ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനുഷ്യന്റെയും ജീവന് ആധാരമായ ഭക്ഷണം കഴിക്കുന്പോൾ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമാണോ അതോ ദോഷകരമായി ബാധിക്കുന്ന ഭക്ഷണമാണോ നാം ശീലിക്കേണ്ടതെന്ന് ചിന്തിക്കേണ്ട സമയമാണിത്.
ഇന്നത്തെ മലയാളിയുടെ ആഹാരരീതി ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നവയാണ്. ഒരേ എണ്ണയിൽ പലവട്ടം വറുത്തെടുത്ത കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അസുഖങ്ങളെ ക്ഷണിച്ചുവരുത്തും എന്നു തീർച്ച. പഫ്സ്, പീറ്റ്സ, ബർഗർ തുടങ്ങിയ ആധുനിക ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികളും മുതിർന്നവരും സ്ഥിരമായി കഴിക്കുന്നതുമൂലം നമ്മുടെ ശരീരത്തിലെ, പ്രത്യേകിച്ച് വയറിനുള്ളിലെ ഉപകാരപ്രദമായ സൂക്ഷ്മജീവികൾ നശിച്ചുപോകുന്നു. ഇത് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കും.
അതുകൊണ്ട് നമ്മുടെ ശരീരത്തിലെ ഉപകാരികളായ സൂക്ഷ്മജീവികളെ സംരക്ഷിച്ചേ മതിയാകൂ. ഇതിനായി വീട്ടിലുണ്ടാക്കുന്ന തൈര്, അപ്പം, ദോശ, ഇഡ്ഢലി, ഉപ്പിലിട്ട മാങ്ങ, കപ്പളങ്ങ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാം. നാരുകലർന്ന ഭക്ഷ്യവസ്തുക്കൾ ദൈനംദിന ഭക്ഷണത്തിൽ ഒരത്യാവശ്യഘടകമെന്ന നിലയിൽ ഉൾപ്പെടുത്തുക.
കോളയും പഫ്സും മറ്റു “ജങ്ക് ഫുഡ്സു”മൊക്കെ സ്ഥിരമായി കഴിക്കുന്നതു നമ്മുടെ ശരീരത്തിനു തീർച്ചയായും ദോഷം ചെയ്യുന്നു. ജങ്ക് ഫുഡുകൾക്ക് സ്കൂളുകളിലും പരിസരത്തും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പുറത്ത് ഇവ യഥേഷ്ടം ലഭ്യമാണ്. തുടർച്ചയായി ഇത്തരം ഭക്ഷ്യവസ്തുക്കൾ കഴിക്കുന്ന ആളെ സംബന്ധിച്ച് ഉപകാരികളായ സൂക്ഷ്മാണുക്കളുടെ അഭാവം രോഗകാരണമാകാൻ സാധ്യതയുണ്ട്.
കടകളിൽ നിന്നു വാങ്ങി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിനേക്കാൾ അധികം മായം കലർന്നിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കീടനാശിനികൾ കലർന്ന പച്ചക്കറികൾ, മായം ചേർന്ന മത്സ്യം, മാംസം എന്നിവ നമ്മുടെ തീൻമേശകളിൽ വിഷം പുരട്ടുന്നു. ദൈവത്തിന്റെ സ്വന്തം നാട് അർബുദത്തിന്റെയും നാടായി മാറുന്നതിൽ ഇവ വലിയ പങ്കു വഹിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും മത്സ്യങ്ങളിലും എത്രത്തോളം വിഷമാണ് കലർന്നിട്ടുള്ളത്.
ഇതിനൊരേയൊരു പരിഹാരമേയുള്ളൂ. വീട്ടിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുക. കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ വഴി വിഷ വിമുക്തമായ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ എത്തുന്നു. ജങ്ക് ഫുഡിനു പിന്നാലെ പോകാതെ ഇത്തരം ഭക്ഷണങ്ങളിലേക്കു നമുക്കു മാറാം. പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നവർ അവ പാകം ചെയ്യുന്നത് വൃത്തിയുള്ള അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തണം. നാവിന് രുചിയുള്ള എന്തും ഏതും കഴിക്കുന്ന ശീലം മാറ്റി ആരോഗ്യമുള്ള ഭക്ഷണം എന്ന ശീലത്തിലേക്ക് മലയാളികൾ മാറേണ്ട സമയം അതിക്രമിച്ചു. അതുകൊണ്ട് ലോകത്തിനു മുഴുവൻ മാതൃകയാകുന്ന ഭക്ഷണശിലത്തിലേക്കു നമുക്ക് മാറാം.
ഉണ്ണി അമ്മയന്പലം