല്ലെങ്കിൽ പാന്പിനെ കൊന്നു ജയിലിൽ കിടക്കുക’’ എന്നതാണ് പാവപ്പെട്ട മനുഷ്യരുടെ വിധി. ആന, കാട്ടുപോത്ത്, കടുവ, പുലി, കാട്ടുപന്നി, വിഷപ്പാന്പുകൾ... ഇവയെ സംരക്ഷിക്കാൻ പരിസ്ഥിതിക്കാരും സർക്കാരും കോടതിയുമുണ്ട്. നിങ്ങളെയൊക്കെ പേടിച്ച്, ഇരകളായ മനുഷ്യർക്കുവേണ്ടി സംസാരിക്കാൻപോലും സഹജീവികൾക്കു ഭയമായിരിക്കുന്നു.
കാട്ടിൽ നിറഞ്ഞ വന്യജീവികളാണ് നാട്ടിലേക്കു വരുന്നത്. ആനയുടെ കാര്യമെടുത്താൽ, 1993ൽ 3,500 ആനകളുണ്ടായിരുന്നത് 2017ൽ 5,706 ആയി പെരുകിയെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ കണക്കുകൾ പറയുന്നത്. കേരളത്തിലെ ആനവളർച്ച 63 ശതമാനമാണെങ്കിൽ കർണാടകത്തിൽ 3.5ഉം തമിഴ്നാട്ടിൽ 19.7 ശതമാനവുമാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ആനസംസ്ഥാനമായ ആസാമിൽ പോലും 3.5 ശതമാനമാണ് വളർച്ച. അയൽസംസ്ഥാനങ്ങളിലെ കാടുകളിൽനിന്ന് കേരളത്തിലെ കാടുകളിലേക്ക് ഓടിച്ചുവിടുന്നതുമുണ്ട്. എണ്ണം കൂടുന്തോറും മേയാൻ കിട്ടുന്ന വനവിസ്തൃതി ഓരോ ദിവസവും കുറയുകയും അവ നാട്ടിലിറങ്ങുകയും ചെയ്യുന്നു. മറ്റു വന്യജീവികളുടെ കാര്യവും ഇതുതന്നെയാണ്. നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ആനകൾക്കു വിഐപി പരിഗണനയും വീരപരിവേഷവുമൊക്കെ നൽകുന്പോൾ ഇരകളായ മനുഷ്യരുടെ ശവത്തിലാണ് കുത്തുന്നതെന്ന് ആരും മനസിലാക്കുന്നില്ല.
വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സ്ഥായിയായി അംഗഭംഗം വന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുമാണ് ധനസഹായം. അനാഥമാക്കപ്പെടുന്ന കുടുംബങ്ങൾക്ക് അധികാരികളിട്ടിരിക്കുന്ന വിലയാണിത്. കാരണം, ഇത്തരം നിയമനിർമാതാക്കൾക്ക് വ്യക്തമായറിയാം സുരക്ഷിത സ്ഥാനങ്ങളിലിരിക്കുന്ന തങ്ങൾക്ക് ഇത്തരം ചാവുപണം വാങ്ങേണ്ടിവരില്ലെന്ന്. പിച്ചക്കാശല്ല, പ്രാണഭയമില്ലാതെ ജീവിക്കാൻ മനുഷ്യരെ അനുവദിക്കുകയാണ് ഉത്തരവാദിത്വത്തിന്റെ കണികയെങ്കിലുമുണ്ടെങ്കിൽ സർക്കാരുകൾ ചെയ്യേണ്ടത്.
