അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എല്ലാ കലാരൂപങ്ങളുടെയും ലക്ഷ്യം.
സമൂഹത്തിന് സ്വയം കണ്ടറിയാൻ കഴിയാത്ത സ്വന്തം നന്മതിന്മകൾ വ്യക്തമാക്കിക്കൊടുക്കുന്നത് കലകളാണ്. കല സമൂഹത്തിൽ പരിവർത്തനം വരുത്തുന്നത് നേരിട്ടോ പരോക്ഷമായോ ആകാം. മുസ്ലിം സമുദായത്തിൽ സാക്ഷരർ വർധിക്കാൻ ബഷീറിന്റെ കഥകൾ പ്രചോദനമായിട്ടുണ്ട്.അവ വായിച്ചാണ് അവർ പഠിക്കാൻ തുടങ്ങിയത് എന്നല്ല. വായന അവരെ സ്വാധീനിച്ചു.
പരിവർത്തനത്തിന്റെ ആ ഒഴുക്കിലേക്ക് വായിക്കാത്തവരും വന്നുപെട്ടു. സാംസ്കാരികമായ ജീർണതകൾ തുടച്ചുനീക്കാനും ജീവിതത്തെയും സമൂഹത്തെയും ഭരണത്തെയും മാറ്റിമറിക്കാനും കലകൾക്കു ശക്തിയുണ്ട്. വോൾട്ടയറിന്റെയും റൂസോവിന്റെയും നാടകങ്ങളാണ് വിപ്ലവത്തിലേക്ക് ഇറങ്ങാൻ ഫ്രഞ്ച് ജനതയ്ക്കു തീവ്രാവേശം പകർന്നത്. രാജഭരണം എന്നേയ്ക്കുമായി അവസാനിപ്പിക്കാനും അതിലൂടെ സമൂഹത്തിൽ പല മാറ്റങ്ങൾ വരുത്താനും ആ ജനങ്ങൾക്ക് സാധിച്ചു.
കല ഉത്ഭവിച്ചതുതന്നെ മനുഷ്യന്റെ മാനസികാവശ്യത്തിൽനിന്നാണ്. മനുഷ്യന്റെ മാത്രം തലച്ചോറിനുള്ള ഒരു പ്രത്യേകതയാണ് ആ ആവശ്യം അവനിൽ ജനിപ്പിച്ചത്. കേൾവിയെയും കാഴ്ചയെയും നിയന്ത്രിക്കുന്ന മസ്തിഷ്ക കേന്ദ്രങ്ങൾക്ക് സവിശേഷമായ വളർച്ചയാണുള്ളത്. ആസ്വാദനത്തിലൂടെ മാത്രമേ അവയ്ക്ക് തൃപ്തികൊടുക്കാൻ സാധിക്കുന്നുള്ളൂ. സ്വയം ഭാവന സൃഷ്ടിച്ച് ആസ്വദിക്കാൻ കഴിയുന്ന എന്തും ആ ഇന്ദ്രിയങ്ങളിലൂടെ കിട്ടിയാൽ അവൻ തൃപ്തനാകും.
ഒരു വിധത്തിലും ആസ്വാദനം കിട്ടുന്നില്ലെങ്കിൽ, അവൻ വിരസനും ഉന്മേഷരഹിതനും അസ്വസ്ഥനും ആയിത്തീരുന്നു. എത്ര തിന്നാൻ കിട്ടിയാലും കാരാഗൃഹവാസം വിരസം തന്നെ ആകുന്നത് ഇങ്ങനെയാണ്.
സാംസ്കാരികപുരോഗതിയിൽ കലകൾ നിർവഹിക്കുന്ന പങ്ക് എത്രയുണ്ടെന്ന് അംഗീകരിക്കേണ്ടത് ഇവിടെയാണ്. ജീവിതം വിരസമാകാതെ, മനുഷ്യനെ ഉന്മേഷവാനും സ്വസ്ഥനും ആക്കിവെയ്ക്കാൻ കലയുടെ മായികശക്തി മതി. അങ്ങനെ ഒരുവന് ഉണ്ടാകുന്ന ശാന്തി സമൂഹത്തിലേക്കും പ്രസരിക്കുന്നു.
കലാസന്പത്തിലൂടെ ഒരു ജനസമൂഹത്തിന്റെ സംസ്കാരസന്പത്തും മനസ്സിലാക്കാം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും മനുഷ്യമനസിന് പുതിയ ഉണർവ് ഉണ്ടാക്കിക്കൊടുക്കുന്നത് കലയാണ്. അങ്ങനെ സമൂഹത്തിന്റെ ആകെ ഉള്ളിലുണ്ടാകുന്ന മാറ്റമാണ് സംസ്കാരം. കലാസ്വാദനത്തിന് അവസരം ഇല്ലാത്ത കുഗ്രാമങ്ങളിൽ സാംസ്കാരിക പുരോഗതി കുറവാണ്, അത് ശ്രദ്ധിച്ചാൽ, കലയുടെ ആവശ്യകതയും സേവനമഹത്വവും ബോധ്യമാകും.
സമൂഹത്തെയും ഭരണത്തെയും മാറ്റാൻമാത്രം ശക്തമായ ആ ആയുധമുപയോഗിച്ച്, സാംസ്കാരികാധഃപതനം സൃഷ്ടിക്കുന്ന കലാശിൽപ്പികൾ സാമൂഹ്യദ്രോഹം ആണ് ചെയ്യുന്നത്. ലാഭമോഹം മാത്രമാണ് അവർക്കുള്ളത്.
ഉണ്ണി അമ്മയന്പലം