കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത, സ്വാർഥപൂരിതമായ പുതിയൊരു സംസ്കാരം നമ്മുടെ നാട്ടിൽ ഉടലെടുത്തിട്ടുണ്ട്.
മനുഷ്യൻ അവന്റെ സുഖത്തിനും സന്തോഷത്തിനും സ്വതന്ത്രജീവിതത്തിനും വിഘാതമായിട്ടുള്ളതിനെയൊക്കെ അവഗണിച്ചും ചവിട്ടിമെതിച്ചും മുന്നോട്ടുപോകുന്നു. അതിന്റെ തെളിവാണ് നമ്മുടെ നാട്ടിൽ ഉയർന്നു വരുന്ന വൃദ്ധസദനങ്ങൾ. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ പുതിയ തലമുറ പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുകയാണോ എന്നു തോന്നിപ്പോകും.
അണുകുടുംബങ്ങൾ നിലവിൽ വന്നിട്ടും സ്വന്തം മക്കളുടെ കാര്യത്തിൽ അച്ഛനുമമ്മയും ജീവൻപോലും ത്യജിക്കാൻ തയാറാണ്. എല്ലാവരും മക്കളെ നല്ല നിലയിൽ വളർത്താനും പഠിപ്പിക്കാനും അവർക്കു സന്പാദ്യമുണ്ടാക്കാനും വിവാഹം നടത്തി ജീവിതം ഭദ്രമാക്കാനും ആരോഗ്യമുള്ള കാലത്തോളം ത്യാഗങ്ങൾ അനുഭവിക്കുന്നു. അവർ അവശരായി വീഴുന്ന വാർധക്യദശയിൽ, തങ്ങൾ ആർക്കുവേണ്ടി കഷ്ടപ്പെട്ടുവോ, അവർ ആരും തങ്ങളെ പരിചരിക്കാൻ തയാറാകുന്നില്ലെന്നതാണ് വാസ്തവം. ഇന്നത്തെ കാതലായ സാമൂഹ്യപ്രശ്നവും ഇതുതന്നെയാണ്.
വൃദ്ധർ അവഗണിക്കപ്പെടുന്നതിന്റെ ഒരു കാരണം ഇവർക്കായി നീക്കിവയ്ക്കാൻ കുടുംബത്തിൽ പണമില്ലെന്നതാണ്. ചികിത്സാച്ചെലവിനു തന്നെ നല്ലൊരു തുക വേണം. ജീവിതച്ചെലവുകളും മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും താങ്ങാനാവാതെ കടക്കെണിയിലാകുന്നു ഇടത്തരക്കാർ. ചികിത്സാരംഗത്ത് സർക്കാർ ആശുപത്രികൾ വേണ്ടത്ര സഹായകമാകുന്നു.
വൃദ്ധജനങ്ങളിൽ സന്ധിവേദന, പ്രമേഹം, ആസ്ത്മ, രക്തസമ്മർദ്ദം, ഹൃദ്രോഗം, തിമിരം എന്നിങ്ങനെ പോകുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, വയസുകാലത്ത് അസുഖങ്ങൾ സ്വാഭാവികമാണെന്ന കാഴ്ചപ്പാട് ചില കുടുംബങ്ങളിലെങ്കിലുമുണ്ട്.
പണമുള്ള വൃദ്ധദന്പതികളുടെ മക്കൾ ഉദ്യോഗാർഥം ഒന്നുകിൽ വിദേശത്തായിരിക്കും. അല്ലെങ്കിൽ നാട്ടിൽതന്നെ വിദൂരസ്ഥലങ്ങളിലായിരിക്കും. വീട്ടിൽ അന്നന്നു തിരിച്ചെത്തുന്നവർപോലും രാവിലെ എട്ടു മണിക്കു മുന്പുതന്നെ പോയാൽ രാത്രി വൈകിയാകും മടങ്ങിയെത്തുക. പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവർ സ്കൂളിലും കോളജിലും പോകും. ഇതിനിടയിൽ, വീട്ടിലിരിക്കുന്ന ദുർബലരും രോഗികളുമായ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുവാനോ, ആവശ്യസമയത്ത് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനോ വീട്ടിലാരും ഉണ്ടാവില്ല.
