കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന വിളക്കാണ് പുസ്തകങ്ങൾ. പുസ്തകവായന നമ്മുടെയുള്ളിലുള്ള ഇരുട്ടകറ്റും. ദീപം തെളിക്കുന്നതു പോലെയാണ് പുസ്തകവായന എന്നു വേണമെങ്കിൽ പറയാം.
ദീപം തെളിക്കുന്നതിന്റെ അർഥം മാർഗം കാണിക്കുക കൂടിയാണ്. എപ്രകാരമാണോ വീട്ടിൽ ദീപം ഇരുട്ടകറ്റുന്നത് അപ്രകാരം പുസ്തകങ്ങൾ ഏത് വീട്ടിൽ പോകുന്നുവോ ആ വീട്ടിലെ ഇരുട്ട്, മനസ്സിലെ ഇരുട്ട് അകറ്റുന്നു.
"സർവ്വേ ഭവന്തു സുഖിന സർവ്വേ സന്തു നിരാമയ' എന്നത് പ്രസിദ്ധ മന്ത്രമാണ്. അതിനെ സംസ്കാരത്തിന്റെ വരദാനമെന്നു പറയാം. ഏതൊരു സാഹിത്യകാരനാണോ പേനയെടുക്കുന്നത് അദ്ദേഹത്തിന്റെയുള്ളിൽ ഈ സംസ്കാരമാണുള്ളത്. അദ്ദേഹത്തിന്റെ ഉള്ളിൽ അമ്മയും അച്ഛനും ഗുരുജനങ്ങളും നല്കിയ സംസ്കാരമുണ്ട്. അവർ തന്റെ കഥാപാത്രങ്ങളിലൂടെ ഈ ശ്ലോകങ്ങളുടെ അർഥം കൂടുതൽ സ്പഷ്ടമാക്കുന്നു.
മ
നുഷ്യനന്മയ്ക്കുവേണ്ടിയാണ് സാഹിത്യം.സാഹിത്യകാരൻ ചിലന്തികളല്ല, അവർ തേനീച്ചകളാണ് എന്ന് ഒരു എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ വിവിധയിടങ്ങളിൽ ചെന്ന് അവിടെയുള്ളതിനെക്കുറിച്ച് അറിയേണ്ടതുണ്ട്. അപ്പോഴാണ് സാഹിത്യമുണ്ടാകുന്നത്. നമ്മുടെ ഉള്ളിലൂടെ വൃഥാ സഞ്ചരിക്കാനാവില്ല. സമൂഹത്തെ നോക്കിക്കണ്ട് വേണം സാഹിത്യം രചിക്കാൻ.
ഓരോ നല്ല പുസ്തകവും ഓരോ നല്ല, പുതിയ, ആവേശകരമായ വഴിയിലൂടെ നയിക്കും. സംഗീതത്തിന്റെ വഴി, ശാസ്ത്രത്തിന്റെ വഴി, ശക്തിയുടെ വഴി, സാഹിത്യത്തിന്റെ വഴി, മതദർശനങ്ങളുടെ വഴി, സ്നേഹത്തിന്റെ വഴി, മൂല്യങ്ങളുടെ വഴി, ശാന്തിയുടെ വഴി, ആഹ്ലാദത്തിന്റെ വഴി, അറിവിന്റെ നൂറുനൂറു വഴികൾ! രസകരമായ പുതുപുത്തൻ വഴികൾ!
നല്ല പുസ്തകം നല്ല വഴി തുറക്കുന്നു. നല്ല വഴിയിലൂടെ നടന്നാൽ നന്നായി വളരും. വലുതാകും. മിടുമിടുക്കരാകും. ലോകത്തിന്റെ വിളക്കുകളാകും. വഴികാട്ടികളാകും. ആനന്ദത്തിന്റെ നിറകുടങ്ങളാകും.
അറിവിന്റെ ലോകമാണ് ഇന്നത്തെ ലോകം. അറിവാണ് ലോകം ഭരിക്കുന്നത്. അറിവുള്ളവൻ വിജയിക്കുന്ന കാലമാണിത്. വിവരസ്ഫോടനത്തിന്റെ ഇക്കാലത്ത് വിവരം വെറും വിനോദമല്ല. വിവരമുപയോഗിച്ചാണ് പുതിയ ഉത്പന്നങ്ങളുണ്ടാകുന്നത്.
ഏറ്റവും പുതിയ വിവരം, ഏറ്റവും ഡിമാന്റുള്ള വിവരം, ഏറ്റവും പ്രയോജനപ്രദമായ വിവരം, പുതുമയും മൗലികതയുമുള്ള വിവരം, മറ്റാർക്കുമില്ലാത്ത വിവരം ലോകം കാത്തിരിക്കുന്ന വിവരം. ഇത് കൈവശമുള്ളവരാണ് ഇന്ന് ലോകത്ത് വിജയിക്കുന്നത്. സമയം പോകാനല്ല, ആശയം ഉൾക്കൊള്ളാനാണ് വായിക്കേണ്ടത്. പ്രയോജനം ചെയ്യുന്ന ആശയങ്ങളെ ഉൾക്കൊള്ളുക. അല്ലാത്തവയെ തള്ളിക്കളയുക.
