കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
ഇന്ധനത്തിനും വൈദ്യുതിക്കും വെള്ളത്തിനും ഭൂമിക്കും വീടിനുമൊക്കെ കരം കൂട്ടിയപ്പോൾ പ്രതിഷേധിക്കാൻ പോലും ശേഷിയില്ലാതെ ജനം തളരുകയായിരുന്നു. പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമായ മാധ്യമങ്ങളുമൊന്നും പറഞ്ഞിട്ട് വകവച്ചില്ല. നയാപൈസ കുറച്ചില്ല. അങ്ങനെയിരിക്കെയാണ്, വീണ്ടും കത്തി രാകുന്ന സ്വരം കേൾക്കുന്നത്. വൈദ്യുതിനിരക്ക് കൂട്ടാനുള്ള ഒരുക്കമാണെന്നു കേൾക്കുന്നു. സർക്കാർ വേട്ടക്കാരും ജനങ്ങൾ ഇരകളുമാകുകയാണോ?
ഭരിക്കുന്നവരും ഭരണത്തിൽ സ്വാധീനമുള്ളവരും ഭരണചക്രം തിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളുമൊക്കെ വിശപ്പും ദാരിദ്ര്യവും അറിയുന്നവരായിരുന്നെങ്കിൽ ജനങ്ങളുടെ കഷ്ടപ്പാട് ഇത്തിരിയെങ്കിലും കുറയുമായിരുന്നു. പക്ഷേ, അവർക്ക് കാശിനു പഞ്ഞമില്ല. അതുകൊണ്ട്, പാവപ്പെട്ടവന്റെ കഷ്ടപ്പാട് എത്ര പറഞ്ഞാലും മനസിലാകില്ല. പുത്തൻ നികുതികളുടെ ഫയൽ ഒപ്പിടുന്പോൾ അവരുടെ കൈ വിറയ്ക്കുകയോ കണ്ണു നിറയുകയോ ചെയ്യില്ല. കാരണം, അതു കൊടുക്കേണ്ടിവരുന്ന മനുഷ്യരുടെ വിഷമം സത്യത്തിൽ അവർക്ക് അറിയില്ല. ഇന്ധനത്തിനും വൈദ്യുതിക്കും വെള്ളത്തിനും ഭൂമിക്കും വീടിനുമൊക്കെ കരം കൂട്ടിയപ്പോൾ പ്രതിഷേധിക്കാൻ പോലും ശേഷിയില്ലാതെ ജനം തളരുകയായിരുന്നു. പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമായ മാധ്യമങ്ങളുമൊന്നും പറഞ്ഞിട്ട് വകവച്ചില്ല. നയാപൈസ കുറച്ചില്ല. അങ്ങനെയിരിക്കെയാണ്, വീണ്ടും കത്തി രാകുന്ന സ്വരം കേൾക്കുന്നത്. വൈദ്യുതിനിരക്ക് കൂട്ടാനുള്ള ഒരുക്കമാണെന്നു കേൾക്കുന്നു. സർക്കാർ വേട്ടക്കാരും ജനങ്ങൾ ഇരകളുമാകുകയാണോ?
ജൂൺ പകുതിയോടെ വൈദ്യുതിനിരക്ക് വർധന റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അടുത്ത നാലു വർഷത്തേക്ക് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ഇബിയുടെ അപേക്ഷയിൽ കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി 6.19 ശതമാനം വർധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഗാർഹിക മേഖലയിലാണ് വലിയ വർധനയ്ക്കു സാധ്യത. കൂടുതൽ ആളുകളെ ബാധിക്കുന്നതും കൂടുതൽ വരുമാനം ഉണ്ടാക്കാവുന്നതുമായ ഗാർഹിക മേഖലയിൽ 8.94 ശതമാനം വർധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം യൂണിറ്റിന് ശരാശരി 41 പൈസ, അടുത്തവർഷം 31 പൈസ, 2025-26-ൽ 17 പൈസ, 2026-27-ൽ ഒരു പൈസ എന്നിങ്ങനെയുള്ള വർധന. വൻകിട വ്യവസായങ്ങൾക്ക് 7.75 ശതമാനവും. 2381 കോടിയുടെ വർധനയാണ് നാലു വർഷംകൊണ്ടു പ്രതീക്ഷിക്കുന്നത്. നാലു വർഷം എന്നതിനർഥം അതു കഴിഞ്ഞാൽ പിന്നെ നിരക്കു വർധനയില്ലെന്നല്ല. അത് ഇപ്പോഴത്തേതിലും കൂടിയ നിരക്കിലായിരിക്കും എന്നേ അർഥമുള്ളൂ.
