ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാണ് ലോകത്താദ്യമായി പുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങിയത്. പണ്ഡിതന്മാരായ ആശ്രിതന്മാർ ഉണ്ടായിരുന്ന രാജകൊട്ടാരങ്ങളിലും പ്രഭുമന്ദിരങ്ങളിലും നിന്ന് ആവശ്യക്കാരായ ഉന്നതന്മാർക്ക് മാത്രം പുസ്തകങ്ങൾ കൊടുത്തുപോന്ന ഏർപ്പാട് തുടങ്ങിയത് പിന്നീടാണ്.
ഒരർഥത്തിൽ മറ്റൊരു വിദ്യാലയമാണ് ഗ്രന്ഥശാലകൾ. ഗ്രന്ഥാലയമെന്ന അനൗദ്യോഗികമായ വിദ്യാലയത്തിൽ പുസ്തകങ്ങളാണ് ഗുരുക്കന്മാർ, കണ്ണുരുട്ടാതെയും വടി എടുക്കാതെയും പഠിപ്പിക്കുന്നവർ. ഏതും പഠിക്കാം. കഥ കേൾക്കാം. പാടാം. നിശ്ചിതസമയം ഇല്ല. വിദ്യാർഥിയുടെ സൗകര്യം അനുസരിച്ചാകാം പഠനം. നിശ്ചിതമായ പൂർവ്വയോഗ്യതകളും വേണ്ട.
കുറഞ്ഞ ചെലവിലും ചിലപ്പോൾ സൗജന്യമായും നല്ല പുസ്തകങ്ങൾ വായിക്കാൻ ഗ്രന്ഥശാലകൾ വഴിയൊരുക്കും. പുസ്തകാലയത്തിന്റെ സേവനമഹത്വം കാണേണ്ടത് ഇവിടെയാണ്. ജനങ്ങൾക്ക് ഒൗന്നത്യം ഉണ്ടാക്കുന്ന ഈ നിശബ്ദസേവനം അംഗീകരിക്കുകയാണ് സർക്കാർ ഗ്രാന്റിലൂടെ.
മാനസികമായ ഉന്നതി ഉള്ളവരും അതു നേടാൻ ആഗ്രഹിക്കുന്നവരും മാത്രമേ പുസ്തകം എടുക്കാനോ കൊടുക്കാനോ അവിടെ വരുന്നുള്ളൂ. അത്തരക്കാർ തമ്മിൽ സന്പർക്കം ഉണ്ടാക്കിക്കൊടുക്കുന്ന സാമൂഹ്യസ്ഥാപനമായി വർത്തിക്കുന്നു ഗ്രന്ഥശാല. ഈ സന്പർക്കത്തിലൂടെ വിജ്ഞാനവും വിശാലമായ ജീവിതവീക്ഷണവും മനഃശാന്തിയും അംഗങ്ങൾക്ക് കിട്ടുന്നു. ഈ ഗുണങ്ങളെല്ലാം അവരോടുള്ള സഹവർത്തിത്വംകൊണ്ട് മറ്റുള്ളവർക്കും കിട്ടുന്നു.
ഗ്രന്ഥശാലാംഗം കൊണ്ടുവരുന്ന പുസ്തകങ്ങൾ കണ്ടുകണ്ട് അവന്റെ വീട്ടിലുള്ളവർക്കും അവയൊന്ന് മറിച്ചുനോക്കാൻ തോന്നും. വായിക്കാനുള്ള താത്്പര്യം അവരിലും മുളച്ചുവരാം. വിരസത നീക്കാൻ ആഗ്രഹിക്കുന്ന അയൽക്കാരും സുഹൃത്തുക്കളും അയാളോട് പുസ്തകം ചോദിച്ചെന്നുവരാം. ഈ വായനക്കാരിലെല്ലാം, കഷ്ടിച്ച് കൂട്ടിവായിക്കാൻ അറിയുന്നവരും ഉണ്ടാകും. അവരും ക്രമേണ വായനയിൽ തത്പരർ ആകും. വായനയുടെ എല്ലാ ഗുണങ്ങളും അവർക്കു കിട്ടുന്നു. ഇങ്ങനെ, സാക്ഷരത വർദ്ധിപ്പിക്കുന്നതിൽ ഗ്രന്ഥാലയങ്ങൾക്ക് വലിയ പങ്കുണ്ട്.
സാംസ്കാരികമായ ഉന്നതിയും ഗ്രന്ഥശാലകൾ നൽകുന്നു. വായനയിലൂടെ അംഗത്തിന് കിട്ടിയ ലോകപരിചയവും ജീവിതബോധവും സ്വഭാവഗുണങ്ങളും മാനുഷികമൂല്യങ്ങളും പക്വതയും അയാളിലൂടെ കുടുംബാംഗങ്ങളിലേക്കും ബന്ധപ്പെടുന്നവരിലേക്കും കുറച്ചെങ്കിലും പകരുന്നു. അങ്ങനെ വലിയൊരുകൂട്ടം ജനങ്ങളെ സാംസ്കാരികസന്പന്നർ ആക്കാൻ ലൈബ്രറിക്ക് സാധിക്കുന്നു.
ജീവിതമാർഗം കണ്ടെത്താൻ ആ വായന ഒരുവനെ സഹായിക്കുന്നെങ്കിൽ, അയാളെ ആശ്രയിക്കുന്ന കുടുംബാംഗങ്ങൾക്കും സാമൂഹ്യ-സാന്പത്തിക പദവി ഉയരും. ഇങ്ങനെയെല്ലാം നോക്കുന്പോൾ, മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി ഗ്രന്ഥശാലകൾ ചെയ്യുന്ന സേവനം നിസ്സാരമല്ലെന്ന് കാണാം.
ഉണ്ണി അമ്മയന്പലം