സഹായിക്കാനോ ശുശ്രൂഷിക്കാനോ വീട്ടുജോലിക്കാരെ കിട്ടാനും ഇക്കാലത്ത് വളരെ ബുദ്ധിമുട്ടാണ്. പണത്തിന് ബുദ്ധിമുട്ടില്ലാതിരുന്നിട്ടും സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന ധാരാളം അപ്പൂപ്പൻമാരും അമ്മൂമ്മമാരുമുണ്ട്.
പരസ്പരസ്നേഹവും സന്തോഷവും ആഹ്ലാദവും നിറഞ്ഞു നിൽക്കുന്നതും ആരോഗ്യകരമായ ബന്ധങ്ങൾ പുലർത്തുന്നതുമായ കുടുംബങ്ങൾ ഇന്ന് എണ്ണത്തിൽ കുറയുകയാണ്. അച്ഛനുമമ്മയും അവരുടെ ഒൗദ്യോഗിക കാര്യങ്ങളുടെ പിരിമുറുക്കത്തിലാണ്. മക്കൾ, പ്രത്യേകിച്ച് കൗമാരക്കാരാണെങ്കിൽ അവർ അവരുടേതായ ലോകത്തായിരിക്കും. വീട്ടിലുള്ള അപ്പൂപ്പനോടോ അമ്മൂമ്മയോടോ വിശേഷങ്ങൾ തിരക്കാനും അവർക്കായി കുറച്ചു സമയം മാറ്റിവയ്ക്കാനോ ആരും ശ്രമിക്കുന്നില്ല.
ശരീരത്തിന് ആരോഗ്യവും ബലവും കുറവാണെങ്കിലും ധാരാളം ജീവിതപരിചയവും പക്വമായ അറിവുകളും ഉള്ളവരാണ് നമ്മുടെ മുത്തച്ഛനും മുത്തശ്ശിയും. പക്ഷേ അവരുടെ അഭിപ്രായത്തെ പരിഗണിക്കാനോ ഉൾക്കൊള്ളാനോ പലപ്പോഴും നാം തയാറാകുന്നില്ല. ഒരുതരം യാന്ത്രികമായ ജീവിതമാണ് മിക്ക കുടുംബങ്ങളിലും ഇന്ന് കാണുന്നത്. ആത്മഹത്യകളും കൊലപാതകങ്ങളും കുടുംബകലഹങ്ങളുമെല്ലാം ഇതിന്റെ ദുരന്തഫലമാണെന്നു പറഞ്ഞാലും തെറ്റില്ല
വയോജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും തീരുമാനങ്ങളും ചെന്നെത്തുന്നത് ‘ഓൾഡ് ഏജ് ഹോമു’കളിലാണ്. കച്ചവടക്കണ്ണോടെയാണ് ഈ പുതിയ കേന്ദ്രങ്ങൾ ഉയർന്നുവരുന്നത്. മക്കൾ സ്ഥലത്തില്ലാത്തതുകൊണ്ടു മാത്രമല്ല മാതാപിതാക്കൾ ഇത്തരം കേന്ദ്രങ്ങളിലെത്തുന്നത്. മക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനിപ്പിക്കുന്ന പെരുമാറ്റം, മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ മക്കൾ തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ, അങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട്. വാർധക്യ കാലത്ത് മനഃസമാധാനവും വിശ്രമവുമാണ് വേണ്ടത്.
മക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവും സാമീപ്യവും അവർ കൊതിക്കുന്നു. വൃദ്ധസദനങ്ങളിൽ അത് ലഭിക്കുകയില്ലല്ലോ. മാത്രമല്ല, അഗതികളൊഴികെ ആരും തന്നെ വൃദ്ധസദനങ്ങൾ കാംക്ഷിക്കുന്നില്ല. അതിനാൽ യുവാക്കൾ ആധുനിക ജീവിതരീതിയിൽ മാറ്റംവരുത്തി വൃദ്ധമാതാപിതാക്കൾക്ക് ആവശ്യമായ പരിഗണന നൽകേണ്ടതാണ്.
ഉണ്ണി അമ്മയന്പലം