ഇക്കഴിഞ്ഞ ജനുവരിയിലും വൈദ്യുതിനിരക്ക് വർധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതൽ മേയ് 31 വരെ നാലു മാസത്തേക്ക് ഇന്ധന സർചാർജായി യൂണിറ്റിന് ഒന്‍പതു പൈസയാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ കൂട്ടിയത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് സർചാർജായി പിരിച്ചെടുത്തുകൊണ്ടിരിക്കുന്നത്. പതിവു വൈദ്യുതി നിരക്കിനു പുറമേയാണ് സർചാർജ്. കേന്ദ്ര ഊർജമന്ത്രാലയം ചട്ടഭേതഗതി വരുത്തിയതോടെ, വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെതന്നെ വൈദ്യുതി വിതരണ ഏജൻസികൾക്ക് മാസാമാസം സർചാർജ് വർധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ ചട്ടഭേതഗതി ജനദ്രോഹമാണെന്നും സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കൈയേറ്റമാണെന്നുമൊക്കെ ഒത്തിരി അലങ്കാരവാക്കുകളൊക്കെ ഉപയോഗിച്ചെങ്കിലും കേരളവും മാസാമാസമുള്ള സർചാർജ് പിരിവിന് ഒരുക്കം തുടങ്ങി. ഇതിനുള്ള കരടു ചട്ടങ്ങൾ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചുകഴിഞ്ഞു. മാസം യൂണിറ്റിന് 20 പൈസയിൽ കൂടാതെ സർചാർജ് ഇനത്തിൽ പിരിക്കാനാണ് നീക്കം.
അന്താരാഷ്ട്ര മാർക്കറ്റിലെ വിലയനുസരിച്ച് ഇന്ധനവില കൂട്ടാനും കുറയ്ക്കാനും എണ്ണക്കന്പനികൾക്ക് അനുമതി കൊടുത്തതിനു സമാനമാകും കാര്യങ്ങൾ. അന്താരാഷ്ട്ര മാർക്കറ്റനുസരിച്ച് ഇന്ത്യയിൽ ഇന്ധനവില കൂടിയെങ്കിലും കുറഞ്ഞില്ല. അതുപോലെ, നഷ്ടത്തിന്റെ കാരണമൊന്നും ഇനി കെഎസ്ഇബിക്കും പ്രശ്നമില്ല. മാസാമാസം ഉണ്ടാക്കുന്ന നഷ്ടം ഉപയോക്താവിന്റെ കുത്തിനു പിടിച്ചു വാങ്ങിയെടുക്കാം. കെഎസ്ആർടിസിക്കും മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കുമൊക്കെ ഈ വിധമൊരു കുറുക്കുവഴി കാണിച്ചുകൊടുത്താൽ പിന്നെ നഷ്ടക്കണക്കില്ല. സർക്കാരിന്റെ കാര്യവും ഏതാണ്ട് അങ്ങനെയായി. അഴിമതിയോ കെടുകാര്യസ്ഥതയോ ധൂർത്തോകൊണ്ടു സംഭവിക്കുന്ന തകർച്ചയൊന്നും പ്രശ്നമല്ല. ഖജനാവ് കാലിയാകുന്നതിനനുസരിച്ച് നികുതി പിരിച്ചുകൊണ്ടേയിരിക്കുക.
ജീവിതത്തിന്റെ ദുരിതങ്ങൾ ഭരിക്കുന്നവരെ ബാധിക്കില്ല. ഭരണം തുടങ്ങിയതിൽ പിന്നെ എത്ര മന്ത്രിമാരുടെ സ്വത്താണ് കുറഞ്ഞുപോയിട്ടുള്ളത്. എത്ര പാർട്ടിക്കാരുടെ ബാങ്ക് ബാലൻസാണ് കാലിയായത്? എത്ര ഉദ്യോഗസ്ഥരാണ് കടം വാങ്ങി മുടിഞ്ഞത്? അതേസമയം, ഇടത്തരക്കാരായ ജനങ്ങളുടെ വരുമാനം വർധിച്ചില്ലെന്നു മാത്രമല്ല, ചെലവ് കുതിച്ചുയരുകയും ചെയ്തു. അതിനുമേലാണ് വൈദ്യുതി ചാർജ് വർധന ഇനിയുമുണ്ടാകുമോയെന്ന ആധി. ഇതൊക്കെ കാണാൻ ഭരണാധികാരികൾക്കു വേണ്ടത്, കരിന്പാറയുടെ കരുത്തുള്ള ഇരട്ടച്ചങ്കല്ല, ജനങ്ങളുടെ കഷ്ടപ്പാടു കാണാൻ ശേഷിയുള്ള അലിവുള്ള ഒരൊറ്റ ഹൃദയമാണ്.