അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ് ഇന്റർനെറ്റ്. വിവരസാങ്കേതികവിദ്യയുടെ അത്ഭുതലോകമാണ് ഇന്റർനെറ്റ് എന്നുപറയാം.
വിദ്യാഭ്യാസം, വാർത്താവിനിമയം, വാണിജ്യം തുടങ്ങി നിരവധി രംഗങ്ങളിൽ വലിയ സേവനങ്ങൾ മനുഷ്യനു നൽകാൻപോന്ന അദ്ഭുതകരമായ കംപ്യൂട്ടർ ശൃംഖലയാണ് ഇന്റർനെറ്റ്. ലോകത്താകമാനമുള്ള ലക്ഷക്കണക്കിനു കംപ്യൂട്ടറുകളെ ഒരു മാധ്യമത്തിൽ കൂട്ടിയോജിപ്പിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയെ ഇന്റർനെറ്റെന്ന് പരിഷ്കരിച്ച് വിശേഷിപ്പിക്കാം.
ആശയവിനിമയസാധ്യതകൾക്കായി ലോകം വികസിപ്പിച്ച റേഡിയോയ്ക്കും ടെലിഫോണിനും ടെലിവിഷനുംശേഷം എത്തിയ വിദ്യയാണ് ഇന്റർനെറ്റ്. ടെലിഫോണ്, ടെലക്സ്, ടെലിവിഷൻ, പോസ്റ്റൽ സർവീസ് എന്നിവയിലൂടെ കഴിയുമായിരുന്നതെല്ലാം ഇന്റർനെറ്റിലൂടെയും സാധിക്കും. ഇന്റർനെറ്റിലൂടെ ലോകം ഒറ്റ ഗ്രാമമായി ചുരുങ്ങുന്നു. വേണമെങ്കിൽ ഇതിനെ ‘ആഗോളഗ്രാമം’ എന്നു വിളിക്കാം.
ഇന്റർനെറ്റ് വിവരസാങ്കേതികവിദ്യ മനുഷ്യനു നൽകുന്ന ഗുണങ്ങളിലൊന്ന് ഇ-മെയിലാണ്. ‘മേശപ്പുറത്തെ എഴുത്തു പെട്ടി’ എന്നാണ് ഇത് അറിയപ്പെടുന്നത്. വിജ്ഞാനശേഖരണവും വിതരണവുമാണ് മറ്റൊന്ന്. അതിനു ‘വേൾഡ് വൈഡ് വെബ്’ എന്നാണ് പറയുക. ലോകത്താകമാനമുള്ള കംപ്യൂട്ടറുകളിലുമുള്ള വിവരങ്ങളെ പരസപരം ലഭ്യമാക്കുന്ന വിദ്യക്കാണ് വേൾഡ് വൈഡ് വെബ് എന്നു പറയുന്നത്. ടിം ബർണേസ് ലീയാണ് ഇതിന്റെ സ്രഷ്ടാവ്.
നമുക്കാവശ്യമായ ഏതു വിവരവും ഇന്റർനെറ്റിലെ വിവിധ സൈറ്റുകൾവഴി ലഭിക്കും. പുസ്തകങ്ങൾ മാറിമാറി വായിച്ച് വിജ്ഞാനം ശേഖരിക്കുന്നതുപോലെ സൈറ്റുകളും മാറാം. ഇതിന് വെബ് ബ്രൗസിംഗ് എന്നാണ് പറയുക. ഗവേഷണത്തിനും വ്യവസായ വാണിജ്യ വിഭവസമാഹരണത്തിനുമെല്ലാം ഇന്റർനെറ്റ് നമ്മെ സഹായിക്കുന്നു.
വിവരസാങ്കേതികരംഗത്തും വിജ്ഞാനസമാർജനരംഗത്തും ഇന്റർനെറ്റും അതിന്റെ അനുബന്ധഘടകങ്ങളും സംഭാവനചെയ്യുന്നത് അദ്ഭുതം ജനിപ്പിക്കുന്ന കാര്യങ്ങൾതന്നെയാണ്. ഗുണപരമായ ഇന്റർനെറ്റ് വിപ്ലവം അതുപോലെതന്നെ ദോഷവും സൃഷ്ടിക്കുന്നുണ്ട്. മനുഷ്യന്റെ ജീവിതശൈലിയെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഇന്റർനെറ്റിലൂടെ വ്യക്തിത്വഹാനികരമായ പലതും കടന്നുവരാം.
എന്തുതരം വാർത്തയും ചിത്രവും ഇന്റർനെറ്റുവഴി ലഭ്യമാകുന്നതിനാൽ അശ്ലീലചിത്രങ്ങളും വ്യാജ വാർത്താക്കുറിപ്പുകളും ഇതുവഴി പ്രചരിപ്പിക്കുന്നുണ്ട്. ഇവ യുവജനതയെയാണ് ഹഠാദാകർഷിക്കുന്നത്. ഗുണവും ദോഷവും മിശ്രമാവാത്ത സാങ്കേതികവിദ്യ ഒന്നുമില്ല. അതിനാൽ ഗുണകരമായ വസ്തുതകൾ സ്വീകരിക്കുന്നതാണ് യുക്തം. എന്തായാലും ഇന്റർനെറ്റ് വിവരസാങ്കേതികവിദ്യ വിജ്ഞാനരംഗത്ത് വിസ്ഫോടനംതന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഉണ്ണി അമ്മയന്പലം