സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്യാൻ ഉതകുന്ന സ്വഭാവമാണ് വിദ്യാർഥിയിൽ രൂപീകരിക്കേണ്ടത്. വീട്ടിലും, കുട്ടി ഇടപെടുന്ന രംഗങ്ങളിലും വച്ച് സ്വഭാവം രൂപപ്പെടുന്നുണ്ട്. അവയിൽ ദുഃസ്വഭാവത്തെ ഇല്ലായ്മ ചെയ്ത് സത്സ്വഭാവത്തെ കൂടുതൽ മിനുക്കിയെടുക്കുകയാണ് വിദ്യാലയത്തിൽ സാധിക്കാനുള്ളത്.
സ്വന്തം ഭാവത്തിന് സമൂഹം അംഗീകരിക്കുന്ന വിധത്തിലുള്ള മാറ്റം വരുത്താൻ പ്രധാനമായും ശ്രമിക്കേണ്ടത് വിദ്യാർഥി തന്നെയാണ്. സഹവിദ്യാർഥികളോടും ഇടപെടുന്ന എല്ലാവരോടും മനുഷ്യത്വത്തോടെ പെരുമാറാനാണ് ആദ്യം ഓരോരുത്തനും മനസു വയ്ക്കേണ്ടത്.
ചരിത്രപുരുഷന്മാരുടെ കഥകൾ വായിച്ച് നല്ല വശങ്ങൾ ഉൾക്കൊള്ളണം. ജന്തുകഥകളും പൗരാണികകഥകളും മറ്റും വായിച്ച് ജീവിതപഠനം സാധിക്കേണ്ടതും ആവശ്യമാണ്.നന്മ വളർത്തുന്നത് ആകണം കൂട്ടുകെട്ട്. തന്നിൽനിന്നുണ്ടായ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവർക്ക് ദോഷകരം ആയിത്തീർന്നോ എന്നും ആത്മപരിശോധന നടത്തുകയും വേണം. ക്ഷമ ചോദിക്കാനും തെറ്റ് തിരുത്താനും ശ്രമിക്കുന്നതുകൊണ്ട് നഷ്ടപ്പെടാൻ ഒന്നുമില്ല. മറിച്ച്, മറ്റുള്ളവരുടെ ഇഷ്ടം കൂടുതലായി കിട്ടുകയേ ഉള്ളു.
ഗുണകരമായ ശീലവും സ്വഭാവവും ഉണ്ടാക്കിയെടുക്കാൻ അനുകൂലമായ കാലമാണ് ഓരോരുത്തന്റെയും വിദ്യാലയഘട്ടം. തെറ്റും ശരിയും കണ്ടെത്താനും സത്സ്വഭാവം വളർത്താനും സഹായിക്കുന്ന സാമൂഹ്യജീവിതം വിദ്യാലയത്തിൽനിന്ന് കിട്ടും. ഏത് സ്വഭാവവും ശീലവും ഉൾക്കൊള്ളാൻ വഴങ്ങുന്നതാണ് മനസ്. തെറ്റുകളിലൂടെ ശരി കണ്ടെത്തുന്നതാണ് ആ പ്രായം.
കുട്ടികളുടെ സാമൂഹ്യജീവിതം, പ്രായം, മനസ് എന്നിവയെ പ്രയോജനപ്പെടുത്തുന്ന വിധമാകണം പാഠങ്ങളും അധ്യാപനവും. അധ്യാപകരുടെ സ്വാധീനവും മാതൃകയും കുട്ടികളിൽ ഫലം ചെയ്യും. സ്വഭാവവൈകൃതം ഏതുതരത്തിൽ ആണെന്ന് കണ്ടറിയാനും, ശിക്ഷിച്ചോ ശകാരിച്ചോ മറ്റു നടപടികൾ എടുത്തോ തിരുത്താനും അധ്യാപകർക്ക് അവസരം കിട്ടും.
അവ പരിഹരിക്കാൻ സഹായിക്കുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊടുക്കാനും, നന്മയിലേക്ക് തിരിക്കുന്ന പുസ്തകങ്ങൾ വായിപ്പിക്കാനും അധ്യാപകർ ശ്രമിക്കണം.ഗുണപാഠം പറഞ്ഞ് വിരസം ആക്കാതെ, കഥ കേൾക്കാനുള്ള താത്പര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നന്മ-തിന്മകളുടെ തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയണം.
താത്പര്യമുള്ള പലതരം പാഠ്യേതരപ്രവർത്തനങ്ങളിൽ വ്യാപൃതനാക്കിയും ശ്രദ്ധ തിരിച്ചുവിട്ടും ആത്മവിശ്വാസം വളർത്തിയും വിദ്യാർഥിയെ ദുഃസ്വഭാവത്തിൽ നിന്ന് മാറ്റാം. കുട്ടികളിലെ ദുഃസ്വാഭവത്തിന്റെ കാരണങ്ങൾ കണ്ടെത്താനും ചിലതെല്ലാം മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ തിരുത്താനും അധ്യാപകന് അവസരം കിട്ടും. കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്താൻ വിദ്യാലയത്തിൽ അല്ലാതെ മറ്റെങ്ങും അത്ര കൂടുതൽ അവസരമില്ല. അതിലൂടെ ഭാവിരാഷ്ട്രത്തെ നിലനിറുത്തുന്ന പൗരന്മാരെ സൃഷ്ടിക്കുകയാണ് വിദ്യാലയത്തിന്റെ സേവനം.
ഉണ്ണി അമ്മയന്പലം