പുതിയ ആശയങ്ങളുണ്ടായാലെ പുതിയ വിവരം ഉണ്ടാകൂ. കടലിന്റെ അടിത്തട്ടിൽ നിന്നേ പവിഴപ്പുറ്റുകൾ കണ്ടെത്താനാവൂ. പുത്തൻ ആശയങ്ങൾ ഉണ്ടാകണമെങ്കിൽ വായന വേണം. പുസ്തകങ്ങൾ വായിക്കണം. വായിക്കുന്പോൾ അറിവ് ലഭിക്കും. ലഭിക്കുന്ന അറിവിനെ വിലയിരുത്തണം. ആസ്വദിക്കണം, രസിക്കണം, താരതമ്യപ്പെടുത്തണം, പരസ്പരം ബന്ധിക്കണം. പുസ്തകങ്ങളോടൊപ്പം ഇന്റർനെറ്റിൽ നിന്നും വായിക്കാം. ഇ-ബുക്കും ഇ-റീഡറും ഒക്കെ വായനയ്ക്ക് പ്രയോജനപ്പെടുത്താം. വിവേകപൂർവം പുസ്തകങ്ങൾ തെരഞ്ഞെടുക്കണം.
സമയം പരിമിതമാണ്, വിലപ്പെട്ടതാണ്, ചപ്പുചവറുകൾ വായിച്ചു വെറുതെ സമയം കളയരുത്.
ഒരു ചീത്തപുസ്തകം വായിക്കുന്പോൾ രണ്ടുതരം നഷ്ടമുണ്ടാകും. ചീത്തപ്പുസ്തകം നമ്മെ ചീത്തയാക്കുന്നു. ഒപ്പം ഒരു നല്ല പുസ്തകം വായിക്കാനുള്ള അവസരം നഷ്ടമാക്കുന്നു.
അതുകൊണ്ട് വായനയിൽ തെരഞ്ഞെടുപ്പ് വേണം. നമ്മെ വളർത്തുന്ന നമ്മുടെ വിജ്ഞാനം വർധിപ്പിക്കുന്ന, നമ്മുടെ മൂല്യബോധം ഉറപ്പിക്കുന്ന, നമ്മുടെ വീക്ഷണം വികസിപ്പിക്കുന്ന, സാമൂഹ്യബോധം വളർത്തുന്ന, സർഗാത്മകത വളർത്തുന്ന പുസ്തകങ്ങൾ വായിക്കണം.
വായന കംപ്യൂട്ടറിനെയോ മൊബൈൽ ഫോണിനെയോ ഏൽപ്പിക്കാനാവില്ല. നമുക്ക് വായിക്കാൻ കഴിയണം. വായിക്കുന്പോൾ അറിവുണ്ടാകും. ഭാവനയും സ്വപ്നവും ഉണ്ടാകും. പുത്തൻ ആശയങ്ങൾ ഉണ്ടാകും. പുത്തൻ ആശയങ്ങളുള്ളവരെ ലോകം രാജാവാക്കും. മഹാന്മാരായി അറിയപ്പെടുന്നവരെല്ലാം വായിച്ചു വളർന്നവരാണ്.
15-ാം വയസിൽ വിദ്യാലയം വിട്ട് 29 വയസുവരെ അലഞ്ഞുതിരിഞ്ഞ ബർണാഡ്ഷായെ എഴുത്തുകാരനാക്കി മാറ്റിയത് ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലെ വായനയാണ്. ആ മൂലധനമാണ് അദ്ദേഹത്തെ നോബൽ സമ്മാനാർഹനാക്കിയത്. 13-ാം വയസിനുശേഷം വിദ്യാലയം കാണാത്ത മൈക്കൽ ഫാരഡേയെ ശാസ്ത്രജ്ഞനാക്കിയതും വായിച്ചുണ്ടായ ചിന്താശക്തിയാണ്.
ടോൾസ്റ്റോയിയുടെ “The kingdom of God is within you’’, റസ്കിന്റെ “Unto the Last’’ എന്നീ കൃതികളാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാഗാന്ധിയാക്കിയത്.
ഏതൊരു മഹാന്റെയും വളർച്ചയ്ക്ക് പിന്നിൽ വായനയുടെ സ്വാധീനമുണ്ട്. ഗ്രന്ഥങ്ങൾ ഉത്തമ സുഹൃത്തുക്കളാണ്. ജയിൽവാസ കാലത്ത് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സുഹൃത്തുക്കൾ പുസ്തകങ്ങൾ ആയിരുന്നുവല്ലോ. സുഹൃത്തുക്കളെയെന്നപോലെ ഗ്രന്ഥങ്ങളെയും തെരഞ്ഞെടുക്കണമെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്.
വായന മരിക്കുമെന്ന് 80-കളിൽ പ്രസ്താവിച്ചത് പ്രശസ്ത മാധ്യമപ്രവർത്തകനായ മാർഷൽ മക്ലുഹാനാണ്. എന്നാൽ പുസ്തകപ്രസാധനത്തിലും വിപണനത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിസ്മയകരമായ വർധന തെളിയിക്കുന്നത് പുസ്തകങ്ങൾക്ക് മരണമില്ല എന്നതാണ്. അതുകൊണ്ട് നമുക്ക് വായിക്കാം. പഠിക്കാം. രസിക്കാം. ചിന്തിക്കാം. സ്വപ്നം കാണാം. ജയിക്കാം.
ഉണ്ണി അമ്മയന്പലം