വനാതിർത്തികളിലെ കിടങ്ങുകളുടെയും വൈദ്യുതിവേലിയുടെയും ആനത്താരയുടെയും കണക്കുകളൊക്കെ കേട്ടു മടുത്തു. ഒന്നും ഫലപ്രദമാകുന്നില്ല. കാട്ടാനകളെ വന്ധ്യംകരിക്കുമെന്നും കടുവകളെ മറ്റിടങ്ങളിലേക്കു മാറ്റുമെന്നുമാണ് വനം മന്ത്രി പറയുന്നത്. ആയിക്കോട്ടെ. പക്ഷേ, അതുവരെ മനുഷ്യർ ചത്തൊടുങ്ങണോ? അതൊക്കെ നടപ്പാക്കുവോളം വന്യജീവിശല്യമുള്ള പ്രദേശത്തെ ജനങ്ങൾക്ക് സ്വയരക്ഷയ്ക്കായി തോക്ക് കൊടുക്ക്. വന്യജീവികൾ കാട്ടിൽ നിറഞ്ഞുകഴിഞ്ഞു. കൂടുതലുള്ളവയെ കൊന്നൊടുക്കുകയാണു പോംവഴി. ലോകമെങ്ങും നടപ്പാക്കുന്ന കാര്യമാണിത്.
വന്യജീവി സംരക്ഷണ നിയമംതന്നെ ഭരണഘടനാവിരുദ്ധമാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞിട്ടുള്ളത്. പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ കാലത്ത് അദ്ദേഹത്തെ തോളിലേറ്റി നടന്നവരൊന്നും വന്യജീവി ആക്രമണത്തിനെതിരേ പ്രതികരിച്ചപ്പോൾ ചെവി കൊടുക്കുന്നില്ല. പലതവണ അദ്ദേഹം പറഞ്ഞ വാക്കുകൾ കേൾക്കൂ: ""ഒരു കള്ളൻ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി ജീവനു ഭീഷണിയായാൽ പ്രതിരോധത്തിന്റെ ഭാഗമായി അയാളെ കൊന്നാലും നിയമം നമ്മെ ശിക്ഷിക്കില്ല. എന്നാൽ, കടുവയോ കാട്ടുപന്നിയോ നിങ്ങളുടെ കൃഷി നശിപ്പിച്ചാലും ജീവനു ഭീഷണിയായാലും ഒന്നും ചെയ്യാനാകില്ല. എന്തൊരു നിയമമാണ് ഇതൊക്കെ?''
കേരളത്തിലെ 51 നിയമസഭാ മണ്ഡലങ്ങളിലായി 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വനാതിർത്തി പങ്കിടുന്നു. ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ മരണഭയത്തിലാണ് ജീവിക്കുന്നത്. ഇവിടങ്ങളിലെ എംഎൽഎമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. വന്യജീവി സംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കിയിരിക്കുന്ന കരിനിയമം തിരുത്തിക്കാൻ മനുഷ്യത്വത്തിന്റെ പേരിൽ കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിക്കാൻ ഇവർക്കു കഴിഞ്ഞാൽ കേരളത്തിൽ ഇനി വന്യജീവികൾ മനുഷ്യജീവനെടുക്കില്ല.
അതേ, എസി മുറിയിൽ രുചികരമായ ഭക്ഷണം നിറച്ചുവച്ചിരിക്കുന്ന തീൻമേശയ്ക്കു ചുറ്റുമിരുന്ന് മൃഗസ്നേഹം വിളന്പുന്ന പരിസ്ഥിതിക്കാരും ജനപ്രതിനിധികളും ഉൾപ്പെടെ സകലരും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. കാലഹരണപ്പെട്ട വനം-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ കോടതികളിൽനിന്നുപോലും മനുഷ്യർക്കു നീതി ലഭിക്കില്ല. കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റാൻ മുൻകൈയെടുക്കേണ്ടതു സർക്കാരാണ്. ഇവിടത്തെ ജനപ്രതിനിധികളായ എംഎൽഎമാരും എംപിമാരുമൊക്കെ എവിടെയാണ്? ഇനി പ്രസ്താവനയൊന്നും വേണ്ട, പ്രവൃത്തി മതി. എരുമേലിയിലെയും കൊല്ലത്തെയും മനുഷ്യരുടെ മരണത്തിൽ വേദനയുണ്ടെന്നു പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ അതു തെളിയിക്കാൻ ഇതാണവസരം.
-ചീഫ് എഡിറ്റർ